Latest NewsIndia

ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺ​ഗ്രസ് പ്രസിഡന്റിനെ ക്ഷണിച്ചില്ല, പരാതിയുമായി നേതാക്കൾ

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കെത്തിയ പ്രതിനിധികൾക്കായി രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർ​ഗെയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജ്ജുൻ ഖാർ​ഗെയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം ചൂണ്ടിക്കാട്ടി. ലോകനേതാക്കൾക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കൽപ്പിക്കാനാവില്ലെന്ന് ചിദംബരം എക്സിൽ കുറിച്ചു.

ലോകനേതാക്കൾക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കൽപ്പിക്കാനാവില്ലെന്ന് ചിദംബരം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ, അതായത് ഭാരതം എത്തിയിട്ടില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ചിദംബരം കുറിച്ചു. മുൻ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും കേന്ദ്ര സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തി.

ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിൻറെ നേതാവിനെ കേന്ദ്ര സർക്കാർ വിലമതിക്കുന്നില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ തീരുമാനം. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്നും എന്തുതരം ചിന്താഗതിയാണെന്നും ജനങ്ങൾ ചിന്തിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. യൂറോപ്യൻ യാത്രയ്ക്കിടെ ബ്രസൽസിലാണ് രാഹുലിൻറെ പ്രതികരണം.

പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് നിർഭാഗ്യകരമാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മാനിക്കണം. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ദിവസമായ ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിലെ ഹാളിൽ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്‌ ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർക്ക് ക്ഷണമുണ്ട്. അതേസമയം മുകേഷ് അംബാനി, ഗൌതം അദാനി ഉൾപ്പെടെ 500 വ്യവസായികളെ വിരുന്നിലേക്ക് ക്ഷണിച്ചെന്ന റിപ്പോർട്ട് തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button