PathanamthittaLatest NewsKeralaNattuvarthaNews

പള്ളിയിലും സ്കൂളിലും മോഷണം: കാണിക്ക വഞ്ചിയിലെ പണം അപഹരിച്ചു

പള്ളിയില്‍ നിന്ന് കാണിക്ക വഞ്ചിയിലെ പണം അപഹരിച്ചു

പത്തനംതിട്ട: ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍സ് സി എസ് ഐ പള്ളിയിലും സമീപത്തെ സി എം എസ് എല്‍ പി സ്‌കൂളിലും മോഷണം. പള്ളിയില്‍ നിന്ന് കാണിക്ക വഞ്ചിയിലെ പണം അപഹരിച്ചു. സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. ചെക്ക് ബുക്ക്, ബേങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞു.

ഞായറാഴ്ച രാവിലെ ആരാധനക്ക് പള്ളിയില്‍ എത്തിയവരാണ് മോഷണം വിവരം അറിഞ്ഞത്. ഉടനെ പത്തനംതിട്ട പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പള്ളി അടച്ചു. പള്ളിയുടെ കീഴില്‍ തന്നെയുള്ള സി എം എസ് എല്‍ പി എസില്‍ വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികള്‍ തന്നെയാണ് സ്‌കൂള്‍ ഓഫീസ് മുറി കുത്തിത്തുറന്ന വിവരം ശ്രദ്ധിച്ചത്.

Read Also : യുഎഇയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തി മന്ത്രാലയം

സ്‌കൂളിലെ അധ്യാപിക ഷേര്‍ലി വി മാത്യു സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ് മോഷണം പോയ വിവരം അറിയുന്നത്.

പള്ളിയുടെ പൂട്ട് തകര്‍ത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഘമായി എത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ഇവര്‍ പാഴ്സല്‍ വാങ്ങി ഇവിടെ കൊണ്ടുവെച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

പള്ളിയില്‍ നിന്ന് രണ്ട് കുപ്പി വൈന്‍ എടുത്ത് ഒന്നര കുപ്പിയോളം കാലിയാക്കി. ബാക്കിയുള്ള വീഞ്ഞ് പള്ളിമുറ്റത്ത് ഉപേക്ഷിച്ചു. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പതിനായിരം രൂപയോളം അപഹരിച്ചുവെന്ന് ഇടവക വികാരി ഫാ. ഷിജോമോന്‍ ഐസക് പറഞ്ഞു.

ഹാക്സോ ബ്ലേഡ് ഉപയോഗിച്ച്‌ പളളിയുടെ കവാടത്തിലെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ കവാടത്തിലെ മണിച്ചിത്രപ്പൂട്ട് കുത്തിപ്പൊളിച്ച്‌ അകത്തെത്തി. കാണിക്ക വഞ്ചി പുറത്തുകൊണ്ടു വന്ന് പൂട്ട് തകര്‍ത്ത് പണം കവരുകയായിരുന്നു.

വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്ത് വന്ന് തെളിവുകള്‍ ശേഖരിച്ചു. മണം പിടിച്ച്‌ ഓടിയ നായ സമീപത്തെ റബര്‍ തോട്ടം വഴി മെയിന്‍ റോഡിലെത്തിയാണ് നിന്നത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button