KeralaNewsIndia

മുൻ ആൺസുഹൃത്തുമായി ബന്ധം തുടരാൻ ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദം: ഗവേഷക വിദ്യാർഥിനിയിൽനിന്ന് ആറ് ലക്ഷം രൂപ തട്ടി

പുതുച്ചേരി: സാമൂഹികമാധ്യമം വഴിയുള്ള ദുർമന്ത്രവാദത്തിന്റെ പേരിൽ ഗവേഷക വിദ്യാർഥിനിയിൽ നിന്ന് പണം ലക്ഷങ്ങൾ തട്ടി. പോണ്ടിച്ചേരി സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയാണ് തട്ടിപ്പിന് ഇരയായത്. ആറ് ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത്.

ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുർമന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാർഥിനിയിൽ നിന്ന് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. മുൻ ആൺസുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെൺകുട്ടി തട്ടിപ്പുകാരെ സമീപിച്ചത്.

ആറ് മാസം മുൻപാണ് ആൺസുഹൃത്ത് വിദ്യാർഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതിനിടെയാണ് കുടുംബപ്രശ്നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നൽകിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് ബന്ധം തുടരാനായി പെൺകുട്ടി ദുർമന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു. തുടർന്ന് ഈ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും ആൺസുഹൃത്തുമായുള്ള പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു.

പ്രത്യേക പൂജ ചെയ്താൽ സുഹൃത്ത് തിരികെ വരുമെന്നും ഫോണിൽ വിളിക്കുമെന്നുമായിരുന്നു തട്ടിപ്പുകാർ പെൺകുട്ടിക്ക് നൽകിയ മറുപടി. പൂജയ്ക്കായി പണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. പെൺകുട്ടി ഓൺലൈൻ വഴി പണം അടച്ചതോടെ പരാതിക്കാരിയുടെയും സുഹൃത്തിന്റെയും ഫോൺ നമ്പറുകൾ തട്ടിപ്പുകാർ ചോദിച്ചുവാങ്ങി. ആൺസുഹൃത്തിന്റെ ഫോണിൽ നിന്ന് കോൾ വരുമെന്നും പക്ഷേ, അത് എടുക്കരുതെന്നുമായിരുന്നു ഇവരുടെ നിർദേശം. പിന്നാലെ അതേദിവസം തന്നെ ആൺസുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിക്ക് ഫോൺകോൾ എത്തി. മന്ത്രവാദിയുടെ നിർദേശമുള്ളതിനാൽ പെൺകുട്ടി ഫോൺ എടുത്തില്ല. തുടർന്ന് തട്ടിപ്പുകാർ വീണ്ടും പലതവണകളായി കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. പത്ത് ദിവസത്തിനിടെ പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ പെൺകുട്ടിയിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്.

ലക്ഷങ്ങൾ കൈമാറിയിട്ടും സുഹൃത്തിൽനിന്ന് മറ്റുഫോൺകോളോ പ്രതികരണോ ഇല്ലാതായതോടെയാണ് ഗവേഷക വിദ്യാർഥിനി തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

പ്രത്യേക മൊബൈൽ ആപ്ലിക്കേഷനോ മറ്റോ ഉപയോഗിച്ചാകും സുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിയുടെ ഫോണിലേക്ക് കോൾ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ആരെയെങ്കിലും ഫോണിൽ വിളിക്കുമ്പോൾ അവരുടെ ഫോണിൽ മറ്റൊരു നമ്പർ കാണിക്കാനായി ചില ആപ്ലിക്കേഷനുകളുണ്ടെന്നും ഇതിലൂടെ തട്ടിപ്പുകാർ തങ്ങളുടെ നമ്പർ സുഹൃത്തിന്റെ നമ്പറാക്കി മാറ്റി കോൾ ചെയ്തിരിക്കാമെന്നും സൈബർക്രൈം ഇൻസ്പെക്ടർ ബിസി കീർത്തി പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button