KeralaLatest NewsNews

ആശങ്ക ഒഴിഞ്ഞു: തലസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്, ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നും സാധാരണപനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതർ അറിയിച്ചു. കടുത്ത പനിയെത്തുടർന്നാണ് തിരുവനന്തപുരം ഡെന്റൽ കോളേജ് വിദ്യാർഥിയെ 12ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയിക്കുന്നുവെന്ന് അറിയിച്ചതിനെത്തുടർന്ന് ആണ് ഇയാളെ ഐസൊലേഷനിലാക്കിയത്.

അതേസമയം, കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

ജില്ലയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button