KeralaLatest NewsNews

വികസന പദ്ധതികള്‍ക്ക് കുതിപ്പേകുന്ന തീരുമാനങ്ങളുമായി മേഖലാതല അവലോകന യോഗം

തിരുവനന്തപുരം: തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് ഗതിവേഗം പകരുന്ന സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ തൃശൂരിൽ നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവിൽ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്. നേരത്തേ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തലത്തിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ തുടർച്ചയെന്ന രീതിയിലായിരുന്നു അവലോകന യോഗം. അതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിലെ പൊതുവായ വികസന പുരോഗതിയും യോഗം വിലയിരുത്തി.

Read Also: കോഴ കൈമാറിയ ദിവസം അഖില്‍ മാത്യു തലസ്ഥാനത്ത് എത്തിയിട്ടില്ല, പത്തനംതിട്ടയില്‍!! സംഭവം ആള്‍മാറാട്ടമെന്ന് സംശയം

തൃശൂർ ജില്ലയിലെ ഏനാമാക്കൽ റെഗുലേറ്ററിന്റെ നവീകരണത്തിന് 8.59 കോടി രൂപയുടെയും ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണത്തിന് 5.04 കോടി രൂപയുടെയും പുതുക്കിയ ഭരണാനുമതി നൽകി. ചാലക്കുടി ആനക്കയം കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട് അർഹരായ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകാൻ യോഗത്തിൽ തീരുമാനമായി. വനാവകാശ നിയമപ്രകാരം ഇവർക്ക് ലഭിച്ച ഭൂമിക്ക് പകരമായി പോത്തുപാറയിൽ 1.72 ഹെക്ടർ ഭൂമിയാണ് നൽകുക. അതിരപ്പിള്ളി വീരാൻകുടി പട്ടികജാതി സങ്കേതത്തിൽ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടിയും വേഗത്തിലാക്കും. വനാവകാശ നിയമ പ്രകാരം ഇവർക്ക് ലഭിച്ച ഭൂമിയ്ക്ക് പകരം ഞണ്ടുചുട്ടാൻ പാറയിൽ ഭൂമി ലഭ്യമാക്കും. ഇതിനായി പട്ടിക വർഗ വകുപ്പുമായി ചേർന്ന് ഒക്ടോബർ 3ന് സംയുക്ത പരിശോധന നടത്തും.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര പട്ടിക വർഗ സങ്കേതത്തിലുള്ളവർക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിന് ഫോറസ്റ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും. ഭൂരഹിത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിച്ച കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് കുടിവെള്ളം, റോഡ് ,തെരുവ് വിളക്ക് എന്നിവ ഈ വർഷം തന്നെ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമായി.

വികസന പ്രവർത്തനങ്ങൾക്കുവേണ്ടി മരം മുറിച്ചു മാറ്റുന്നതിന് കാലതാമസം നേരിടുന്നതിലും മരങ്ങൾക്ക് സോഷ്യൽ ഫോസ്ട്രി നിശ്ചയിക്കുന്ന ഭീമമായ വില സംബന്ധിച്ചും പൊതുമാനദണ്ഡം സ്വീകരിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനം കൈക്കൊള്ളാനും യോഗത്തിൽ ധാരണയായി. ജില്ലയിലെ സെപ്‌റ്റേജ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കും. ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുന്നതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ യോഗം തീരുമാനിച്ചു.

ചാലക്കുടി താലൂക്ക് പരിധിയിലെ മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിക്കുന്ന മലക്കപ്പാറയിൽ സ്ഥിരം ദുരിതാശ്വാസ ക്യാമ്പ് അനുവദിക്കുന്നതിന് വിശദമായ ഡി പി ആർ നൽകാനും യോഗം നിർദ്ദേശിച്ചു. 2017 – 18 തൃപ്രയാർ കാത്താണി ചാവക്കാട് റോഡ് വികസനമായി ബന്ധപ്പെട്ട പുതിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകിയതായി അധികൃതർ അറിയിച്ചു. കോൾ മേഖലയിൽ ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് മുനയത്ത് സ്ഥിരം റെഗുലേറ്റർ നിർമിക്കുന്നതിന് ആവശ്യമായ ഡിപിആർ സമർപ്പിക്കാനും യോഗം നിർദ്ദേശിച്ചു.

Read Also: ആയുഷ് ഡിഗ്രി: മറ്റു സംസ്ഥാനങ്ങളിലെ സംവരണ സീറ്റുകളിൽ പ്രവേശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button