KeralaLatest NewsNews

കൈതോല പായയില്‍ നായികയെ കടത്തിയത് സിനിമയില്‍ കാണാം, നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടെത്തിയത് പിണറായി വിജയന്‍

ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും: കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയനെതിരായ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ എറണാകുളത്ത ദേശാഭിമാനി ഓഫീസില്‍ വച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടി ഇരുട്ടിന്റെ മറവില്‍ കാറില്‍ കൊണ്ടുപോയെന്നതും പിണറായിയുടെ വലംകൈയായിട്ടുള്ള ഭൂമാഫിയ 1500 ഏക്കര്‍ സ്വന്തമാക്കിയെന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലും അടിയന്തരമായി അന്വേഷിക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേരളത്തെ മൊത്തക്കച്ചവടം ചെയ്യുന്ന പിണറായിയുടെ മലപോലെയുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രമാണീ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം ആരോപിച്ചു.

Read Also:  അഹങ്കാരിയാകരുത്, അഖിൽ മാരാരുടെ ഭാവിയെക്കുറിച്ച് ഹരി പത്തനാപുരം

‘വ്യാജപരാതികളുടെ അടിസ്ഥാനത്തില്‍ തനിക്കും പ്രതിപക്ഷ നേതാവിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരേ ഉടനടി കേസെടുക്കുന്ന കേരള പോലീസിന് ജി ശക്തിധരന്റെ ആധികാരികമായ വെളിപ്പെടുത്തലുകളെ അവഗണിക്കാനാകില്ല. ദേശാഭിമാനിയുടെ ഉന്നതപദവിയിലിരുന്നപ്പോള്‍, ദേശാഭിമാനിയുടെ കൊച്ചിയിലെ ഓഫീസില്‍ നടന്ന കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ പണം അദ്ദേഹം കൂടി എണ്ണി തിട്ടപ്പെടുത്തുകയും അതു പൊതിഞ്ഞുകൊണ്ടുപോകാന്‍ കൈതോലപ്പായ വാങ്ങിക്കൊണ്ടുവരുകയും ചെയ്തു. ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോള്‍ ഇപ്പോഴത്തെ ഒരു മന്ത്രിയും കൂടെയുണ്ടായിരുന്നു. ഇത്രയും കൃത്യമായ വിശദാംശങ്ങളോടു കൂടിയ ഒരു വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. ആ പണം ഇരുട്ടില്‍ അപ്രത്യക്ഷമായെന്നും വെളിപ്പെടുത്തലിലുണ്ട്’.

‘മറ്റൊരു സംഭവത്തില്‍ ഒരു പണക്കാരന്‍ നല്‍കിയ 20 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപയും ഇതുപോലെ ഇരുട്ടില്‍ അപ്രത്യക്ഷമായി. കോവളം ഹോട്ടലില്‍ വച്ച് ഈ പണക്കാരന്‍ രണ്ടു പായ്ക്കറ്റുകളില്‍ പണം പിണറായി ഏല്പിച്ചു. ഇതില്‍ ഒരു പായ്ക്കറ്റ് പണം രാത്രി 11 മണിക്ക് പിണറായി പാര്‍ട്ടി ഓഫീസില്‍ ഏല്പിച്ച് മറ്റൊരു പായ്ക്കറ്റുമായി നേരെ എതിര്‍വശത്തുള്ള സ്വന്തം ഫ്ളാറ്റിലേക്കു പോയി. ഇതുപോലെയുള്ള നിരവധി സംഭവങ്ങളുണ്ടെന്നും ശക്തിധരന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കു ലഭിക്കേണ്ടിയിരുന്ന ഈ പണമെല്ലാം എവിടെപ്പോയിയെന്നത് പാര്‍ട്ടിക്കുപോലും അറിയാത്ത വലിയൊരു ചോദ്യചിഹ്നമാണ്. എന്നാല്‍ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സന്ധ്യാ രവിശങ്കര്‍ എന്ന മാധ്യമ പ്രവര്‍ത്തക പുറത്തുകൊണ്ടു വന്നിട്ടുണ്ട്.

‘വിഎസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവനായി മുദ്രകുത്തിയ പിണറായിയുടെ വലംകൈ ഫാരിസ് അബുബക്കര്‍, ശോഭ ഡവലപ്പേഴ്സ് എന്നിവരുമായി ചേര്‍ന്ന് 1500 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയിട്ടുണ്ട് എന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രേഖകള്‍ സഹിതം പുറത്തുവന്നത്. കേരളത്തെ കൊള്ളയടിച്ച ഈ ഇടപാടും അന്വേഷണ വിധേയമാക്കണം’, സുധാകരന്‍ ആവശ്യപ്പെട്ടു.

‘കൈതോല പായയില്‍ നായികയെ തട്ടിക്കൊണ്ടു പോകുന്നതൊക്കെ സിനിമയില്‍ മാത്രമാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. അതില്‍ കെട്ടുകണക്കിന് നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടുപിടിച്ചത് പിണറായിയാണ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയതുപോലുള്ള നിത്യനൂതനങ്ങളായ എത്രയെത്ര കണ്ടുപിടിത്തങ്ങളുടെ പേറ്റന്റാണ് ഈ നേതാവിനുള്ളത്. കണ്ണൂരില്‍ സമകാലീനരായി പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് ഇതിലപ്പുറമുള്ള കാര്യങ്ങളറിയാം. ഇരുട്ടിനെ സ്നേഹിക്കുകയും ഇരുട്ടിന്റെ മറവില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരുട്ടിന്റെ സന്തതിയായി ചരിത്രം രേഖപ്പെടുത്താന്‍ പോകുന്ന നേതാവാണിത്’, സുധാകരന്‍ അഭിപ്രപായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button