KeralaLatest NewsNews

ഷംസീർ ഹിന്ദുവിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവന സ്പീക്കർ എ.എൻ ഷംസീർ പിൻവലിച്ച് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി ഉന്നയിച്ച ആവശ്യം സമൂഹത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന മറ്റ് സംഘടനകളും ഏറ്റെടുത്തിരിക്കുകയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്തേതിന് സമാനമായ എതിർപ്പാണ് ഷംസീറും സിപിഎമ്മും നേരിടുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ, എഎൻ ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കി കേരളത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ആരോപിച്ചു. മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനാണ് സിപിഎം ഇതിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും മുസ്ലിം സമുദായത്തിലെ ആചാരങ്ങളെ പരസ്യമായി പിന്തുണച്ച് സംസാരിക്കുന്ന ഷംസീർ ഹിന്ദുക്കളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

‘പരമ നിന്ദയാണ് ഷംസീർ നടത്തിയത്. കോടാനുകോടി ജനങ്ങളുടെ വിശ്വാസമാണ് ഗണപതി. അതിനെ മിത്തെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സ്വന്തം മതത്തിനെ വിമർശിക്കാൻ ഷംസീർ തയ്യാറാകുമോ? ഗണപതിയെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്നത് മതനിരപേക്ഷ സമൂഹം അംഗീകരിക്കില്ല. എകെ ബാലൻ അല്ല ഹിന്ദുമതത്തിന്റെ അതോറിറ്റി. എവി ഗോവിന്ദൻ പരസ്യമായി ഷംസീറിനെ പിന്തുണയ്ക്കുകയാണ്. തുടർച്ചയായി ഹിന്ദുക്കളെ ആക്ഷേപിച്ച് വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നത്.

കോൺഗ്രസ് നേതാക്കൾ ഇരട്ടത്താപ്പാണ് നടത്തുന്നത്. മുസ്ലിംലീഗിനെയും ജമാഅത്തെ ഇസ്ലാമിയേയും ഭയപ്പെട്ടിട്ടാണോ കോൺഗ്രസ് ശക്തമായ ഒരു നിലപാട് എടുക്കാത്തത്? ഷംസീർ അദ്ധ്യക്ഷനാവുന്ന നിയമസഭയിൽ എന്താകും കോൺഗ്രസിന്റെ നിലപാട്? ഹിന്ദു എന്നാൽ ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല. നിയമസഭയ്ക്ക് പുറത്ത് സ്പീക്കർക്കെതിരെ ബിജെപി ശക്തമായ സമരം നടത്തും. ശബരിമലയിൽ തുല്ല്യതയ്ക്ക് വേണ്ടി രംഗത്ത് എത്തുകയും മുത്തലാഖിലും പൊതു സിവിൽ നിയമത്തിലും മൗനം പുലർത്തുകയും ചെയ്യുന്ന ആക്ടിവിസ്റ്റികളോട് പുച്ഛം മാത്രം. ഇടത് അനുകൂല വനിതാ ആക്ടിവിസ്റ്റുകൾക്ക് ഇരട്ടത്താപ്പാണ്. എൻഎസ്എസ്സിന്റെത് വിശ്വാസികളുടെ നിലപാടാണ്. വിശ്വാസ സംരക്ഷണ നിലപാടിനെ ബിജെപി പിന്തുണയ്ക്കും. നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിൽ നേതാക്കളും അണികളും എന്നില്ല. വിശ്വാസികൾക്ക് എല്ലാവർക്കും പങ്കെടുക്കാം. ആലുവയിൽ അഞ്ചുവയസുകാരി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നിട്ട് മുഖ്യമന്ത്രി നാവനക്കിയിട്ടില്ല. ഹരിയാനയിൽ ട്രെയിൻ സീറ്റിന്റെ പേരിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ ഖജനാവിലെ 10 ലക്ഷം എടുത്ത് കൊടുത്ത മുഖ്യമന്ത്രി ഒരു ലക്ഷം രൂപയാണ് കൊച്ചുകുഞ്ഞിന് പ്രഖ്യാപിച്ചത്. ഇത്രയും ശിലാഹൃദയനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല’, കെ. സുരേന്ദ്രൻ പറഞ്ഞു.

പിഎഫ്ഐ നിരോധനം നടന്നപ്പോൾ അവരോട് മൃദുസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. എൻഐഎ ഗ്രീൻവാലി കണ്ടുകെട്ടിയത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴും പിണറായി സർക്കാർ അവരെ സംരക്ഷിക്കുകയാണ്. കേരള പൊലീസാണ് പിഎഫ്ഐയെ സഹായിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button