KeralaLatest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഉൾപ്പെടെ അവധി: കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയൊരു നിർദ്ദേശം ലഭിക്കുന്നതു വരെ തുറന്നു പ്രവർത്തിപ്പിക്കരുത് എന്നാണ് നിർദ്ദേശം. പ്രധാന കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഈ വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തണമെന്നാണ് നിർദ്ദേശം.

കൂടാതെ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമേ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്നുപ്രവർത്തിക്കാവു. മരുന്ന് ഷോപ്പ്, ആരോഗ്യ കേന്ദ്രങ്ങൾക്ക് സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം. സർക്കാർ-അർദ്ധസർക്കാർ, പൊതുമേഖല ബാങ്കുകൾ,സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറിച്ചൊരു നിർദ്ദേശം ലഭിക്കുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജുകളും ഓൺലൈൻ സേവനം പ്രോത്സാഹിപ്പിക്കുന്നത് വഴി പൊതുജനം എത്തുന്നത് പരമാവധി തടയണം. കണ്ടെയ്ൻമെന്റ് സോണുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലേയ്ക്കുള്ള പൊതുപ്രവേശനമാർഗങ്ങളിലൂടെയുള്ള ഗതാഗതം നിരോധിക്കും. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകണമെന്നും നിർദ്ദേശമുണ്ട്.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റിയാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യപ്പളളി ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്ത് 2,10,11,12,13,14,15,16 വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ബിഡിഎസ് വിദ്യാർത്ഥിയെയാണ് പനിയോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥിയുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കും. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button