KeralaLatest NewsNews

‘ജയ്ക്കല്ല, മറ്റേതൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കിലും തോൽക്കുമായിരുന്നു’: ബഷീർ വള്ളിക്കുന്ന്

പുതുപ്പള്ളിയിൽ മൂന്നാമതും പരാജയമറിഞ്ഞ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയ്ക്കിന്റെ മൂന്ന് തോൽവികളും വ്യക്തിപരമായ തോൽവികളായിരുന്നില്ലെന്നും ജയ്ക്കല്ല, മറ്റേതൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കിലും ഇത് തന്നെ സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തെരഞ്ഞെടുപ്പിന് മുമ്പ് ജയ്ക്കിന്റെ ഫോട്ടോ ഈ പ്രൊഫൈലിൽ ഇട്ടിട്ടില്ല, പക്ഷേ ഇപ്പോൾ ഇടണമെന്ന് തോന്നുന്നു.
മൂന്നാം തവണയുള്ള പരാജയത്തിന് ശേഷം ജയ്ക്കിന് നേരെയുള്ള മീഡിയ ലിഞ്ചിങ് അതിന്റെ എല്ലാ പരിധികളും ലംഘിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പരാജയപെടുക എന്നത് എന്തോ കൊടിയ അപരാധമാണെന്ന് തോന്നുന്ന വിധം പരിഹാസത്തിന്റെ പെരുമഴ കൊണ്ട് മൂടുകയാണ് അവർ ജയ്ക്കിനെ. ജയ്ക്കിന്റെ കാരിക്കേച്ചർ വരച്ച് കിംഗ് ഓഫ് ഹാട്രിക്സ് എന്നതാണ് ഏഷ്യാനെറ്റിന്റെ പരിഹാസപരിപാടിയുടെ ടൈറ്റിൽ. ഒരു സ്‌കൂൾ കുട്ടിയുടെ വേഷത്തിൽ “ഇല്ല ഞാൻ ജയ്ക്കൂല” എന്ന ബോർഡ് പിടിച്ചു നിൽക്കുന്ന ജയ്‌ക്കാണ്‌ മനോരമയുടെ പരിഹാസപരിപാടി.
ഒരു മണ്ഡലത്തിൽ മൂന്ന് തെരഞ്ഞെടുപ്പുകൾ തുടർച്ചയായി തോറ്റതിനാൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉണ്ടാകുക സ്വാഭാവികമാണ്. സാധാരണ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ പ്രതികരണമായി അതിനെ കാണാം. പക്ഷേ മീഡിയയിൽ വരുന്ന വ്യക്തി അധിക്ഷേപങ്ങളുടെ കാര്യമതല്ല, കുറേക്കൂടി ഉത്തരവാദിത്വ ബോധമുള്ള, സോഷ്യൽ റെസ്പോൺസിബിലിറ്റിയും ക്രെഡിബിലിറ്റിയും ആവശ്യമുള്ള ഒരു മേഖലയാണത്. ഇത്തരം വേളകളിൽ സോഷ്യൽ മീഡിയയിൽ സാധാരണ പ്രവർത്തകർ കാണിക്കുന്ന നിലവാരം കുറഞ്ഞ വ്യക്തി അധിക്ഷേപങ്ങൾ മാധ്യമങ്ങളിൽ വരുമ്പോൾ അതിന്റെ മോറൽ ഗ്രാവിറ്റി കൂടും, സോഷ്യൽ ഇമ്പാക്റ്റ് വർദ്ധിക്കും.
ജയ്ക്കിന്റെ മൂന്ന് തോൽവികളും വ്യക്തിപരമായ തോൽവികളായിരുന്നില്ല. ജയ്ക്കല്ല, മറ്റേതൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കിലും ഇത് തന്നെ സംഭവിക്കുമായിരുന്നു. ജയ്ക്ക് പോരാടിയത് യു ഡി എഫിന്റെ ഒരു പരമ്പരാഗത മണ്ഡലത്തിൽ ആ മുന്നണിയുടെ ഏറ്റവും കരുത്തനായ നേതാവുമായാണ്. അവസാനപോരാട്ടമാകട്ടെ, മരണാനന്തര ചടങുകളുടെ വൈകാരികത ഇതേ മാധ്യമങ്ങൾ തന്നെ അങ്ങേയറ്റം പൊലിപ്പിച്ചു നിർത്തിയ സഹതാപ തരംഗത്തിന്റെ ഉച്ചിയിലും. വിജയസാധ്യതയുടെ ഒരു വിദൂര പ്രതീക്ഷ പോലുമില്ലാത്ത മണ്ഡലവും സാഹചര്യവും. അപ്പോഴും ജയ്ക്ക് പാർട്ടി ഏല്പിച്ച ഉത്തരവാദിത്വമേറ്റെടുത്ത് അന്തസ്സോടെയുള്ള പോരാട്ടം കാഴ്ചവെച്ചു. വാക്കിലോ പ്രവൃത്തിയിലോ അതിരുവിട്ട ഒരു പരാമർശങ്ങളും നടത്തിയില്ല, ആരേയും അധിക്ഷേപിച്ചില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യമായിരുന്നു ആ പോരാട്ടവും തോൽവിയും.
ഈ തോൽവികൾ ജയ്‌ക്കെന്ന വ്യക്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനും അപഹസിച്ച് ഇല്ലാതാക്കുവാനും ഉള്ള അവസരമാണെന്ന് കരുതുന്ന മാധ്യമ ഊളകളോട് പറയാനുള്ളത്, ജനാധിപത്യ പ്രക്രിയ എന്താണെന്നും ആ പ്രക്രിയയെ മുന്നോട്ട് കൊണ്ട് പോകുന്ന നൈതിക പരിസരങ്ങൾ എന്താണെന്നും പഠിക്കാൻ ശ്രമിക്കൂ എന്നാണ്. തെരുവിൽ വൈകാരികത പ്രകടിപ്പിക്കുന്ന ഒരാൾക്കൂട്ടം പോലും ചെയ്യാൻ മടിക്കുന്ന പരിഹാസങ്ങളുടെ ആക്രോശങ്ങൾ നിങ്ങൾ ഉയർത്തുമ്പോൾ ജയ്ക്കല്ല, നിങ്ങളാണ് എക്സ്പോസ് ചെയ്യപ്പെടുന്നത്. നിങ്ങളുടെ വിവരക്കേടും തലക്കകത്തെ കട്ട ചളിയുടെ തൂക്കവുമാണ് വെളിപ്പെടുന്നത്.
ഇടത്പക്ഷ യുവനിരയിലെ കേരളത്തിലെ ഏറ്റവും പ്രോമിസിംഗായ ഒരു ചെറുപ്പക്കാരനെ അയാൾ നടത്തിയ ജനാധിപത്യ പോരാട്ടങ്ങളുടെ പേരിൽ പരിഹസിച്ച് ഇല്ലാതാക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി എന്ന് മാത്രമേ പറയാനുള്ളൂ, ഈ പരിഹാസങ്ങളും അധിക്ഷേപങ്ങളും അയാളുടെ രാഷ്ട്രീയ ജീവിതത്തേയും പൊളിറ്റിക്കൽ ഗ്രാഫിനേയും മുകളിലേക്ക് കൊണ്ട് പോകുന്ന സോഷ്യൽ ഇൻവെസ്റ്റ്മെന്റായി പരിണമിക്കുക മാത്രമേയുള്ളൂ. അത് മറക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button