Latest NewsKeralaNews

അഫ്സാന ‘തലയ്ക്കടിച്ചു കൊന്ന’ ഭർത്താവ് ജീവനോടെ! നൗഷാദ് തിരോധാനക്കേസിൽ വീണ്ടും വഴിത്തിരിവ്, പിതാവിന്റെ മൊഴി ഇങ്ങനെ

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദ് തിരോധാന കേസിൽ വീണ്ടും ട്വിസ്റ്റ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന ലഭിച്ചതോടെ നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്ന നിഗമനത്തിലാണ് പൊലീസ്. നൗഷാദിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, കൊലപാതക സാധ്യത പൂർണമായി തള്ളിക്കളയുന്നുമില്ലെന്നും പൊലീസ് അറിയിച്ചു.
പ്രതിയായ ഭാര്യ അഫ്‌സാന നിരന്തരമായി മൊഴിമാറ്റിപ്പറയുകയും പരിശോധനകളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്താനാവാതിരിക്കുകയും ചെയ്തതോടെ കേസ് വഴിമുട്ടി നിൽക്കുകയായിരുന്നു. അഫ്‌സാന ഇപ്പോള്‍ റിമാന്‍ഡിലാണ്. അഫ്‌സാനയ്ക്ക് മാനസികപ്രശ്‌നങ്ങളില്ലെന്നു തന്നെയാണ് പോലീസിന്‍റെ വിലയിരുത്തല്‍.

നൗഷാദിനെ കൊന്നെന്നും സമീപത്തുള്ള ആരാധനാലയത്തിന്റെ സെമിത്തേരിയില്‍ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു അഫ്സാനയുടെ കുറ്റസമ്മതം. ഇതനുസരിച്ച് അഫ്സാനയെ പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിച്ച വീട്ടിലെത്തിച്ചു. സമീപത്തെ സെമിത്തേരിയില്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ അഫ്‌സാന വീണ്ടും മൊഴിമാറ്റി. മൃതദേഹം ആറ്റില്‍ കൊണ്ടുചെന്ന് ഒഴുക്കിയെന്നാക്കി. എന്നാല്‍, സമീപത്തെങ്ങും ആറില്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വീടിനുള്ളില്‍ കുഴിയെടുത്ത് അതിനുള്ളിലിട്ടെന്ന് പറഞ്ഞത്. ഇതനുസരിച്ച് വീടിനുള്ളില്‍ പോലീസ് രണ്ടിടത്തായി അഫ്സാനയുടെ സാന്നിധ്യത്തില്‍ കുഴിയെടുത്തെങ്കിലും ഒന്നും കിട്ടിയില്ല.

അതിനിടെ, നൗഷാദിന് എന്തുസംഭവിച്ചെന്ന് കണ്ടുപിടിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. അഫ്‌സാന വീട്ടിലും ഇതുപോലെയായിരുന്നു പെരുമാറിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ പറഞ്ഞതാവില്ല പിന്നെ പറയുക. എന്തെങ്കിലും മാനസികപ്രശ്‌നമുണ്ടോ എന്നത് അഫ്‌സാനയുടെ രക്ഷിതാക്കള്‍ക്കേ അറിയൂ. അവരുമായി തങ്ങള്‍ക്ക് ബന്ധമില്ല. അഫ്‌സാന കൈക്കുഞ്ഞിനെയൊക്കെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും നൗഷാദിന്റെ പിതാവ് അഷ്‌റഫ് പറഞ്ഞു.
കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതിരിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ ശീലങ്ങള്‍ അഫ്‌സാനയ്ക്കുണ്ടായിരുന്നെന്ന് നൗഷാദിന്റെ മാതാവും പറയുന്നു. മുറിയില്‍ ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം കാണിക്കുന്ന ചുവരെഴുത്തുകളും വരകളുമുണ്ടായിരുന്നു. അഫ്‌സാന എഴുതിയവയായിരുന്നു അതെല്ലാം.അഫ്‌സാനയ്ക്ക് മാനസിക പ്രശ്‌നമുള്ളതായി നൗഷാദിന്റെ മാതാവും സംശയം പ്രകടിപ്പിച്ചു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button