Latest NewsKeralaNews

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പൊതുസിവിൽക്കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ-പ്രതിപക്ഷങ്ങൾ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൗരത്വഭേദഗതി നിയമത്തിനെതിരെയും കാശ്മീരിലെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിനെതിരെയും നിയമസഭ പ്രമേയം പാസാക്കിയിരുന്നുവെന്നും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടി നിയമസഭയെ ഉപയോഗിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ് എന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തിന്റെ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ് സിപിഎമ്മും കോൺഗ്രസും ചെയ്യുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ, പാർലമെന്റ് ചർച്ച പോലും ചെയ്യാത്ത പൊതുസിവിൽക്കോഡിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ് എന്നും വിമർശിച്ചു. കരട് ബില്ല് പോലും വരാത്ത ഒരു നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയുടെ വിലപ്പെട്ട സമയം അപഹരിച്ച് പ്രതിഷേധിക്കുന്ന എൽഡിഎഫും യുഡിഎഫും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

‘പൊതുസിവിൽക്കോഡിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന ഇഎംഎസിനെ പിണറായി വിജയനും സിപിഎമ്മും നിയമസഭയിൽ പരസ്യമായി തള്ളിപറഞ്ഞിരിക്കുകയാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് മുമ്പിൽ സിപിഎം പൂർണമായും മുട്ടുമടക്കി കഴിഞ്ഞു. ഗണപതി അവഹേളനത്തിനെതിരെ നിയമസഭയിൽ ഒരക്ഷരം പോലും മിണ്ടാത്ത കോൺഗ്രസ് പൊതുസിവിൽക്കോഡിനെതിരെ മുതല കണ്ണീർ ഒഴുക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്.

ഹിന്ദുക്കളെ പിന്നിൽ നിന്നും കുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ്-സിപിഎം കൂട്ടുകെട്ടിന് പാലമായി പ്രവർത്തിക്കുന്നത് ജിഹാദി ശക്തികളാണെന്ന് വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ്-കമ്മ്യൂണൽ-കമ്മ്യൂണിസ്റ്റ് സഖ്യമായ സി ക്യൂബാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്തരം മതപ്രീണനത്തിനെതിരെ ഹിന്ദുക്കളിൽ നിന്നും മാത്രമല്ല മുസ്ലിം സമുദായത്തിലെ മതേതരവാദികളിൽ നിന്നും പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളിൽ നിന്നും വലിയ പ്രതിഷേധമുണ്ടാകും’, കെ.സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button