KeralaLatest NewsNews

യുവാവിന്റെ കൊലയ്ക്ക് പിന്നില്‍ ഭാര്യ നിഷ

വിനോദിന്റെ കൊലയില്‍ കലാശിച്ചത് നിഷയുടെ മണിക്കൂറുകളോളം നീളുന്ന മൊബൈല്‍ ഫോണിലുള്ള സംസാരം

തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭാര്യ നിഷയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് (42) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണത്തിന് കാരണം കത്തി കൊണ്ട്‌ കുത്തേറ്റതാണെന്ന് കണ്ടെത്തിയതോടെ,  അന്വേഷണം ഭാര്യ നിഷയിലേയ്ക്ക് നീളുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് .

Read Also: ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ്, തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഭാര്യയുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. നിഷയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്നു വിനോദ്. ഇരുവരും ഇതേചൊല്ലി കലഹിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു.

സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ് നിഷ ഫോണ്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്തു. ഫോണിനായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഫോണ്‍ ആവശ്യപ്പെട്ട വിനോദിന് നിഷ ഫോണ്‍ നല്‍കിയില്ല. ബലപ്രയോഗത്തിലൂടെ നിഷയില്‍ നിന്ന് ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ മല്‍പിടുത്തം നടന്നു. പിടിവലിക്കിടയില്‍ നിഷയുടെ കൈപിടിച്ച് തിരിച്ചതിനാല്‍ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചില്‍ കുത്തേറ്റ വിനോദ് കട്ടിലിലേക്ക് ഇരുന്നു. പെട്ടെന്ന് തന്നെ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതിനാല്‍ വിനോദിന് ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളര്‍ന്നു പോവുകയുമായിരുന്നു. അതിനിടെ, ശബ്ദമൊന്നും കേള്‍ക്കാതായതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്റെ മാതാവ് വന്നന്വേഷിച്ചപ്പോള്‍ ഇരുവരേയും പ്രശ്‌നമൊന്നുമില്ലാത്ത രീതിയില്‍ കണ്ടതിനാല്‍ തിരിച്ചു പോവുകയായിരുന്നു. എന്നാല്‍, ഈ സമയത്തൊക്കെയും വിനോദിന് രക്തസ്രാവം ഉണ്ടായിരുന്നു. രക്തം നില്‍ക്കാത്തതിനാല്‍ വണ്ടി വിളിച്ച് നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വിനോദ് മരിക്കുകയായിരുന്നു.

വിനോദിന്റെ സംശയാസ്പദമായ രീതിയിലുള്ള മരണത്തെ തുടര്‍ന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു അന്വേഷണം നടത്തി. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്റെ അഭിപ്രായവും കൊലപാതകമാവാം എന്നതായിരുന്നു. പരിസരവാസികളോടും ബന്ധുക്കളോടും നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് കണ്ടെത്തി.

വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാല്‍ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.

മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോള്‍ ആദ്യമൊക്കെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടില്‍ ഉറച്ചുനിന്ന ഇവര്‍ ഒടുവില്‍ നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാന്‍ കാരണമെന്ന് നിഷ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button