KeralaLatest NewsNews

തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവം, ബസ് ഉടമയോട് മാപ്പ് അപേക്ഷിച്ച് സിഐടിയു നേതാവ് അജയന്‍

കോട്ടയം: തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയന്‍ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയന്‍ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്മോഹന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീര്‍പ്പാക്കുകയായിരുന്നു.

Read Also: ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍

ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും അതിനാല്‍ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയന്‍ ആവശ്യപ്പെട്ടിരുന്നു. മന:പൂര്‍വ്വം കോടതി ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കോടതിയലക്ഷ്യ കേസില്‍ കക്ഷി ചേര്‍ത്ത തന്റെ മേല്‍വിലാസം മോട്ടോര്‍ മെക്കാനിക്ക് യൂണിയന്‍ കോട്ടയം ജില്ലാ സെക്രട്ടറി എന്നാണ്. താന്‍ അത്തരമൊരു സംഘടനയുടെ ഭാരവാഹിയല്ല. നിലവില്‍ തിരുവാര്‍പ്പ് പഞ്ചായത്തംഗമാണെന്നും അജയന്‍ വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവ് നിലനില്‍ക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എന്‍ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.

വേതനം നല്‍കുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാ ജീവനക്കാര്‍ക്കും ഒരേപോലെ വേതന വര്‍ധനവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വെട്ടിക്കുളങ്ങര ബസിന് മുന്നില്‍ സിഐടിയു സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് ആഴ്ചകളോളം ബസ് സര്‍വീസ് നിലച്ചു. തുടര്‍ന്ന് ബസുടമ ബിജെപി അനുഭാവിയായ രാജ്‌മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന തുടങ്ങി. പിന്നീട് കോടതിയെ സമീപിച്ച് ബസ് സര്‍വീസ് നടത്താന്‍ അനുമതി നേടി. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ ബസിന് മുന്നിലെ സിഐടിയുവിന്റെ കൊടിതോരണങ്ങള്‍ അഴിക്കാന്‍ രാജ്‌മോഹന്‍ ശ്രമിച്ചപ്പോഴാണ് സിഐടിയു നേതാവായ അജയന്‍ ആക്രമിച്ചത്. തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ സംഘട്ടനമുണ്ടായി. പൊലീസും നാട്ടുകാരും ഇടപെട്ട് രണ്ട് പേരെയും പിടിച്ചുമാറ്റുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button