Latest NewsKeralaNewsIndia

കേരളത്തിലേക്ക് വരാൻ പേടിയാകുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ല: സർക്കാർ എവിടെ? – നടി ഐശ്വര്യ

ചെന്നൈ: സ്ത്രീകൾക്ക് കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് നടി ഐശ്വര്യ ഭാസ്കരൻ. യുവാക്കൾ പ്രണയിക്കുന്ന പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിച്ചു കത്തിക്കുന്നതും സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നതും നിത്യ സംഭവമായ കേരളത്തിൽ നീതിയും നിയമവും പുലരുന്നില്ല എന്ന് ഐശ്വര്യ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ആളുകൾ വോട്ട് ചെയ്തു വിജയിപ്പിച്ചു വിടുന്ന സർക്കാർ ഇത്തരം പ്രശ്നങ്ങളിൽ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും, സ്ത്രീകൾക്ക് സുരക്ഷിതത്വമുള്ള നാടാണ് തമിഴ്‌നാടെന്നും ഐശ്വര്യ പറഞ്ഞു. തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഐശ്വര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘നിങ്ങളോട് ഒരു കാര്യം പങ്കുവയ്ക്കാൻ വേണ്ടിയാണു ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ചെറുപ്പകാലത്ത് ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകൾക്ക് ഞാൻ കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോൾ കേട്ട വാർത്തകൾ എന്നെ ശരിക്കും ഭയപ്പെടുത്തി. തുടർച്ചയായി ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം അവധി കിട്ടിയപ്പോൾ ഞാൻ തിരുവനന്തപുരത്ത് അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ഇക്കാര്യം സീരിയൽ ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ അവർ പറഞ്ഞത് ഷൂട്ടിങ് ഉള്ളതുകൊണ്ട് കാർ ഒന്നും ഒഴിവില്ല എന്നായിരുന്നു.

അങ്ങനെ ഞാൻ ഓട്ടോയിൽ പോകാൻ തീരുമാനിച്ചു. രാവിലെ എന്റെ നിത്യ പൂജകൾ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കിൽ അമ്പലങ്ങൾ സന്ദർശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയും. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാൻ കാര്യം പറഞ്ഞു. ഞാൻ അവിടെ വന്നത് മുതൽ എനിക്ക് സഹായത്തിനായി വരുന്ന ആളാണ് അത്. രാവിലെ ഒരു ഓട്ടോ കിട്ടാൻ സഹായിക്കണം എന്നും പറഞ്ഞു. ഉടൻ തന്നെ അവൻ എന്നോട് പറഞ്ഞു, ‘‘മാഡം സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കിൽ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല’’. ഞാൻ ചോദിച്ചു, ‘‘നീ എന്താണ് പറയുന്നത് ഞാൻ ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെ’’. അപ്പോഴാണ് ഇവിടെ നടന്ന കുറെ കാര്യങ്ങളെക്കുറിച്ച് എന്നോട് അവൻ പറയുന്നത്.

എന്നിട്ട് അവൻ എന്നോട് ഭയപ്പെടുത്തുന്ന ചില കഥകൾ പറയുകയായിരുന്നു. സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരനായ ഭർത്താവ് മൂലം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിനു കാരണമായത്, സ്ത്രീധന പ്രശ്‌നങ്ങൾ മൂലം പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും. ഇങ്ങനെയുള്ള കാര്യങ്ങൾ ഞാനും ചാനലുകളിൽ കണ്ടിരുന്നു. ഈ സംഭവങ്ങൾ അങ്ങേയറ്റം ഭയാനകമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ എവിടെ എന്നാണ് ഞാൻ ചോദിക്കുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ തനിച്ച് യാത്ര ചെയ്യാൻ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണ്. ഞാൻ അവനോടു ചോദിച്ചു എന്തുകൊണ്ടാണ് സർക്കാർ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത്. അവൻ പറഞ്ഞത് അങ്ങനെയൊരു സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരിക്കുന്നത്. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കിൽ ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്തേ മതിയാകൂ’, ഐശ്വര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button