Latest NewsKerala

സഹോദരിമാരുടെ പൊള്ളലേറ്റുള്ള ദുരൂഹ മരണം: കൊലപാതകമെന്ന് പൊലീസ്, കുറ്റസമ്മതം നടത്തി, കൊലപാതക കാരണം പുറത്ത്

ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കവർച്ചാ ശ്രമത്തിനിടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച തൃത്താല സ്വദേശി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിച്ചു.

മോഷണ ശ്രമത്തിനിടെ സഹോദരിമാരായ പത്മിനിയെയും തങ്കത്തെയും കൊലപ്പെടുത്തിയെന്ന് മണികണ്ഠൻ പൊലീസിനോട് സമ്മതിച്ചു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു.

ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തിൽ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാർ പിന്തുടർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവാവ് കുറ്റം സമ്മതിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

സഹോദരിമാർ കൊല്ലപ്പെട്ടത് പൊള്ളലേറ്റും പരിക്കേറ്റുമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായിരുന്നു. വീട് അഗ്നിക്കിരയാകുന്ന സമയത്ത് വീട്ടില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച മണികണ്ഠനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്പിച്ചത്. കൊല്ലപ്പെട്ട സഹോദരിമാരിൽ നിന്ന് കവർന്ന സ്വർണ്ണാഭരണങ്ങൾ മണികണ്ഠൻ്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പദ്മിനിയുടെ മൂന്നുവളകള്‍, തങ്കത്തിന്റെ മാല എന്നിവയാണ് അടിവസ്ത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

മണികണ്ഠന് സഹോദരിമാരുമായി മുൻ പരിചയമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സഹോദരിമാരുടെ വീട്ടില്‍ പെയിൻ്റിംഗ് ജോലിക്കെത്തിയിരുന്ന മണികണ്ഠന്‍ ഈ പരിചയം ഉപയോഗപ്പെടുത്തി തുടർന്നും വീട്ടിലെത്തുകയായിരുന്നു എന്നാണ് വിവരം. സഹോദരിമാരുടെ വീടുകളില്‍ ഇടക്കിടെ എത്തുന്ന ഇയാൾ ഇവരിൽ നിന്ന് സാമ്പത്തികസഹായം വാങ്ങുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇടയ്ക്കിടെയുള്ള വന്നുപോക്കിൽ ഇരുവരുടെയും കൈവശം സ്വര്‍ണാഭരണങ്ങളുണ്ടെന്ന് കണ്ടെത്തിയ മണികണ്ഠന്‍ ഇത് കവരാന്‍ പദ്ധതിയിടുകയായിരുന്നു. ഉച്ചയോടെ പദ്മിനിയുടെ വീട്ടിലെത്തിയ മണികണ്ഠൻ മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചു. ആ സമയത്ത് തങ്കവും പദ്മിനിയോടൊപ്പം ഉണ്ടായിരുന്നു.

ഇടയ്ക്ക് മണികണ്ഠൻ സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചത് സഹോദരിമാര്‍ ചെറുത്തു. വീടിനകത്തിരുന്ന വടികൊണ്ടും ഇരുമ്പുപൈപ്പുകൊണ്ടും മണികണ്ഠനെ രണ്ടുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ വടിയും ഇരുമ്പുപൈപ്പും പിടിച്ചുവാങ്ങി മണികണ്ഠന്‍ ഇവരെ തിരിച്ചടിച്ചു. തുടർന്ന് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിക്കുകയായിരുന്നു. നിലവിളിയും പുക ഉയരുന്നതും കേട്ട സമീപവാസിയായ സ്ത്രീയാണ് നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോൾ മണികണ്ഠൻ രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കെെമാറുകയായിരുന്നു എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button