KeralaLatest News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീന്റെ ബിനാമിയേയും ഇടനിലക്കാരനെയും അറസ്റ്റ് ചെയ്ത് ഇ.ഡി.

കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ ബിനാമിയെയും ഇടനിലക്കാരനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നീണ്ട ചോദ്യംചെയ്യലിനുശേഷം മൊയ്തീന്റെ ബിനാമിയെന്ന് ആരോപിക്കുന്ന പി. സതീഷ്‌കുമാറിനെയും ഇടനിലക്കാരനായ പി.പി. കിരണിനെയുമാണ് ഇ.ഡി അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ അറസ്റ്റിലൂടെ തട്ടിപ്പിന്റെ പിന്നണിയിലുള്ളവരിലേക്കും എത്താന്‍ സാധിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കരുവന്നൂര്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തവര്‍ക്കു പുറമേ രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തുന്നത്. ബാങ്കിന്റെ മുന്‍സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്റ് എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവരായിരുന്നു ഇതുവരെ കേസിലെ പ്രതികള്‍.

കഴിഞ്ഞമാസം സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്റെ വീട് റെയ്ഡ്‌ചെയ്ത അതേസമയംതന്നെ സതീഷ് കുമാറിന്റെയും കിരണിന്റെയും വീടുകളില്‍ റെയ്ഡ് നടന്നിരുന്നു. സതീഷ്‌കുമാറിനെയും കിരണിനെയും രണ്ടാഴ്ചയായി ഒട്ടേറെത്തവണയാണ് കൊച്ചിഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. തിങ്കളാഴ്ചയും വിളിപ്പിച്ചിരുന്നു.

ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടെയും പോലീസിലെ ഉന്നതരുടെയും ബിനാമിയാണ് സതീഷ്‌കുമാറെന്നാണ് ഇ.ഡി. കണ്ടെത്തിയിരിക്കുന്നത്. സമൂഹത്തിലെ ഉന്നതരുടെ കള്ളപ്പണം ഒളിപ്പിക്കാനും വെളുപ്പിക്കാനും സതീഷ് വര്‍ഷങ്ങളായി കൂട്ടുനിന്നെന്നാണ് കണ്ടെത്തല്‍.

സ്വന്തമായി വസ്തുവകകള്‍ ഇല്ലാതെ കിരണ്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പകള്‍ കൈപ്പറ്റിയിട്ടുണ്ട്. നിലവില്‍ 45 ലക്ഷം രൂപ വായ്പയായെടുത്തത് തിരച്ചടയ്ക്കാനുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button