Latest NewsIndia

ആർ ബിന്ദു ഇടപെട്ട ആർട്‌സ് ആന്റ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ നിയമനം: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ഇന്ന് നിർണായകം. വിവാദമായ കോളേജ് പ്രിൻസിപ്പൽ നിയമനകേസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരി​ഗണിക്കും. കഴിഞ്ഞ ദിവസം ട്രിബ്യൂണൽ പ്രധാന രേഖകൾ അഡീഷനൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. കൂടാതെ അന്തിമപട്ടിക കരട് പട്ടികയാക്കാൻ ഉന്നതവിദ്യാസ മന്ത്രി നിർദ്ദേശിച്ചുള്ള ഫയലും സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാർട്ട്മെൻറൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്സും ഹാജരാക്കാനും ട്രിബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു.

അനധികൃത ഇടപെടൽ നടത്തിയ മന്ത്രി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുമ്പോൾ ട്രിബ്യൂണൽ നിലപാട് നിർണ്ണായകമാണ്. പരാതി തീർപ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആ‌ർ ബിന്ദുവിന്റെ വിശദീകരണം. പ്രിൻസിപ്പൽ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാർ.

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുട‍‍‍‍‍ർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉൾക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപീകരണത്തിന്‍റെ കാരണം ഈ ഇടപെടലായിരുന്നു.

ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12നാണ് മന്ത്രി ആർ ബിന്ദു ഫയലിൽ എഴുതിയത്. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകി.

യുജിസി റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല. മന്ത്രിയുടെ നിർദേശ പ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.

43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതികൾ തീർപ്പാക്കാനാണ് കൂടുതൽ പേരെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button