Latest NewsNewsIndia

ഇന്ത്യ vs ഭാരത്; വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറില്‍ മാറ്റം വരുമോ? വാഹന ഉടമകളുടെ സംശയം ഇങ്ങനെ

രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്ന് മാത്രമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇതിനെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്ക് രാഷ്ട്രപതി ഒരുക്കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് പ്രയോഗിച്ചതാണ് വിഷയം ചര്‍ച്ചയാകാന്‍ കാരണമായത്. ഇതോടെ, വാഹന ഉടമകൾക്ക് ചില സംശയങ്ങൾ ഉടലെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രമാക്കി മാറ്റുകയാണെങ്കിൽ, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറില്‍ മാറ്റം വരുമോ എന്നതാണ് പലരുടെയും സംശയം.

ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് വ്യത്യസ്ത വാഹന രജിസ്ട്രേഷന്‍ മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. പേരുമാറ്റം നിലവില്‍ വന്നാല്‍ ഈ നമ്പര്‍ പ്ലേറ്റ് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാകുമോ എന്നും പലര്‍ക്കും സംശയമുണ്ട്. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയാല്‍ സ്വാഭാവികമായും പലയിടങ്ങളിലും പേര് മാറ്റേണ്ടതായി വരും.

ഇന്ത്യയില്‍ ഗതാഗത മേഖല കൈകാര്യം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരും നയപരമായ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ഗതാഗത മേഖല നിയന്ത്രിക്കുന്നു. ഇതില്‍ ഓരോ സംസ്ഥാന സര്‍ക്കാരുകളും ഏതുതരം നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നു. ഇപ്പോള്‍ അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളാണ് വാഹനങ്ങള്‍ക്ക് നല്‍കുന്നത്.

നിലവില്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന നമ്പര്‍ പ്ലേറ്റ് പരിശോധിച്ചാല്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളാണ് ഉണ്ടാകുക. പഞ്ചിംഗ് നമ്പര്‍ പ്ലേറ്റുകളില്‍ ‘IND’ അടിച്ചുവരാറുണ്ട്. പ്രധാനമായും സംസ്ഥാനത്തെയും വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടിഒ ഓഫീസുമാണ് നമ്പര്‍ പരിശോധിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാകുക. അതിനാല്‍ ‘ഇന്ത്യ’ ഒഴിവാക്കി ഭാരത് എന്നാക്കിയാലും വാഹന രജിസ്‌ട്രേഷന്‍ നമ്പറില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് കരുതുന്നത്.

ഉള്ളടക്കത്തിന് കടപ്പാട്: ഡ്രൈവ്‍സ്‍പാര്‍ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button