KeralaLatest NewsNews

അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം: സന്ദീപ് വാര്യർക്ക് ജയരാജന്റെ മറുപടി

തലശ്ശേരി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. ജയരാജന് പരോക്ഷമായി മറുപടി നൽകി സന്ദീപ് ജി വാര്യർ രംഗത്ത് വന്നതോടെ വിഷയം സോഷ്യൽ മീഡിയകളിലും ചർച്ചയായി. ഇപ്പോഴിതാ, സന്ദീപ് വാര്യർക്ക് മറുപടി നൽകിയിരിക്കുകയാണ് പി ജയരാജൻ. തന്നെ കാണാൻ ആർക്കും കണ്ണൂരേക്ക് വരാമെന്ന് ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു. യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരുമെന്ന സന്ദീപ് വാര്യരുടെ പോസ്റ്റിന് മറുപടി നൽകുകയായിരുന്നു ജയരാജൻ.

‘എന്നെ കാണാന്‍ ആര്‍ക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോള്‍ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം’, ജയരാജൻ സന്ദീപിന് മറുപടിയായി കുറിച്ചു.

അതേസമയം, യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് താന്‍ പറഞ്ഞതെന്ന് ജയരാജൻ ന്യായീകരിച്ചു. സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്ന് തന്നെ എതിർക്കുമെന്നും, ആ കാരണത്താല്‍ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്‍.എസ്.എസ് കരുതേണ്ടെന്നും അദേഹം പറഞ്ഞു.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ദൈവ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആര്‍ക്കും അവരവരുടെ മതവിശ്വാസം പുലര്‍ത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്. പക്ഷേ ഭൂരിപക്ഷം ഈശ്വര വിശ്വാസികള്‍ ജീവിക്കുന്ന രാജ്യത്തും , ഒരു പരീക്ഷയില്‍ പ്രപഞ്ചത്തെ കുറിച്ചുള്ള ചോദ്യം വന്നാല്‍ ,മതവിശ്വാസം മുന്നോട്ട് വെക്കുന്ന പ്രപഞ്ച സങ്കല്പം ആരും ഉത്തരമായി എഴുതില്ല. കാരണം ,യുക്തിസഹമായ ശാസ്ത്രീയ വിശദീകരണം അവിടെ ആവശ്യമാണ്. വിശ്വാസ തലവും പ്രായോഗിക തലവും തമ്മില്‍ യുക്തി സഹമായ ഈ അതിര്‍ വരമ്പുണ്ട്. ഒരു കാല്‍ ഭൂമിയില്‍ ഉറച്ചു വച്ചും മറു കാല്‍ പകുതിമാത്രം ഭൂമിയില്‍ തൊടുന്ന നിലയില്‍ പിണച്ചു വച്ചും നില്‍ക്കുന്ന ശ്രീ കൃഷ്ണന്റെ വിഗ്രഹങ്ങളുടെ നില്‍പ്പിനെ കുറിച്ച് മനോഹരമായൊരു ആഖ്യാനമുണ്ട്. ‘ഭൗതികതയില്‍ ഉറച്ച് നില്‍ക്കുക – ആത്മീയതയില്‍ തൊട്ട് നില്‍ക്കുക എന്ന്’.
നിര്‍ഭാഗ്യവശാല്‍ നേര്‍വിപരീതമാണ് നമ്മുടെ നാട്ടില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

പൗരന്മാരില്‍ ശാസ്ത്ര ചിന്തകള്‍ വളര്‍ത്തുക എന്നത് നമ്മുടെ ഭരണ ഘടനാ പ്രകാരം മൗലിക കര്‍ത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണ ഘടന കാക്കേണ്ടുന്ന പ്രധാന മന്ത്രി ‘ഗണപതിയുടെ തല മാറ്റി വച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന് ‘ ഗൗരവകരമായ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. അതിനെ ആ കാലത്ത് തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശാസ്ത്ര സമൂഹവും ഉല്‍പതിഷ്ണുക്കളും വിമര്‍ശിച്ചിട്ടുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും രാജ്യ പ്രധാന മന്ത്രിയുടെ ഈ പരിഹാസ്യമായ പ്രസ്താവന വാര്‍ത്തയാക്കി. ഇത് മാത്രമല്ല പുഷ്പക വിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പല തരം മണ്ടത്തരങ്ങള്‍ പ്രധാന മന്ത്രി പൊതുപരിപാടിയില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കര്‍ സഖാവ് എ. എന്‍ ഷംസീര്‍ കുട്ടികള്‍ക്കുള്ള ഒരു പൊതുപരിപാടിയില്‍ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമര്‍ശിച്ചത്, ശാസ്ത്രീയമായ വീക്ഷണമാണ് അവതരിപ്പിച്ചത്. അതില്‍ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാന്‍ ഇടയില്ല, അതിന്റെ ആവശ്യവുമില്ല. വിശ്വാസവും വിശ്വാസത്തെ മറയാക്കിയുള്ള മുതലെടുപ്പുകളും നന്നായി അറിയുന്നവരാണ് മലയാളികള്‍.
സഖാവ് ഷംസീറിനെതിരെ യുവമോര്‍ച്ചക്കാര്‍ ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല’ എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍ സ്വയം ഉപമിക്കുന്നത്.അതേതായാലും ആ യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് ഞാന്‍ പറഞ്ഞതും. സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിര്‍ക്കും. ആ കാരണത്താല്‍ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്‍.എസ്.എസ് കരുതേണ്ട. പിന്നെ എന്നെ കാണാന്‍ ആര്‍ക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ ,പെരുന്നാളിനോ,ക്രിസ്തുമസിനോ എപ്പോള്‍ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button