KeralaLatest NewsNews

വയനാട് പനവല്ലിയിൽ ഭീതി പടർത്തുന്ന കടുവയ്ക്കായി തെരച്ചിൽ തുടങ്ങി, മയക്കുവെടി വെക്കാനുള്ള നടപടി ഇന്ന് തുടങ്ങും

മാനന്തവാടി: ഒന്നര മാസമായി വയനാട് പനവല്ലിയിലെ ശല്യക്കാരനായ കടുവയ്ക്കായുള്ള തെരച്ചിൽ തുടങ്ങി. കടുവയെ മയക്കുവെടി വച്ചുപിടികൂടാനുള്ള ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ മയക്കുവെടി വിദഗ്ധരുടെ നേതൃത്വത്തിലാണ് വനപാലക സംഘത്തിന്റെ തെരച്ചിൽ. ഇന്നലെ വരെ മയക്കുവെടി സംഘം ഇല്ലാതെയായിരുന്നു തെരച്ചിൽ. ഇന്ന് ഈ സംഘത്തോടൊപ്പമാണ് തെരച്ചിൽ നടത്തുന്നത്. കടുവയെ കാണുന്ന നിമിഷം തന്നെ മയക്കുവെടി വയ്ക്കാനാണ് നീക്കം. മൂന്ന് കൂട്, 30 ക്യാമറകൾ, വനംവകുപ്പ് പരിശോധന ഇവയിലൊന്നും കടുവ കുടുങ്ങാതെ വന്നതോടെയാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് എത്തുന്നത്.

സ്ഥിതി നാൾക്കുനാൾ രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്ന നോർത്ത് വയനാട് ഡിഎഫ്ഒയുടെ റിപ്പോർട്ട് സഹിതമാണ് വെടിവയ്ക്കാനുള്ള അനുമതി തേടി ഉത്തരമേഖലാ സിസിഎഫ് ശുപാർശ ചെയ്തത്. ഒടുവിൽ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവെത്തി. നോർത്ത് വയനാട് അഞ്ച് എന്ന് പേരുള്ള കടുവയാണ് ജനവാസ മേഖലയിലെത്തിയത് എന്ന് ക്യാമറ ട്രാപ്പുകളിൽ നിന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കടുവയെ പിടികൂടിയാൽ, മുത്തങ്ങയിൽ എത്തിച്ച് വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കും. ഇരതേടാൻ കഴിവില്ലാത്ത കടുവകളാണ് സാധാരണ ജനവാസ മേഖലയിലെത്തി വളർത്തു മൃഗങ്ങളെ വേട്ടയാടാറുള്ളത്. കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ നൽകി ഉൾക്കാട്ടിൽ തുറന്നുവിടാനാണ് മുഖ്യവനപാലകൻ്റെ ഉത്തരവ്.

പ്രദേശത്തെ അഞ്ച് പശുക്കളെയും നിരവധി നായ്ക്കളേയും കടുവ ആക്രമിച്ചിരുന്നു. കടുവയുടെ സാന്നിധ്യം നാട്ടുകാരിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button