KeralaLatest NewsNews

‘ശ്രീകൃഷ്ണ ജയന്തി ദിനം ആ ഉമ്മൂമ്മയെ വിചാരണ ചെയ്ത ആളുകൾ ഇന്നലെ ഈ മതേതരത്വക്കാഴ്ച കണ്ട് പുളകിതരായി’: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

ഇന്നലെ രാത്രി മുതൽ സൈബർ ഇടങ്ങളിൽ മുഴങ്ങി കേട്ട സൈറൺ ആയിരുന്നു ഇതാണ് കേരളം, ഇതാണ് മലപ്പുറം, ഇതാണ് മതേതരത്വം!! നിറുത്താതെ ഉള്ള സൈറൺ കേട്ട് സംഗതി എന്താണെന്ന് നോക്കിയപ്പോൾ ഇന്നലെ രാവിലെ വരെ സനാതന ഫാസിസം ICU വിൽ കിടന്ന് ഊർധ്വശ്വാസം വലിക്കുകയിരുന്ന കേരള മതസൗഹാർദ്ദം ഒരു നോട്ടുമാല ഇൻജെക്ഷനിലൂടെ പുരോഗതി പ്രാപിച്ചു മുത്തം എന്ന മരുന്നിലൂടെ സുഖം പ്രാപിച്ച് എന്തതിശയമേ മതത്തിൻ സ്നേഹം എത്ര മനോഹരമേ എന്ന് പാടിയത്രേ!!!

ഒരു പത്തിരുപത് കൊല്ലം മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നത് ആളുകൾ തമ്മിലുള്ള സൗഹൃദം ആയിരുന്നു, അല്ലാതെ ഇന്ന് ഇങ്ങനെ വൻ ഹൈപ്പ് കൊടുത്ത്, ഫോട്ടോഷൂട്ട് നടത്തി ഒക്കെ ഉണ്ടാക്കുന്ന മതസൗഹാർദ്ദം ആയിരുന്നില്ല. അന്ന് എന്റെ ആഘോഷം നിന്റെ ആഘോഷം എന്ന പകുത്ത് എടുപ്പുകൾ ഉണ്ടായിരുന്നില്ല. മതത്തിന്റെ അതിരുകൾ ഹൃദയത്തിൽ കെട്ടി സൗഹൃദങ്ങളെ തരംതിരിച്ചിരുന്നില്ല. പിന്നെ, അത് എവിടെ നിന്ന് തുടങ്ങി? എല്ലാവരും അവരവരുടെ ഇന്നലെകളിലേയ്ക്ക് നോക്കി ഒരു ആത്മപരിശോധന നടത്തൂ. അപ്പോൾ ഉത്തരം കിട്ടിയേക്കും.

ഞങ്ങളുടെ അമ്മമ്മയുടെ വീടിന് അടുത്ത് താമസിക്കുന്നത് ഒരു പഠാണി കുടുബമാണ്. ഒരു വലിയ കോമ്പൗണ്ടിൽ കുറേയേറെ കുടുംബങ്ങൾ. അവർ പരസ്പരം സംസാരിച്ചിരുന്നത് ഉറുദു ആയിരുന്നു. ഭാഷ കൊണ്ട് മാത്രം ഇസ്ലാം എന്ന അടയാളപ്പെടുത്തലുമായി ജീവിച്ചിരുന്ന പഠാണി കുടുംബം. നല്ല നിലാവ് പോലുള്ള വെള്ള സാരി ഉടുത്തിരുന്ന അതിസുന്ദരി ആയ ഒരു അമ്മൂമ്മ ആയിരുന്നു ആ കുടുംബത്തിലെ ഏറ്റവും തല മൂത്ത അംഗം. ഞങ്ങൾ അയൽക്കാർ ഒക്കെ അവരെ വിളിച്ചിരുന്നത് ഭായിയമ്മ എന്നായിരുന്നു. മതത്തിന്റെ മതിലുകൾ കൊണ്ട് പരസ്പരം അതിർവരമ്പുകൾ കെട്ടാതെ ഹിന്ദു -ക്രൈസ്തവ -മുസ്ലീം കുടുംബങ്ങൾ പരസ്പരം താങ്ങും തണലുമായി ജീവിച്ചിരുന്ന സുന്ദര കാലം. ഓണം വരുമ്പോൾ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഒപ്പം പായസവും പകർച്ചയായി കൊണ്ട് കൊടുത്തിരുന്നു. പെരുന്നാളിന് അവർ തരുന്ന നെയ്ച്ചോറും മട്ടൻ കറിയും സേമിയ കൊണ്ട് ഉണ്ടാക്കിയ ഒരു തരം മധുരവും ഇന്നും ഓർമകളിലെ ഏറ്റവും മധുരമുള്ള ബാല്യ -കൗമാര ഓർമ്മകൾ. ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുമ്പോൾ തലേ ദിവസം അമ്മയുടെ കൈവശം നേർച്ച പൈസ കൊടുത്ത് വിടുന്ന ഭായ് അമ്മയുടെ സുന്ദര മുഖം. പൊങ്കാല പ്രസാദം വൈകിട്ട് കൊണ്ട് കൊടുക്കുമ്പോൾ രുചിയോടെ കഴിക്കുന്ന ഭായ് അമ്മയും കുടുംബവും.!!!

മാറ്റം വന്ന് തുടങ്ങിയത് പിന്നീടാണ്. അത് കൃത്യമായി ഓർക്കുന്നു. അവരുടെ കുടുംബത്തിലെ ഒരു ഇളമുറയെ സൗദിയിൽ ബിസിനസ്സ് ഉള്ള ഒരാൾ കെട്ടുന്നു. പിന്നീട് അത് വരെ കാണാത്ത മാറ്റം വസ്ത്രങ്ങളിൽ നിന്ന് തുടങ്ങുന്നു. പിന്നീട് ഭായ് അമ്മ മരിക്കുന്നു. മരിക്കുവോളം വെള്ളയിൽ കുഞ്ഞു പൂക്കൾ ഉള്ള കോട്ടൻ സാരി മാത്രം ധരിച്ചിരുന്ന ഭായ് അമ്മയുടെ ഇളയ മകൾ പിന്നീട് തലയിൽ കറുത്ത ശിരോവസ്ത്രം ധരിക്കുന്നു. പിന്നീട് അവരുടെ മകൻ ( ഞങ്ങൾ ഒക്കെ എടുത്ത് നടന്നിരുന്ന മോൻ ) മതപഠന ക്‌ളാസ്സുകൾ എടുക്കുന്നു. കുഞ്ഞിലേ അടിച്ചു പൊളിച്ചു നടന്ന മോൻ പിന്നീട് അടിമുടി മാറുന്നു. ആരോടും അടുപ്പം കാണിക്കാതെ ഹൃദയത്തിൽ മതിൽ കെട്ടി തുടങ്ങുന്നു. പിന്നീട് പൊങ്കാല പ്രസാദം കഴിക്കില്ല, കൊണ്ട് വരരുത് എന്ന് തീർത്തു പറയുന്നു. അറിയാതെ അയൽക്കാർ തമ്മിൽ ഹൃദയത്തിൽ മതത്തിന്റെ അതിരുകൾ കെട്ടി വഴി പിരിയുന്നു. ഇത് ഞങ്ങളുടെ കണ്മുന്നിൽ നടന്ന, എനിക്ക് അനുഭവവേദ്യമായ സംഭവം!!!

ഇസ്ലാം എന്ന അടയാളപ്പെടുത്തലിന് തലയിൽ ഒരു തുണിയിട്ട് രണ്ട് സ്ലൈഡ് വച്ചിരുന്ന സ്ഥാനത്തു അടിമുടി മൂടുന്ന കറുത്ത വസ്ത്രം വന്ന് തുടങ്ങിയത് എന്ന് മുതൽക്കാണ്? നല്ല പോത്തിറച്ചിയും പൊറോട്ടയും പത്തിരിയും ഒക്കെ വിളമ്പിയിരുന്ന ഹോട്ടലുകളിൽ ഹലാൽ ബോർഡുകൾ തൂക്കിയിട്ടത് എന്ന് മുതൽ??? ഒരു സ്ഥാപനം തുടങ്ങി, പിന്നീട് അതിനടുത്തുള്ള സ്ഥലങ്ങൾ വാങ്ങി കൂട്ടി ബന്ധുക്കൾ വക മറ്റു സ്ഥാപനങ്ങൾ തുടങ്ങി പിന്നീട് മെല്ലെ അതിനടുത്തു ഒരു പള്ളിയായി, പള്ളിയോട് ചേർന്ന് മതശാല കെട്ടിപ്പൊക്കിയത് ഒക്കെ ആരാണ്? ചോദ്യപ്പേപ്പറിലെ ഒരു പേര് പോലും ബ്ലാസ്ഫെമി ആയി മാറിയത് എന്ന് മുതൽക്ക്?? ചോദ്യങ്ങൾ അനവധിയാണ്.

ഇനി ഇന്നലെ കേരളം സ്തുതി പാടിയ മലപ്പുറം വരെ ഒന്ന് പോയേച്ചും വരാം.

ഒരു സോപാനപടിയിൽ വർഗ്ഗീയത കണ്ട എല്ലാ മതേതരരും ഇപ്പോൾ ഒരു ഹിന്ദു സ്ത്രീ നല്കിയ നോട്ടുമാലയും മുത്തവും കണ്ട് പുളകിതരായിരിക്കുന്ന പ്രബുദ്ധതയുടെ പേരാകുന്നു നമ്പർ 1 കേരളം. കുറേ വര്‍ഷം മുമ്പ് തിരൂര്‍ സിറ്റി ജംങ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ പത്ര മുത്തശ്ശി മനോരമ തയ്യാറായി. ഈ പത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നഗരസഭ അംഗീകരിച്ചതോടെ രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പി തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മ്മിച്ചു. എന്നാല്‍ മതേതരം നാലു നേരം പുഴുങ്ങി തിന്നുന്ന കേരളത്തിൽ പ്രതിമയുടെ പ്ലാറ്റ്ഫോം കണ്ടതും ചിലർക്ക് ബാധ കയറി. സോപാനം മാതൃകയിലായിരുന്നു നിര്‍മാണം അതിനു മീതെ പ്രതിമ വന്നാല്‍ പൂജ തുടങ്ങുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേക്കും തൂവലിന്റയും ശില്പമുണ്ടാക്കി പത്രമുത്തശ്ശിയും പിൻവാങ്ങി. എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാവാതെ ചാക്കില്‍ പൊതിഞ്ഞ നിലയില്‍13 വര്‍ഷമാണ് ശില്‍പിയുടെ വീട്ടില്‍ കിടന്നത്. തിരൂരില്‍ ഒരിടത്തും എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു ബോധ്യമായതോടെ ശില്‍പ്പി പഠിച്ച അരിയല്ലൂരിലെ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.

എന്തായാലും മലപ്പുറത്തെ തിരൂരിൽ സോപാന പടിയും പൂണൂലിട്ട എഴുത്തച്ഛന്റെ പ്രതിമയും കാരണം തകർന്ന മതേതരത്വം അതേ ജില്ലയിലെ ഇന്നലെ പൂത്തു വിടർന്നു നില്ക്കുന്നുണ്ടല്ലോ. മലയാള ഭാഷയുടെ പിതാവിനു നല്കാത്ത ഔന്നത്യം ഒരു ഫോട്ടോഷൂട്ടിന് നല്കുന്ന പ്രബുദ്ധത ! ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ഷേക്സ്പിയറിനു പറയാം. എന്നാൽ കേവലം ഒരു പേര് കാരണം അറ്റ് വീണ കൈപ്പത്തി പറയുന്നുണ്ട് ചില പേരുകളിലെങ്കിലും പലതുമുണ്ടെന്ന് .

ഇന്നലെ മലപ്പുറത്തു നടന്ന ആ സംഭവം കണ്ടിട്ട് പ്രത്യേകത ഒന്നും തോന്നിയില്ല. കാരണം അത് കണ്ടിട്ട് വലിയ ഒരു സംഭവം ആണെന്ന് തോന്നുന്നത് ഉള്ളിൽ തീവ്രമതം പേറി വീർപ്പു മുട്ടുന്നവർക്ക് മാത്രമാണ്. ആ സ്ത്രീ നല്കിയ മുത്തം ഹൃദയത്തിൽ നിന്നാണെങ്കിൽ, അതിന്റെ പിന്നിൽ ഒരു തിരക്കഥ ഇല്ലെങ്കിൽ അത് മനോഹരമായ ഒരു സ്നേഹക്കാഴ്ച. സൗഹൃദത്തെ മതമാപിനിയിലൂടെ അളക്കാത്ത ഏതൊരാൾക്കും ഇതിലൊന്നും ഒരു പുതുമയും അവകാശപ്പെടാനില്ല. ശ്രീകൃഷ്ണ ജയന്തി ദിനം ഒരു കൊച്ചു കുഞ്ഞിന്റെ ആഗ്രഹം നിറവേറ്റിയ ഒരു ഉമ്മൂമ്മയെ വിചാരണ ചെയ്ത എൻപത് ശതമാനം ആളുകൾ ഇന്നലെ ഈ മതേതരത്വക്കാഴ്ച കണ്ട് രോമാഞ്ചപുളകിതരായി എന്നത് മുട്ടൻ കോമഡി. ഇനി നവരാത്രി വരുന്നുണ്ട് ട്ടാ!! ഇന്നലെ കണ്ട മതേതരത്വം അപ്രത്ത് കണ്ടാൽ, ഏതേലും മുസ്ലീം സഹോദരനോ സഹോദരിയോ അരിയിൽ ഹരിശ്രീ എഴുതിച്ചാൽ കഴുത്തു ബാക്കി വച്ചേക്കണം ട്ടാ!!! അവിടുന്ന് ഇബടെ വന്നാൽ പെരുത്ത് ആഹാ!!!! ഇബിടന്ന് അങ്ങട് പോയാൽ ഇമ്മിണി ബല്യ ങ്ങേ ഹേ!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button