Latest NewsNewsIndia

മുംബൈയില്‍ അപാര്‍ട്ട്മെന്‍റ് കോംപ്ലക്സില്‍ വന്‍ തീപിടിത്തം, 39 പേര്‍ക്ക് പരിക്ക്, 60 പേരെ രക്ഷപ്പെടുത്തി

മുബൈ: മുബൈയിലെ കുര്‍ല മേഖലയില്‍ അപാര്‍ട്ട്മെന്‍റ് കോംപ്ലക്സില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റി. 60 ഓളം പേരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഇതില്‍ 39 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ 12.14നാണ് കുര്‍ല വെസ്റ്റിലെ കോഹിനൂര്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള അപാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായതെന്ന് ബൃഹന്‍മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സംഭവം നടന്ന ഉടനെ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

പുലര്‍ച്ചെയായിരുന്നതിനാല്‍ അപാര്‍ട്ട്മെന്‍റുകളില്‍ നിരവധി ആളുകളാണ് കുടുങ്ങികിടന്നിരുന്നത്. താഴത്തെ നിലയിലെ വൈദ്യുത കേബിള്‍ പോകുന്ന പൈപ്പില്‍നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പൈപ്പിലൂടെ തീ 12ാം നിലയിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റ 39 പേരില്‍ 35 പേര്‍ രജാവാഡി ആശുപത്രിയിലും നാലു പേര്‍ കോഹിനൂര്‍ ആശുപത്രിയിലുമാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സമീപത്ത് നിരവധി അപാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളാണുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇപ്പോള്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും ബിഎംസി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button