KeralaLatest NewsNews

ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും: പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്രസർക്കാർ അനുവർത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്‌കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിൽ ആണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാന കാരണം അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും പൊതു സമൂഹത്തിന്റെ തന്നെയുമുള്ള പിന്തുണയാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കൈക്കൊള്ളുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Read Also: കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് മോഷ്ടാക്കൾ: പോലീസ് എത്തിയതോടെ പണി പാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button