KeralaLatest NewsNews

മദ്യലഹരിയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റിയില്ല: ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിച്ചു

പോത്തൻകോട്: മദ്യലഹരിയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റാത്തതിനു ബസ് ഡിപ്പോയ്ക്കുള്ളിൽ കയറി കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മര്‍ദ്ദനം.

കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി ജയപുരിയിൽ കെ.ശശികുമാറി(51)നും കണ്ടക്ടർ പോത്തൻകോട് സ്വദേശി അൻസർഷാ(39)യ്ക്കുമാണ് മർദ്ദനമേറ്റത്. ഇരുവരും കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ ചികിത്സതേടി.

മർദനത്തെത്തുടർന്ന് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സ്വദേശി സമീർ ഭൗമിക് (27), അസാം സ്വദേശി മിഥുൻദാസ് (27) എന്നിവരാണ് പിടിയിലായത്.

പോത്തൻകോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ബസിൽക്കയറിയായിരുന്നു മർദനം. ശശികുമാറിന്റെ വലതുകൈയിലെ വിരലിനു ഗുരുതര പരിക്കുണ്ട്. അൻസർഷായുടെ വയറ്റിൽ ചവിട്ടേറ്റിട്ടുണ്ട്. ഹൈദർ അലി, സമീർ ഭൗമിക് എന്നിവരാണ് മർദ്ദിച്ചതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

പോത്തൻകോടിനടുത്ത് പ്ലാമൂട് ബസ് സ്റ്റോപ്പിൽനിന്ന് നൂറ് മീറ്റർ മാറിനിന്ന മദ്യലഹരിയിലായിരുന്ന തൊഴിലാളികൾ റോഡിന്റെ മധ്യഭാഗത്തുനിന്നുകൊണ്ട് ബസിനു കൈകാണിച്ചതിനുശേഷം ബസിൽ ശക്തമായി അടിച്ചു. ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് ബസ് ടെർമിനലിലേക്ക് യാത്ര തുടർന്നു.

എന്നാൽ, തൊഴിലാളികൾ പിന്നാലെ വന്ന മറ്റൊരു ബസിൽക്കയറി ഡിപ്പോയിലെത്തി ബസിനുള്ളിൽക്കയറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനിടെ വലതുകൈയിലെ വിരൽ പിടിച്ചൊടിച്ചു. ശശികുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസർഷായുടെ വയറ്റിൽ ചവിട്ടേറ്റത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button