Latest NewsArticleNewsIndiaLife StyleTravelWriters' Corner

‘ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായൊരു ജനത, ആത്മാക്കളുറങ്ങാത്ത പ്രേതഗ്രാമത്തിലേക്ക് ‘: പ്രീദുരാജേഷ്

ജയ്‌സൽമീറിൽ നിന്നും രണ്ടുമണിക്കൂർ യാത്ര. ലക്ഷ്യസ്ഥാനത്തിലെ കാഴ്ചകൾ നൊമ്പരപ്പെടുത്തുന്നവയായിരുന്നു. ബാല്യത്തിലെവിടെയോ വായിച്ച പ്രേതഗ്രാമം കുൽദാരയുടെ നേർക്കാഴ്ച. മൺമറഞ്ഞു പോയൊരു ദേശത്തിന്റെയും ജനതയുടെയും അധപ്പതനം ആദ്യകാഴ്ചയിൽത്തന്നെ ആ ഭൂപ്രകൃതിയിൽ നിന്നും വായിച്ചെടുക്കാം. ഒരു ജനതയുടെ തകർച്ച ഒരു പ്രദേശത്തിന്റേതുമാണ്. അഞ്ഞൂറുവർഷങ്ങൾക്കുമേൽ പഴക്കം ചെന്ന ഗ്രാമം.

“കുൽദാര ആൻ ആർക്കിയോളോജിക്കൽ സൈറ്റ് “എന്നു പേര് പതിപ്പിച്ച മുൻ കവാടത്തിൽ, വെളുത്ത വസ്ത്രവും സാഫയും ധരിച്ച വൃദ്ധനായൊരു കാവൽക്കാരൻ സഞ്ചാരികളെ സ്വീകരിക്കാനായി കാത്തു നിൽക്കുന്നുണ്ട്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെ കുൽദാരയുടെ കവാടങ്ങൾ സഞ്ചാരികൾക്കായ് തുറന്നു കിടക്കും. ആറ് മണിയ്ക്ക് ശേഷം അകത്തേക്ക് പ്രവേശനം സാധ്യമല്ല. സന്ധ്യയാകും മുൻപേ കാവൽക്കാരനും കുൽദാരയിൽ നിന്നും മടങ്ങിയിരിക്കും.

മുൻകവാടം താണ്ടി അകത്തേക്കു സഞ്ചരിച്ചപ്പോൾ പല കാലങ്ങളായി കേട്ട കഥകൾ  കണ്മുന്നിൽ ഓരോന്നായ് തെളിഞ്ഞു വന്നു. ഒറ്റരാത്രി കൊണ്ട് ഒരു ഗ്രാമം ഇല്ലാതായ കഥ. ഒരു പെൺകുട്ടിയുടെ ആത്മാഭിമാനത്തിന്റെ കഥ. ആത്മാക്കൾ അധിവസിക്കുന്ന പ്രേതഗ്രാമത്തിന്റെ കഥ. കുൽദാരാ ഗ്രാമവാസികളുടെ പലായനത്തിന് വ്യാഖ്യാനങ്ങൾ പലതാണ്. കേട്ട കഥകളിൽ ഏത് വിശ്വസിക്കണമെന്ന സംശയം. മനസ്സ്‌ വല്ലാതൊന്നുലഞ്ഞു. നിഗൂഢ രഹസ്യങ്ങളുറങ്ങുന്ന  കുൽദാര, ആമുഖം എന്ന നിലയിൽ അഞ്ചോ ആറോ വാചകങ്ങളിൽ ഒതുങ്ങുന്ന ചെറിയൊരു വിവരണം ഗ്രാമത്തിന്റെ മുൻ ഭാഗത്ത് ഒരു ചതുരക്കല്ലിൽ സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കത്തിൽ  മാഞ്ഞു തുടങ്ങിയ അക്ഷരങ്ങൾ. എഴുത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.

അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, നിർജീവമായ അക്കൗണ്ടുകളെ കുറിച്ച് തിരയാൻ പുതിയ പോർട്ടലുമായി ആർബിഐ

“നാടോടിക്കഥകൾ അനുസരിച്ച് പാലിവാൽ ബ്രാഹ്മണർ അധിവസിച്ചിരുന്ന പുരാതന ഗ്രാമമായിരുന്നു കുൽദാരാ. പാലി മേഖലയിൽ നിന്നും കുടിയേറിപ്പാർത്ത ഇക്കൂട്ടർ കുൽദാരയ്ക്ക് ചുറ്റും എൺപത്തിനാല് ഗ്രാമങ്ങൾ നിർമ്മിച്ചു. ജയ്‌സൽമീറിലെ ശക്തനായ മന്ത്രി സലിംസിംഗിന്റെ പീഡനങ്ങളും വരൾച്ചയും ഭൂകമ്പവും, വിവിധ കാരണങ്ങളാൽ ഒരു രാത്രി കൊണ്ട് ഗ്രാമീണർ ഇവിടം ഉപേക്ഷിച്ചു.”

വിവരണം വായിച്ച ശേഷം മൺമറഞ്ഞു തുടങ്ങിയ ഗ്രാമത്തിന്റെ ശേഷിപ്പുകളിലൂടെ പതിയെ അകത്തേക്ക് നടന്നു. ജനവാസമില്ലാതെ നൂറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വീടുകളും കെട്ടിടങ്ങളും. പ്രേതഗ്രാമം കുൽദാരയുടെ ആദ്യത്തെ നൊമ്പരചിത്രം. എൺപത്തിനാലു ഗ്രാമങ്ങളിലായി അറുന്നൂറോളം വീടുകൾ, ആ വീടുകളിൽ എത്രയോ മനുഷ്യർ ഉണ്ടായിരുന്നിരിക്കാം. മരുപ്രദേശമായതിനാൽ കാലാവസ്ഥയ്ക്കനുയോജ്യമായി നിർമ്മിച്ച വീടുകൾ. കാറ്റ് വീടിനുള്ളിലേക്ക് നേരിട്ട് കടക്കും വിധം, വേനൽക്കാലത്തെ കനത്ത ചൂടിനെ അതിജീവിയ്ക്കത്തക്കവിധം പ്രത്യേക കോണുകളിലായാണ് ഗൃഹ നിർമ്മാണം.

ഗ്രാമത്തിലെ എല്ലാ വീടുകളും ജാലകങ്ങളാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ആശയവിനിമയ സൗകര്യത്തിനായാണ് ഇത്തരമൊരു രീതി അവലംബിച്ചിരിക്കുന്നത്. ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്കും, അവിടെ നിന്നും അവസാനത്തെ വീട് വരെയും വിവരങ്ങൾ കൈമാറാൻ ഈ ജാലകങ്ങൾ ഉപകാരപ്രദമായിരുന്നു. തടിക്കഷ്ണങ്ങൾ അടുക്കി വെച്ച് നിർമ്മിച്ച മേൽക്കൂരകളെ താങ്ങി നിർത്തുന്ന കൽച്ചുമരുകളും, വിശാലമായ മുറികളും, ഉയരം കുറഞ്ഞ വാതിലുകളും, വായു സഞ്ചാരത്തിനായ്  സമചതുരാകൃതിയിൽ രണ്ടിലധികം ജനാലകളും. ചെറിയ കൊത്തുപണികളാൽ തീർത്ത ചുമരുകളുള്ള വീടുകൾ. ഗ്രാമത്തലവനായിരുന്ന സർപ്പഞ്ചിന്റെ വീടും, അക്കാലത്ത് ഉപയോഗിച്ചിരുന്ന കുതിരവണ്ടിയുടെ ആകൃതിയിലുള്ളൊരു തകർന്ന വാഹനത്തിന്റെ അവശിഷ്ടവും ഇവിടെ പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട്. വീടിന്റെ ഛത്തിലേക്ക് അതായത് തുറസ്സായ മുകൾ ഭാഗത്തേക്ക്‌ പോകാനായി ചെറിയ പടികളുണ്ട്, ഛത്തിൽ നിന്നാൽ കുൽദാരയുടെ പൂർണചിത്രവും ക്ഷേത്രവും വ്യക്തമായി കാണാം.

‘രേഖകള്‍ വേണ്ടവര്‍ക്ക് നല്‍കാം; അച്ചയെ വെറുതേ വിടുക’; കുറിപ്പുമായി ജെയ്കിന്റെ സഹോദരന്‍

വീടുകളുടെ നടുമുറ്റത്തിന്റെ കോണുകളിലായി മഴവെള്ള സംഭരണികൾ സ്ഥാപിച്ചിട്ടുണ്ട്. മേൽക്കൂരയിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം സംഭരണിയിലേക്ക് നേരിട്ട് ശേഖരിക്കും വിധമാണ് മേൽക്കൂരയുടെ  ക്രമീകരണം. ജലസ്രോതസ്സിനായി മഴയെ മാത്രം ആശ്രയിച്ച് കഴിയുക ദുസ്സഹമായതിനാലാകാം, ഗ്രാമ വഴികളിൽ പലഭാഗത്തും ഭൂമിയോടു ചേർന്നു ജലാംശം വറ്റിയ വക്കുകളില്ലാത്ത കിണറുകളും നീർക്കുളങ്ങളുമുണ്ട്. ഇനിയും അകത്തേക്ക് നടക്കുമ്പോൾ ശ്മാശനങ്ങളാണ്. ശ്മശാനമേത് ഗ്രാമമേത് എന്നു തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് ഇപ്പോൾ ഈ പ്രദേശത്തിന്റെ കിടപ്പ്. കഥകളിലൂടെ കേട്ടറിഞ്ഞ, കുൽദാരയിലെ നാട്ടുകൂട്ടം സംഘടിപ്പിച്ചിരുന്ന ക്ഷേത്രാങ്കണം. ക്ഷേത്രഭിത്തികളിൽ അങ്ങിങ്ങായ്‌ എന്തൊക്കെയോ എഴുതിയിട്ടുണ്ട്.

വിഗ്രഹമില്ലാത്ത  ക്ഷേത്രനട ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നു. ഇവിടുത്തെ പ്രതിഷ്ഠയും ഗ്രാമനിവാസികൾക്കൊപ്പം മറഞ്ഞു പോയെന്നാണ് വിശ്വാസം. ക്ഷേത്രത്തൂണുകളിൽ കൊത്തി വെച്ചിരിക്കുന്ന വർഷങ്ങൾ പഴക്കമേറിയ ശിലാലിഖിതങ്ങൾ. ഭാഷാലിപി അന്യമായതിനാൽ  വായിച്ചെടുക്കാൻ നന്നേ പ്രയാസം അനുഭവപ്പെട്ടു. ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠ വിഷ്ണുഭഗവാനും മഹിഷാസുര മർദ്ദിനിയും ആയിരുന്നുവെന്നും ക്ഷേത്രത്തൂണുകളിലെ ലിഖിതങ്ങൾ ഗണേശ ഭഗവാനുമായി ബന്ധപ്പെട്ടവയാണെന്നും ഇതുകൂടാതെ  ഗ്രാമവാസികൾ കാളയെ ദൈവമായി ആരാധിച്ചിരുന്നതായും  ഊഹാപോഹങ്ങളുണ്ട്.

കുൽദാരയെസംബന്ധിച്ച് സമീപ ഗ്രാമവാസികളിൽ നിന്നും കേട്ടറിഞ്ഞ കഥയിങ്ങനെ;

‘സാധാരണക്കാർ പരസ്പരം തോക്കെടുത്ത് കൊല്ലാനിറങ്ങുന്നു, ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായി’: മെഹ്ബൂബ മുഫ്തി

“രാത്രികാലങ്ങളിൽ ആരും ഇവിടെ തങ്ങാറില്ല. അദൃശ്യ മനുഷ്യരുടെ നിലവിളിശബ്ദങ്ങൾ പുറത്ത് കേൾക്കും. സന്ധ്യയ്ക്ക് ശേഷം ഈ വഴി വന്നവർക്കൊക്കെ നിരവധി ദുരനുഭവങ്ങൾ  നേരിടേണ്ടതായ് വന്നിട്ടുണ്ട്. അഞ്ഞൂറു വർഷങ്ങൾക്കു മുൻപ് ഒരു രാത്രിയിൽ  ഇല്ലാതായതാണ് ഈ ഗ്രാമവും ഇവിടുത്തെ ഗ്രാമവാസികളും. അവർ എങ്ങോട്ട് പോയെന്നോ, അവർക്കെന്ത്‌ സംഭവിച്ചെന്നോ ആർക്കുമറിയില്ല. ഇത് അവരുടെ മണ്ണാണ്. അവർ അതാർക്കും വിട്ടു കൊടുക്കില്ല.

സാമ്പത്തികമായി പിന്നോക്കം നിന്ന കുൽദാരയെ ഗ്രാമവാസികൾ അവരുടെ കഠിനാധ്വാനത്തിലൂടെ, കാർഷിക വ്യവസായ വ്യാപാര മേഖലയിൽ മുന്നോക്കം കൊണ്ടുവരികയും അയൽഗ്രാമങ്ങളെ അതിൽ പങ്കാളികളാക്കുകയും ചെയ്തു. കുൽദാരയുടെ സമീപ പ്രദേശങ്ങളിലും ദൂരെ ദിക്കുകളിലേക്കും വ്യാപാര വ്യവസായം വ്യാപിപ്പിച്ചു. ഗ്രാമത്തിന്റെ അപ്രതീക്ഷിതമായ സാമ്പത്തിക വളർച്ച, അക്കാലത്ത് ജയ്സൽമീർ പ്രധാനമന്ത്രിയും അതിക്രൂരനുമായിരുന്ന സലിംസിംഗിന്റെ ശ്രദ്ധയിൽപ്പെട്ടു. കുൽദാരയിലെ വ്യാപാരവ്യവസായ സാമഗ്രികളിൽ സലിംസിംഗ് അമിത നികുതി ചുമത്തി. അന്യായമായ നികുതി ചുമത്തലിനെ എതിർത്ത ഗ്രാമവാസികളെ  ക്രൂരമായി മർദ്ധിക്കുകയും തടവിലാക്കുകയും കൊല്ലുകയും ചെയ്തു. തുടരെത്തുടരെയുള്ള പീഡനങ്ങളും ആക്രമണങ്ങളും, ഗ്രാമവാസികൾ നിസ്സഹായരായി.

അതേ കാലയളവിൽ കുൽദാര സന്ദർശിക്കാനെത്തിയ സലിംസിംഗ്, ഗ്രാമത്തിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ച സർപ്പഞ്ചിന്റെ പതിനഞ്ചുവയസ്സുള്ള മകളെ കാണാനിടയാകുകയും, അതിസുന്ദരിയായിരുന്ന ആ പെൺകുട്ടിയോട് അയാൾക്ക് അതിയായ ഭ്രമം തോന്നുകയും, അയാൾ അവളെ വിവാഹം ചെയ്യണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു. ആവശ്യം നിറവേറ്റിയില്ലെങ്കിൽ നികുതിപിരിവ്  ഇനിയും വർദ്ധിപ്പിക്കുമെന്നും ആക്രമണം തുടരുമെന്നും ഗ്രാമമുഖ്യനെയും ഗ്രാമനിവാസികളെയും  ഭീഷണിപ്പെടുത്തി. അഞ്ചു ഭാര്യമാരും അൻപത് വയസ്സിനു മേൽ പ്രായവുമുള്ള ഒരാൾക്ക് ഗ്രാമത്തിന്റെ പൊന്നോമനപ്പുത്രിയെ എങ്ങനെ വിവാഹം ചെയ്ത് നൽകും?

തീരുമാനം അനുകൂല മാകാതിരുന്നതിനാൽ സലിംസിംഗ് കുൽദാരയ്ക്ക് മേലുള്ള ആക്രമണം അതിശക്തമായി തുടരുകയും ജനങ്ങൾ കൂടുതൽ പീഡനങ്ങൾ അനുഭവിക്കേണ്ടതായും വന്നു. ക്രമാതീതമായ നികുതി വർദ്ധനവ് ജനജീവിതത്തെ ദുസ്സഹമാക്കി. സന്തോഷവും സമാധാനവും ഗ്രാമത്തിൽ നിന്നും വിട്ടകന്നു. തുടർന്ന് സർപ്പഞ്ചിന്റെ മകളെ ബലമായ് പിടിച്ചു കൊണ്ട് ചെല്ലാൻ സലിംസിംഗ് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം പെൺകുട്ടിയെ കൊണ്ടുപോകാൻ കുൽദാരയിലെത്തിയ സൈനികരോട്, അവളെ ഞങ്ങൾ പറഞ്ഞയയ്ക്കാം. പക്ഷേ,ഒരു കന്യക ഗ്രാമം വിട്ട് പോകുമ്പോൾ അതിന്റേതായ ചിട്ടവെട്ടങ്ങളും ആചാരങ്ങളുമുണ്ട്.അതിനുവേണ്ടി ഞങ്ങൾക്ക് ഒരു ദിവസത്തെ സമയം അനുവദിച്ചു തരണമെന്ന് ഗ്രാമവാസികൾ അഭ്യർത്ഥിച്ചു. അടുത്ത ദിവസം തന്നെ സിംഗിന് മുന്നിൽ പെൺകുട്ടിയെ  എത്തിയ്ക്കാമെന്ന  വാഗ്ദാനത്തിന്മേൽ സൈനികരെ അനുനയിപ്പിച്ച് അവർ പറഞ്ഞയച്ചു. അന്നേ ദിവസം ഗ്രാമമുഖ്യനും ഗ്രാമത്തിലെ മറ്റു പ്രമുഖവ്യക്തികളും ഗ്രാമനിവാസികളും കുൽദാര ക്ഷേത്രാങ്കണത്തിൽ ഒരു നാട്ടുകൂട്ടം സംഘടിപ്പിക്കുകയുണ്ടായി. നാട്ടുകൂട്ടത്തിന്റെ  അവസാന തീരുമാനം ഒരു പലായനത്തിൽച്ചെന്ന് കലാശിച്ചു.

സർപ്പഞ്ചിന്റെ മകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനും ഗ്രാമനിവാസികൾ അനുഭവിക്കുന്ന ക്രൂരപീഡനങ്ങളിൽ നിന്ന് രക്ഷനേടാനുമായി കുൽദാര ഉപേക്ഷിക്കുക. എങ്ങോട്ടെന്നില്ലാതെ ഒരു പലായനം. ഒറ്റരാത്രി മാത്രമേ മുന്നിലുള്ളൂ. ആ ഒരു രാത്രികൊണ്ട് കുൽദാര  അനാഥമായി. പ്രിയപ്പെട്ട അവരുടെ ഗ്രാമത്തെ ഉപേക്ഷിച്ച് ആ ജനത എങ്ങോട്ടോ യാത്രയായി. ‘ഭാവിയിൽ ഇനിയൊരു ജനതയ്ക്കും ഇവിടെയൊരു സ്ഥിരതാമസം സാധ്യമാകില്ല’. കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത സ്നേഹഭൂമിയെ വേദനയോടെ അവർ ശാപവാക്കുകളാൽ പഴിച്ചു. ”

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം

കുൽദാര നിവാസികളുടെ പലായനത്തിന് ശേഷം ഇതുവരെ ഇവിടെ സ്ഥിരമായ മനുഷ്യവാസമുണ്ടായിട്ടില്ല. രാത്രികാലങ്ങളിൽ ഗ്രാമത്തിനുള്ളിൽ നിന്നും ഭയാനകമായ  ശബ്ദങ്ങളും നിലവിളികളും കേൾക്കുന്നതായ് പറയപ്പെടുന്നു. പടിയിറങ്ങിപ്പോയവർ മരണപ്പെട്ടിരിക്കാം അവരുടെ ആത്മാക്കളുടെ സാന്നിധ്യമാകാം ഇതെന്ന് സമീപവാസികൾ വിശ്വസിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശത്തേക്ക് ആരും പോകാറില്ല. കുൽദാരയ്ക്ക് പ്രേതഗ്രാമം എന്ന പേര് ഉത്ഭവിച്ചത് ഇങ്ങനെയാണ്. അവ്യക്തമായ, അവിശ്വസനീയമായ ചിലത്. മനുഷ്യവാസയോഗ്യമല്ലാത്ത ഒരിടം. ദുരനുഭവങ്ങൾ പിന്തുടരുന്നു. പഴയ തലമുറയുടെ വിശ്വാസങ്ങൾ  കെട്ടുകഥകൾ മാത്രമാകാം.

ഈ കഥകളുടെ തുടർച്ചയായി ചില  ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടുണ്ട്. ഇതിലൊന്നാണ്, ഡൽഹി പാരനോർമൽ സൊസൈറ്റിയിലെ പതിനെട്ട് അംഗസംഘം കുൽദാരയെ ഒരു ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിയത്. കുൽദാരയിൽ ഒരു രാത്രി ചെലവഴിച്ച്, ആത്മാക്കളുറങ്ങുന്ന പ്രേതഗ്രാമത്തിന്റെ നിഗൂഢ രഹസ്യങ്ങളറിയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പഠനത്തിന്റെ ഭാഗമായി ഡൽഹി പാരനോർമൽ സൊസൈറ്റിയിലെ ഒരു സംഘം ആളുകൾ ഒരു രാത്രി മുഴുവനും കുൽദാരയിൽ ചെലവഴിച്ചു. അത്യാധുനിക ഹൈടെക് ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ച് ഗ്രാമത്തെ  നിരീക്ഷിച്ചു. ചലിക്കുന്ന നിഴലുകൾ, വേട്ടയാടുന്ന ശബ്ദങ്ങൾ,കുട്ടികളുടെ കൈമുദ്രകൾ തുടങ്ങി വിചിത്രമായ പല അനുഭവങ്ങളും അവർക്കുണ്ടായി. പിന്നിൽ നിന്ന് ആരോ തന്റെ തോളിൽ സ്പർശിച്ചതായി അംഗങ്ങളിലൊരാൾ പറഞ്ഞു.

ആരാണെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ആരുമില്ല. പ്രദേശത്തെ താപനിലയിലുണ്ടായ വ്യത്യാസവും ഈ സംഘം രേഖപ്പെടുത്തി. ഉയർന്ന താപനില രേഖപ്പെടുത്തിയ പ്രദേശത്ത്, പത്തു ചുവടുകൾ മുന്നിലേക്ക് നടക്കുമ്പോൾ താപനില വളരെ താഴ്ന്നു പോകുന്നു. ആധുനിക ഉപകരണങ്ങളാൽ  ആത്മാക്കളുടെ സാന്നിധ്യവും ഗോസ്റ്റ് ബോക്സിലൂടെ ആത്മാക്കളോട്  ആശയ വിനിമയം നടത്തിയതായും, അസാധാരണമായ പലതും ഈ ദേശത്ത് അനുഭവപ്പെട്ടതായും ഇവർ കണ്ടെത്തി. “ഭയാനകമായൊരു രാത്രി” പാരനോർമൽ സംഘം കുൽദാരയിലെ ആ രാത്രിയെ അടയാളപ്പെടുത്തി.

ത്രീഡി പ്രിന്റിംഗിൽ ചരിത്രം കുറിച്ച് രാജ്യം, ആദ്യ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഈ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു

പഠനത്തിലൂടെ “ആത്മാക്കൾ ഉപദ്രവകാരികളല്ല. അവരെ നാം ഭയക്കേണ്ടതില്ല” എന്നൊരു സന്ദേശവും സംഘം സമൂഹത്തിന് നൽകുന്നുണ്ട്. മറ്റൊന്ന്, കുൽദാരയുടെ നിലവിലുള്ള ഭൂപ്രകൃതിയെയും പുരാതന ചരിത്രത്തെയും അടിസ്ഥാനപ്പെടുത്തി, ഇന്ത്യയിലെ ഭൂമിശാസ്ത്ര വിദഗ്ദരും, പുരാതന ചരിത്ര സാംസ്കാരിക വിഭാഗത്തിലെ പ്രമുഖരും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഗത്ഭ ശാസ്ത്രജ്ഞൻമാരും ചേർന്നൊരു സംഘം നടത്തി വരുന്ന പഠനമാണ്. കുൽദാരയുടെ നിലവിലെ സ്ഥിതി  അനുസരിച്ച് നോക്കിയാൽ, പെട്ടെന്നുണ്ടായ ഭൂകമ്പമാകാം ഒരുപക്ഷേ കുൽദാരയുടെ തകർച്ചയ്ക്ക് കാരണമായതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ഇതുവരെയുള്ള പഠനങ്ങൾ സംയോജിപ്പിച്ച് ഒരവലോകനത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ പഠനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. കുൽദാരയുടെ നിഗൂഢ രഹസ്യങ്ങൾ ആ മണ്ണിൽത്തന്നെ ഇപ്പോഴും ഉറങ്ങിക്കിടക്കുകയാണ്.

രാജസ്ഥാൻ ഗവണ്മെന്റ് കുൽദാരയെ ആർക്കിയോളജിക്കൽ സൈറ്റ് ആയി പ്രഖ്യാപിയ്ക്കുകയും ഭൂപ്രകൃതിയെയും പുരാതനഗ്രാമത്തെയും തകർന്ന നിലയിൽ അതുപോലെ തന്നെ മാറ്റങ്ങളില്ലാതെ ഇപ്പോഴും സംരക്ഷിക്കുകയും ചെയ്യുന്നു. കുൽദാരയിൽ നിന്നും മടങ്ങുമ്പോൾ, അഴുക്കു പുരണ്ട വെളുത്ത വസ്ത്രം ധരിച്ച്, താടി നീട്ടി വളർത്തി, കഥകൾ പറഞ്ഞു തന്ന വൃദ്ധനായ കാക്ക പിന്നിൽ നിന്നും കൈവീശുന്നുണ്ടായിരുന്നു.
ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായൊരു ജനത, കുൽദാരയുടെ മണ്ണിൽ നിശബ്ദമായുറങ്ങുന്ന ആത്മാക്കൾ, ഭൂകമ്പത്തിൽ പൊലിഞ്ഞു പോയ ജീവനുകൾ. ഏതാണ്  കുൽദാരയുടെ ശരിയായ ചരിത്രം? ഉത്തരങ്ങളില്ലാത്ത നിറയെ ചോദ്യങ്ങൾ ഇന്നും മനസ്സിൽ ശേഷിയ്ക്കുന്നു.

പ്രീദുരാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button