Latest NewsArticleNewsIndiaInternationalWriters' Corner

ഖാലിസ്ഥാനും പാകിസ്ഥാന്റെ നിഴൽയുദ്ധവും

എന്താണ് ഖാലിസ്ഥാൻ..?

സിഖ് മതസ്ഥർ മാത്രം ഉൾക്കൊള്ളുന്ന രാജ്യത്തെയാണ് ഖാലിസ്ഥാൻ എന്ന പദം കൊണ്ട് വിഘടനവാദികൾ അർത്ഥമാക്കുന്നത്. സിഖ് ഭൂരിപക്ഷ മേഖലയായ പഞ്ചാബ് കേന്ദ്രീകരിച്ച് ഇത്തരമൊരു രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണിവർ ഇന്ത്യയോട് യുദ്ധം ചെയ്യുന്നത്. ഇന്ത്യ-പാക് വിഭജനത്തിനു ശേഷമാണ് ഖാലിസ്ഥാന്‍ വാദം ഇന്ത്യയിൽ ആദ്യമായി ഉയരുന്നത്. ഏഴു ദശാബ്ദത്തിലധികമായി തുടരുന്ന ഖാലിസ്ഥാന്‍ പ്രസ്ഥാനം പക്ഷേ, അതിന്റെ പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. ആദ്യകാല പ്രവർത്തകരും നേതൃത്വവും ‘സിഖ് അനുകൂലം’ എന്ന വിശേഷണത്തിന് ഏറെക്കുറെ അർഹരായിരുന്നുവെങ്കിൽ, ഇന്നത്തെ ഖാലിസ്ഥാനികൾ ‘ഇന്ത്യാവിരുദ്ധർ’ എന്ന വിശേഷണത്തിലേക്ക് പൂർണ്ണമായും ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവ മാത്രമാണ് ഖാലിസ്ഥാൻ.

ഖാലിസ്ഥാൻ ഭീകരവാദ പ്രസ്ഥാനത്തെ ഇന്ന് കാണുന്ന രൂപത്തിലാക്കി മാറ്റിയതിനു പിറകിൽ പാകിസ്ഥാന്റെ കയ്യയച്ചുള്ള സംഭാവനയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കാശ്മീർ കൈയിൽ നിന്ന് വഴുതിപ്പോയതിന്റെ നഷ്ടബോധം, അത് തിരിച്ചുപിടിക്കാൻ ഏത് കുൽസിത മാർഗ്ഗങ്ങൾ ഉപയോഗിക്കാനും പാകിസ്ഥാനെ പ്രേരിപ്പിച്ചിരുന്നു. ഈ സമയത്താണ് സ്വന്തം മതരാഷ്ട്രം എന്ന വാദവുമായി ഖാലിസ്ഥാനികളുടെ ഉദയം. 60 കളുടെ അവസാനത്തിൽ, തങ്ങളിൽ നിന്നും വേർപെട്ട് പോകാൻ നോക്കിയ കിഴക്കൻ പാകിസ്ഥാനെ (ഇന്നത്തെ ബംഗ്ലാദേശ്) ബംഗാൾ വംശജരെ കൂട്ടക്കൊല ചെയ്ത് അടിച്ചമർത്താൻ പാക് ഭരണകൂടം ശ്രമിച്ചു. ലോകത്തിൽ ആദ്യമായി ബലാൽസംഗം ഒരു ആയുധമായി ഉപയോഗിച്ചത് ബംഗ്ലാദേശിലാണ്. യുദ്ധത്തിലെ ഔദ്യോഗിക കണക്കുകൾ യഥാർത്ഥ കണക്കുകളെക്കാൾ ഒരുപാട് കുറവായിരിക്കുമെന്നത് പരസ്യമായ ഒരു രഹസ്യമാണ്. ബംഗ്ലാദേശിൽ പാക് സൈന്യം രണ്ടു മുതൽ നാലു ലക്ഷം വരെ സ്ത്രീകളെയും പെൺകുട്ടികളെയും ക്രൂരമായി പീഡിപ്പിച്ചതായി ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ അവസരത്തിലായിരുന്നു ഇന്ത്യയുടെ സൈനിക ഇടപെടലും തുടർന്ന്, കിഴക്കൻ പാക്കിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചതും. കശ്മീർ ഒട്ടു കിട്ടിയുമില്ല, ബംഗ്ലാദേശ് പോവുകയും ചെയ്തു എന്ന അവസ്ഥ അക്ഷരാർത്ഥത്തിൽ പാക് ഭരണകൂടത്തെ ഭ്രാന്ത് പിടിപ്പിച്ചു. എന്തു വിലകൊടുത്തും സിഖ് വിഘടനവാദം പ്രോത്സാഹിപ്പിക്കണമെന്നു സുൽഫിക്കർ അലി ഭൂട്ടോയുടെ കീഴിലുള്ള പാക് ഭരണകൂടം തീരുമാനിക്കുന്നത് ഇതിനുശേഷമാണ്.

കനേഡിയൻ സിഖ് ഡയസ്പോറയും ഖാലിസ്ഥാൻ പ്രവർത്തനങ്ങളും

1897ൽ, വിക്ടോറിയ രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ചാണ് കാനഡയിൽ ആദ്യത്തെ സിഖ് കുടിയേറ്റം ഉണ്ടാകുന്നത്. 1900 ആകുമ്പോഴേക്കും കുടിയേർന്നവരുടെ ഒഴുക്ക് ശക്തമായി. 2021 കാനഡ സെൻസസ് പ്രകാരം ഇന്നവർ ജനസംഖ്യയുടെ 2.1 ശതമാനമാണ്. അതായത്, ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സിഖ് ജനസമൂഹം കാനഡയിലാണ് വസിക്കുന്നത്. ഇന്ത്യൻ സിക്ക് വംശജരുമായി താരതമ്യം ചെയ്യുമ്പോൾ ഇവരെല്ലാം തന്നെ ധനികരാണെന്നും പറയേണ്ടി വരും. പ്രധാനമായും ഇവരിൽ നിന്നാണ് ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പ്രവർത്തനത്തിനുള്ള പണം ലഭിക്കുന്നത്. 1984ൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സുവർണ്ണ ക്ഷേത്രം ആക്രമിക്കപ്പെട്ടത് ലോകത്തെമ്പാടുമുള്ള സിക്ക് വിശ്വാസികളുടെ ഹൃദയം തകർത്ത സംഭവമായിരുന്നു. ഈ സാഹചര്യം കൃത്യമായി മനസിലാക്കിയ ഖാലിസ്ഥാൻ തീവ്രവാദികൾ കളമറിഞ്ഞു കളിച്ചു. സിഖ് മതത്തിന്റെ, ഖൽസയുടെ സംരക്ഷകരാണ് തങ്ങളെന്ന പ്രതീതി ആഗോള സിഖ് സമൂഹത്തിൽ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു. നാട്ടിൽ നടക്കുന്ന യഥാർത്ഥ കഥ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാഞ്ഞ സിഖ് സമൂഹം തങ്ങളുടെ മതത്തെ സംരക്ഷിക്കാൻ ജീവിതമുഴിഞ്ഞു വച്ചവരായി ഇന്ത്യയിലെ ഖാലിസ്ഥാൻ ഭീകരവാദികളെ കണക്കാക്കി. നേരിട്ട് യുദ്ധം ചെയ്യാൻ സാധിക്കില്ലെങ്കിലും യുദ്ധം ചെയ്യുന്നവർക്ക് ഒരു കുറവും വരാതിരിക്കാൻ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇവർ നിശ്ചയിച്ചു. ഫലം, ആഗോള രാഷ്ട്രങ്ങളിൽ നിന്നും അനുസ്യൂതമായി ഖാലിസ്ഥാൻ ഭീകര പ്രവർത്തകർക്ക് പണമൊഴുകി.

അതോടെ, ഇതിലെ ലാഭസാധ്യത മുന്നിൽകണ്ട് ഗ്രൗണ്ട് വർക്ക് ചെയ്യുന്ന ഖാലിസ്ഥാൻ ഭീകരർക്കൊപ്പം നിരവധി കപട സിഖ് സംഘടനകളും തുരുതുരാ രൂപീകരിക്കപ്പെട്ടു. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ സിഖ് ജനസമൂഹം വസിക്കുന്ന കാനഡയിലായിരുന്നു സ്വാഭാവികമായും ഏറ്റവുമധികം സംഘടനകളും ഉടലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യാനല്ലാതെ, പത്തുപേരുടെ തുണയില്ലാതെ പുറത്തിറങ്ങാൻ പോലും ധൈര്യമില്ലാത്ത ഗുർപത് വന്ത് പന്നുവിനെ പോലെയുള്ള ‘ഓൺലൈൻ ഖാലിസ്ഥാനികൾ’ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. എന്നാൽ, മതവിശ്വാസം മാത്രം അടിസ്ഥാനമാക്കി ഖാലിസ്ഥാൻ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പോരാളികൾ ഇവരുടെ കീഴിൽ നിരവധിയുണ്ട്. ഇവരുടെ പ്രഹരശേഷിയെ മുൻനിർത്തിക്കൊണ്ടാണ് പന്നുവിനെ പോലെയുള്ളവർ സിഖ് സമുദായത്തിന്റെ വിശ്വാസം നേടിയെടുക്കുന്നത്.

നിശബ്ദമായി ഖാലിസ്ഥാൻ രാഷ്ട്രരൂപീകരണം ഉള്ളിൽ വച്ചുപുലർത്തിയിരുന്ന പുതുതലമുറയിലെ പലരും വിദ്യാഭ്യാസാനന്തരം കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്തു. അന്യരാജ്യത്ത് താവളമുറപ്പിച്ച അവരിൽ പലരും അതിസമ്പന്നരായി വളർന്നു. അതോടെ, കാനഡയുടെ രാഷ്ട്രീയം നിർണയിക്കുന്നതിൽ ഒരു പ്രധാന സ്വാധീന ശക്തിയായി സിഖ് ജനത മാറി. സിഖ് വംശജർ കനേഡിയൻ രാഷ്ട്രീയത്തിലെ നിർണായ ശക്തികളായതോടൊപ്പമാണ് താമസംവിനാ സിഖ് റാഡിക്കൽ ഗ്രൂപ്പുകളും ശക്തി പ്രാപിച്ചത്.

ലിബറൽ പാർട്ടി: ഖാലിസ്ഥാനികളുടെ അഭയ കേന്ദ്രം

കാനഡയിലെ ലിബറൽ പാർട്ടി ഖാലിസ്ഥാൻവാദികളുടെ ദശാബ്ദങ്ങളായുള്ള സംരക്ഷകരാണ്. കഥ തുടങ്ങുന്നത് ഒരുപാട് വർഷങ്ങൾക്ക് മുൻപാണ്. 1982ൽ, പോലീസുകാരെ കൊലപ്പെടുത്തി കാനഡയിലേക്ക് രക്ഷപ്പെട്ട ഭീകരൻ തൽവീന്ദർ സിംഗിനെ കൈമാറാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ, അന്ന് ഭരണത്തിലിരുന്ന ലിബറൽ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ പിയറി ട്രൂഡോ ആ ആവശ്യം തള്ളിക്കളഞ്ഞു. അപകടകാരിയായ തൽവീന്ദർ സിംഗിനെ സൂക്ഷിക്കണമെന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടും അയാൾ നിസ്സാരമായി പുച്ഛിച്ചു തള്ളി. കൃത്യം മൂന്നു വർഷത്തിനകം, കാനഡയിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യയുടെ കനിഷ്ക വിമാനം തൽവീന്ദർ സിംഗുൾപ്പെടെയുള്ള ഭീകരർ ബോംബ് വച്ചു തകർത്തു! കുറ്റവാളികളെല്ലാവരും അറസ്റ്റിലായെങ്കിലും, ആരുടെയൊക്കെയോ ഇടപെടൽ മൂലം ശക്തമായ തെളിവില്ലാത്തതിനാൽ ഒരാൾ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളൂ. അതും, 329 പേരെ ഫ്ലൈറ്റിൽ ബോംബ് വെച്ച് കൊന്ന കുറ്റത്തിന് വെറും പത്ത് വർഷം! കൊല്ലപ്പെട്ടവരിൽ 268 പേർ കനേഡിയൻ പൗരന്മാരായിരുന്നിട്ടും അന്വേഷണം അട്ടിമറിക്കപ്പെട്ടത് ഇന്നും നിഗൂഡമായി തുടരുന്നു.

പിയറിയുടെ ഇന്ത്യാവിരുദ്ധത പിന്നീടും തലപൊക്കിയിരുന്നു. 1960ൽ, കാനഡ& യു.എസ് സഹകരണത്തോടെ ഇന്ത്യ ഒരു ആണവ റിയാക്ടർ സ്ഥാപിച്ചിരുന്നു. 1974ൽ, പൊഖ്റാനിൽ ഇന്ത്യ അണുപരീക്ഷണം നടത്തിയപ്പോൾ, ഇന്ത്യയുടെ ന്യൂക്ലിയർ റിസർച്ചിനുള്ള പിന്തുണ പിൻവലിച്ച്, ന്യൂക്ലിയർ റിയാക്ടറുകളിൽ ജോലി ചെയ്തിരുന്ന കനേഡിയൻ ശാസ്ത്രജ്ഞൻമാരെ പിയറി ട്രൂഡോ തിരിച്ചു വിളിച്ചു. കാനഡയുമായുള്ള ആണവകരാർ ലംഘിച്ചു എന്നായിരുന്നു ട്രൂഡോ ഇതിനു കാരണം പറഞ്ഞത്. എന്നാൽ, 2005ൽ ഡീക്ലാസിഫൈഡ് ചെയ്യപ്പെട്ട 1972ലെ ഒരു യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ക്ലാസിഫൈഡ് ഫയലിൽ, സമാധാനപരമായ അണുപരീക്ഷണങ്ങൾക്ക് റിയാക്ടർ ഉപയോഗിക്കരുതെന്ന വ്യവസ്ഥയില്ലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

ഇന്ന് ലിബറൽ പാർട്ടി നേതാവും കാനഡയുടെ പ്രധാനമന്ത്രിയുമായ ജസ്റ്റിൻ ട്രൂഡോ അച്ഛന്റെ പാത പിന്തുടരുകയാണ്. ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിറകിൽ പ്രവർത്തിച്ചത് ഇന്ത്യൻ ഏജന്റുമാരാണെന്ന് ട്രൂഡോ പരസ്യമായി ആരോപിച്ചു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പഴിചാരി കാനഡയിലെ 7.7 ലക്ഷം വരുന്ന സിഖ് വോട്ടുകള്‍ നേടാന്‍ ശ്രമിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പക്ഷേ, അച്ഛനോളം മിടുക്കില്ല. അദ്ദേഹത്തിന്റെ നിരുത്തരവാദിത്തപരമായ ഈ പ്രസ്താവന ലിബറൽ പാർട്ടിയെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സഖ്യകക്ഷികളായ അമേരിക്ക, യു.കെ, ഓസ്ട്രേലിയ മുതലായവരിൽ ഒരാൾ പോലും കനേഡിയൻ ഗവൺമെന്റിന് അനുകൂലമായ നിലപാടെടുത്തില്ല. കാനഡയിൽ ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച പിയറി ട്രൂഡോയുടെ യുഗം ‘ട്രൂഡോമാനിയ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിൽ, യാതൊരു രാഷ്ട്രീയ പ്രതിച്ഛായയുമില്ലാത്ത ജസ്റ്റിൻ ട്രൂഡോ അറിയപ്പെടുന്നത് ‘പോസ്റ്റർ ബോയ്’ എന്നാണ്. കൂടെ, ഇന്ത്യ പോലൊരു ശക്തമായ രാജ്യത്തിന്റെ അപ്രീതി സമ്പാദിച്ച ജസ്റ്റിനെതിരെ സ്വന്തം രാജ്യത്തിനകത്തു നിന്ന്തന്നെ ശക്തമായ പ്രതിഷേധമാണ് ഉണ്ടാവുന്നത്. ഭീകരവാദികള്‍ക്ക് കാനഡ സുരക്ഷിത താവളമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രിയെ പോലെയുള്ളവരുടെ പ്രസ്താവന ട്രൂഡോയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മേൽ കരിവാരിത്തേച്ചിരിക്കുന്നു.

2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറി എന്ന പ്രദേശത്തെ ഒരു ഗുരുദ്വാരയിലാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകവും ദൃക്സാക്ഷി മൊഴികളും 90 സെക്കന്‍റിന്റെ വീഡിയോ ആയി പുറത്തുവന്നിരുന്നു. ഇത് വിശദമായി പരിശോധിച്ച് വിലയിരുത്തി അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ നിജ്ജാറിന്റെ കൊലപാതകം ഗുണ്ടപ്പകയാണെന്നും വധിച്ചത് സിഖുകാർ തന്നെയാണെന്നും ചൂണ്ടിക്കാട്ടുന്നു.

2020ൽ, ബലൂച് മനുഷ്യാവകാശ പ്രവര്‍ത്തകയും പാക് വിമര്‍ശകയുമായ കരിമ കാനഡയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ബലൂച് ആക്ടിവിസ്റ്റുകളുടെ തിരോധാനത്തിനെതിരെ ശക്തമായി പാകിസ്ഥാനെ വിമര്‍ശിച്ചിരുന്ന കരിമ, പരോക്ഷമായി മിലിറ്ററി നിയന്ത്രിക്കുന്ന പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു. പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുറന്നുകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇവർ പരസ്യമായി പിന്തുണച്ചിരുന്നു. കരിമയുടെ കൊലപാതകത്തിന് പിറകിൽ പ്രവർത്തിച്ച ഹീനമായ കൈകൾ ഐ.എസ്.ഐയുടെയാണെന്ന് ശക്തമായ ആരോപണമുണ്ടായെങ്കിലും അന്വേഷിക്കാൻ കനേഡിയൻ ഭരണകൂടം തയ്യാറായില്ല. ഐ.എസ്.ഐയെയും പാക്കിസ്ഥാനെയും പിണക്കാൻ തയ്യാറാവാതിരുന്ന ജസ്റ്റിൻ ട്രൂഡോയ്ക്ക് അന്ന് ചോദ്യവുമില്ലായിരുന്നു, ഉത്തരവുമില്ലായിരുന്നു. ഇതിൽ നിന്നുതന്നെ ട്രൂഡോയുടെയും ലിബറൽ പാർട്ടിയുടെയും താല്പര്യങ്ങൾ വ്യക്തമാണ്.

എന്നാൽ, ഈ ഇന്ത്യാവിരുദ്ധ പ്രസ്താവനയുടെ പ്രത്യാഘാതങ്ങൾ ട്രൂഡോ കണക്കുകൂട്ടിയതിലും അപ്പുറമാവുകയാണെന്നാണ് നിലയ്ക്കാത്ത പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ജസ്റ്റിൻ ഭരണകൂടം നിശബ്ദരാണെന്ന് ചൂണ്ടിക്കാട്ടി മുൻ പൊതുസുരക്ഷാ മന്ത്രി കാഷ് ഹീഡ് അടക്കമുള്ളവർ രംഗത്തെത്തിയതോടെ, സംഗതി കൊഴുത്തു. തൊട്ടുപിറകെ, കാനഡ അവകാശപ്പെടുന്നത് പോലെ ഹർദീപ് സിങ് നിജ്ജാർ വെറുമൊരു പ്ലംബർ മാത്രമല്ലെന്നും അയാളുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി മുൻ പെന്റഗൺ ഉദ്യോഗസ്ഥനായ മൈക്കിൾ റൂബിൻ കൂടി രംഗത്ത് വന്നതോടെ ആപ്പ് വലിച്ചൂരി കുടുങ്ങിപ്പോയ കുരങ്ങന്റെ അവസ്ഥയിലാണ് ഇപ്പോൾ പോസ്റ്റർ ബോയ് ട്രൂഡോ.

കഷ്ടകാല സമയത്ത് ആപത്ത് കൂട്ടത്തോടെ വരുമെന്നൊരു ചൊല്ലുണ്ട്. കൂനിന്മേൽ കുരു പോലെ, മുൻ നാസി സൈനികനായ ഉക്രേനിയൻ നാസി യാരോസ്ലാവ്‌ ഹുങ്കയെ ട്രൂഡോ പാർലമെന്റിൽ ആദരിച്ചതോടെ, ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം കാനഡയ്ക്കെതിരെ തിരിഞ്ഞു. നാസി സൈനിക വിഭാഗമായ SS-ന്റെ 14 മത്തെ വാഫെൻ ഗ്രനേഡിയർ ഡിവിഷനിൽ സേവനമനുഷ്ഠിച്ച ഹുങ്കയുടെ റെജിമെന്റ് മനുഷ്യാവകാശ ലംഘനങ്ങൾക്കും പീഡനങ്ങൾക്കും കുപ്രസിദ്ധമായിരുന്നു. ഹൗസ് സ്പീക്കർ ആന്റണി റോട്ട, ഹുങ്കയെ ക്ഷണിച്ചതിന്റെയും പാർലമെന്റിൽ ആദരിച്ചതിന്റെയും പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ട്രൂഡോയുടെ തടിയൂരാൻ നോക്കിയെങ്കിലും കുപിതരായ ജനങ്ങൾ അതിന് സമ്മതിച്ചില്ല. പാർലമെന്റിൽ ആദരിക്കുന്നതിന് മുൻപ് ജസ്റ്റിൻ ട്രൂഡോ കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷം വെളിപ്പെടുത്തിയതോടെ, ജസ്റ്റിന്റെ അവസാന പ്രതിരോധവും തകർന്നു. പ്രതിപക്ഷ നേതാവായ പിയറി പൊയ്‌ലിവറുടെ മൂർച്ചയുള്ള വാക്കുകൾ ജനസമൂഹത്തെ ഇളക്കിവിടുകയാണ്. ഇതിന്റെ അനന്തരഫലങ്ങൾ കനേഡിയൻ പൗരന്മാരിലും കാണാനുണ്ട്. ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ഖാലിസ്ഥാൻ ഭീകരരുടെ പട്ടികയും അവർ ചെയ്ത കുറ്റങ്ങളുടെ സമ്പൂർണ്ണ തെളിവുകളും ഇന്ത്യ നിരവധി അവസരങ്ങളിൽ കനേഡിയൻ സർക്കാരിനും ഇന്റലിജൻസ് ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. ഈ വർഷം ആദ്യവും കാനഡയുടെ സുരക്ഷിതത്വം ആസ്വദിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പത്തിലധികം ഖാലിസ്ഥാൻ വിഘടനവാദികളെ സംബന്ധിച്ച റിപ്പോർട്ട് ഇന്ത്യ സമർപ്പിച്ചിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ നാളിതുവരെ ഒരു ചെറുവിരലനക്കാൻ കാനഡ തയ്യാറായിട്ടില്ല.

കാനഡയുടെ ലോകരാഷ്ട്രങ്ങൾക്ക് മുൻപിലുള്ള വിശ്വാസ്യത പരിപൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധു എന്നറിയപ്പെടുന്ന ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും പ്രസിഡന്റുമായ ഷെയ്ക്ക് മുജീബുർ റഹ്മാനെ സൈനിക അട്ടിമറിയിൽ കൊലപ്പെടുത്തിയ കുപ്രസിദ്ധനായ സൈനികൻ നൂർ ചൗധരിയെ കാലങ്ങളായി വിചാരണ ചെയ്യാൻ ബംഗ്ലാദേശ് കാത്തിരിക്കുന്നു. എന്നാൽ, ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ, പ്രസിഡണ്ടിനെ വധിച്ച് ഇയാളും സുഖവാസം അനുഭവിക്കുന്നത് കാനഡ സർക്കാരിന്റെ സംരക്ഷണയിൽ തന്നെയാണ്. പലപ്പോഴായി നടന്ന സംഭവങ്ങളെല്ലാം ഈയൊരൊറ്റ സാഹചര്യത്തിൽ പുനർവിചാരണ ചെയ്യപ്പെടുന്നത് വികസിത രാഷ്ട്രമെന്ന നിലയിൽ കാനഡയ്ക്ക് വളരെ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

ഐ.എസ്.ഐയുടെ അദൃശ്യ സാന്നിധ്യം

ഇന്ത്യൻ ഭരണകൂടവും ഖാലിസ്ഥാൻ ഭീകരരും തമ്മിലുള്ള ശത്രുതയുടെ അനന്തമായ സാധ്യതകൾ കൃത്യമായി ഉപയോഗിച്ചത് പാക്കിസ്ഥാനാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന സാധ്യത മുന്നിൽക്കണ്ട് ഖാലിസ്ഥാനികളെ ഇന്ത്യയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ ആയുധമാക്കി മാറ്റാൻ സാധിക്കുമെന്ന് അവർ മനസ്സിലാക്കി. അതോടെ, പണം കൊണ്ടും ആയുധം കൊണ്ടും നിരുപാധികം ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കാൻ പാക്ക് ഭരണകൂടം തീരുമാനിച്ചു. പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. 2019ൽ തന്നെ ഇന്റലിജൻസ് ബ്യൂറോ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ച് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബ് പോലീസിന്റെ റഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തെ അനുകൂലിച്ച് റിപ്പോർട്ട് നൽകി.

ഇന്ത്യയിലുള്ള ഖാലിസ്ഥാൻ അനുകൂല തീവ്രവാദ സംഘടനകൾക്ക് ആയുധങ്ങളും പണവും നൽകിയായിരുന്നു ഇവരുടെ പ്രാഥമിക പ്രവർത്തനങ്ങൾ. 2019 സെപ്റ്റംബറിൽ പഞ്ചാബ്, ജമ്മു-കശ്മീർ അതിർത്തികളിൽ ആയുധങ്ങൾ വഹിച്ചെത്തിയ നിരവധി ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവെച്ചിടുകയുണ്ടായി. ഇതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബ് സംസ്ഥാന ഇന്റലിജൻസിനും ഈ കാര്യങ്ങൾ വ്യക്തമായത്. ഒരുകാലത്ത് ഖാലിസ്ഥാൻ ഭീകരരുടെ വിഹാരരംഗമായിരുന്ന സിർസ, അംബാല, യമുനാനഗർ, കുരുക്ഷേത്ര ജില്ലകളിൽ ഭീകരവാദം വീണ്ടും വളർന്നു തുടങ്ങിയതായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വെളിപ്പെടുത്തിയതും ഇതോടു ചേർത്ത് വായിക്കേണ്ടതാണ്.

ഖാലിസ്ഥാനികൾ ഒഴിവാക്കുന്ന പുണ്യഭൂമി

ഖാലിസ്ഥാൻ വിഷയത്തിലെ പാക്കിസ്ഥാൻ- സിഖ് ഭീകരരുടെ അന്തർധാര മനസ്സിലാക്കാൻ ഒരൊറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലം വളരെ പാവനമായി സിക്ക് സമുദായം കണക്കാക്കുന്ന ഒരിടമാണ്. നാൻഖാന സാഹിബ്‌ എന്ന ഈ പുണ്യഭൂമി പാക്ക് അധീന പഞ്ചാബിലാണ്. ഇവിടെ സ്ഥിതിചെയ്യുന്ന ഗുരുദ്വാര ജനമ് ആസ്ഥാൻ സിഖ് വിശ്വാസികളുടെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രമാണ്. അവരുടെ രണ്ടാമത്തെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ഗുരു നാനാക് അന്ത്യവിശ്രമം കൊള്ളുന്ന കർത്താർപൂർ സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നതും ഇതേ മേഖലയിൽ തന്നെ. സർവ്വോപരി, പാക്കിസ്ഥാനിലെ സിഖ് സമൂഹത്തിൽ ഭൂരിഭാഗം പേരും ജീവിക്കുന്നത് ഈ പ്രദേശങ്ങളിലാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഖാലിസ്ഥാൻ വിഘടനവാദികൾ ഉന്നയിക്കുന്ന പ്രത്യേക രാഷ്ട്രത്തിൽ ഈ കാര്യങ്ങൾ എവിടെയും സ്പർശിക്കാതെ പോകുന്നു. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്, എന്തുകൊണ്ട് പാകിസ്ഥാനിലെ പഞ്ചാബ് മേഖലയെ ഖാലിസ്ഥാൻ വിഘടനവാദികൾ ആവശ്യപ്പെടുന്ന രാഷ്ട്രത്തിന്റെ കണക്കാക്കുകയോ അതിനെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല.?

വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഇസ്ലാം അല്ലാതെ മറ്റൊരു വിശ്വാസത്തെയും അംഗീകരിക്കാത്ത പാക്കിസ്ഥാൻ ജനത, ഭരണകൂടത്തിന്റെ ഒത്താശയുടെ സിഖുകാരെ കൂട്ടക്കൊല ചെയ്യുകയാണ്. രണ്ടു ദശാബ്ദം മുൻപ് ഏകദേശം നാൽപതിനായിരത്തിലധികം സിഖ് മതസ്ഥർ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ കണക്കനുസരിച്ച് ഏകദേശം 8000-15000 പേർ മാത്രമേ ശേഷിക്കുന്നുള്ളൂ. സ്വന്തം സമൂഹം നേരിടുന്ന ആക്രമണത്തെ എന്തുകൊണ്ട് ഖാലിസ്ഥാൻ ഭീകരർ പ്രതിരോധിക്കുന്നില്ല.? എന്തുകൊണ്ട് പ്രതിഷേധ സൂചകമായി ഒരാക്രമണം പോലും പാകിസ്ഥാനിൽ ഇവർ നടത്തുന്നില്ല?. സർവ്വോപരി ഒരു വാക്കു കൊണ്ടു പോലും ഇതിനെതിരെ കേൾവികേട്ട ‘ഖൽസ രാഷ്ട്രവാദികൾ’ ശബ്ദിക്കുന്നില്ല? എപ്രകാരമാണോ മക്ക പോലെത്തന്നെ മദീനയും ഇസ്ലാം വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാകുന്നത്, അപ്രകാരം തന്നെ തുല്യപ്രാധാന്യമുള്ള രണ്ടു പുണ്യസ്ഥലങ്ങൾ പാക്കിസ്ഥാനിലുണ്ടായിട്ടും എന്തുകൊണ്ട് ഇവർ വിഭാവന ചെയ്യുന്ന ഖാലിസ്ഥാൻ രാഷ്ട്രത്തിൽ പാക്കിസ്ഥാന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തുന്നില്ല.?

ഇന്ത്യ ഇന്ന് പഴയ ഇന്ത്യയല്ലെന്ന് നമുക്കറിയാം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി കുതിച്ചുയർന്ന ഭാരതത്തിന്റെ സൈനികശക്തിയും പലമടങ്ങു വർദ്ധിച്ചിട്ടുണ്ട്. ഇങ്ങനെയൊരു കരുത്തനായ രാഷ്ട്രത്തിനെതിരെ ഖാലിസ്ഥാനു വേണ്ടി വിഘടനവാദികൾക്ക് പോരാടാമെങ്കിൽ, ദാരിദ്ര്യവും സാമ്പത്തിക മാന്ദ്യവും മൂലം നട്ടംതിരിയുന്ന പാക്കിസ്ഥാൻ താരതമ്യേന ദുർബലനായ ശത്രുവായിട്ടും എന്തുകൊണ്ടവരോട് ആക്രമണത്തിന് കോപ്പുകൂട്ടുന്നില്ല.? അതിനുവേണ്ടി കോടികൾ ഒഴുക്കുകയൊന്നും വേണ്ട, രണ്ടു ലോറി ഗോതമ്പുമായി ചെന്നാൽ പട്ടിണി മൂലം വട്ടംതിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ സ്വമേധയാ ഖാലിസ്ഥാനെന്ന പുതിയ രാഷ്ട്രത്തിൽ ചേർന്നോളുമെന്നിരിക്കേ, എന്തുകൊണ്ട് ലോകത്തിലെ ഒരു ഖാലിസ്ഥാൻ നേതാവും അതിനുവേണ്ടി ശ്രമിക്കുന്നില്ല. ഉത്തരം വ്യക്തമാണ്, ഖാലിസ്ഥാൻ എന്നൊരു രാഷ്ട്രമല്ല ഈ തീവ്രവാദികളുടെ ലക്ഷ്യം. ആ ആവശ്യം അവർക്കൊരു മറ മാത്രമാണ്. ഭീഷ്മരെ വധിക്കാൻ അർജുനൻ മുൻനിർത്തിയ ശിഖണ്ഡിയെ പോലൊരു ആശയം മാത്രമാണ് ഇന്ന് സിഖ് തീവ്രവാദികളാവശ്യപ്പെടുന്ന ഖാലിസ്ഥാനെന്ന പുതിയ രാഷ്ട്രം.!

സിഖ് സമൂഹമുൾപ്പെടെയുള്ള ഇന്ത്യൻ ജനത തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്. യഥാർത്ഥ ശത്രു ഇപ്പോഴും മറഞ്ഞിരുന്നു കളി നിയന്ത്രിക്കുന്ന പാക്കിസ്ഥാനാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖാലിസ്ഥാൻ-ഐ.എസ്.ഐ നേതാക്കൾ തമ്മിൽ 2023 സെപ്റ്റംബറിൽ കാനഡയിലെ വാൻകൂവറിൽ നടന്ന രഹസ്യയോഗമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ‘പ്ലാൻ കെ’ എന്ന കോഡ് നെയിമിൽ അറിയപ്പെട്ട ഈ യോഗത്തിൽ ഗുർപത് വന്ത് പന്നുവുൾപ്പെടെ ഇരുപതിലധികം സംഘടനാ നേതാക്കൾ പങ്കെടുത്തതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രോക്സിവാർ എന്ന നിഴൽ യുദ്ധത്തിന്റെ നേട്ടങ്ങൾ അതിന്റെ പൂർണ്ണതോതിൽ തന്നെ ഉപയോഗപ്പെടുത്താൻ ഐ.എസ്.ഐ സമർത്ഥരാണ്. ആളും അർത്ഥവും ആയുധവും കൊടുത്ത് അതുകൊണ്ടവർ ഖാലിസ്ഥാൻ വാദത്തെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യും.

വഴിതെറ്റുന്ന ഇന്ത്യൻ സിഖ് യുവത

ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നാണ് ഭാരതം കണ്ട ഏറ്റവും വലിയ കൂട്ടക്കൊല അരങ്ങേറിയത്. പ്രധാനമായും ഡൽഹി കേന്ദ്രീകരിച്ചു നടന്ന സിഖ് വിരുദ്ധ കലാപത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 3000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകമൊട്ടാകെയുള്ള സിഖ് ജനത, സുവർണ ക്ഷേത്രത്തിൽ നടന്ന സൈനിക നടപടിയിൽ പ്രകോപിതരായിരിക്കവേയാണ് ഇന്ദിരാഗാന്ധിയുടെ വധത്തിനു തിരിച്ചടിയായി ഡൽഹിയിൽ കലാപം നടക്കുന്നത്. കൊല്ലപ്പെട്ടവരിൽ മിക്കവരെയും അക്രമികൾ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലുകയായിരുന്നു. സിഖ് സമൂഹത്തിന്റെ ഹൃദയം തകർത്ത ഏറ്റവും വലിയ ഈ മുറിവിനെ ഫലപ്രദമായി ഉപയോഗിക്കാൻ ഖാലിസ്ഥാൻ ഭീകരർക്ക് കഴിഞ്ഞു. സിഖ് കൂട്ടക്കൊലയോടെ, ഖാലിസ്ഥാന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിംഗ് ശക്തമായി. ഭരണകൂടത്തിനെതിരെയുള്ള ഈ പോരാട്ടം, വംശഹത്യ ചെയ്യപ്പെടുന്ന തങ്ങളുടെ മതസ്ഥരെ സംരക്ഷിക്കാനാണെന്ന് യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാൻ വിഘടനവാദികൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. പുതുതലമുറകളെയും അവർ അതുതന്നെ ചൊല്ലിക്കൊടുത്തു മസ്തിഷ്ക പ്രക്ഷാളനം ചെയ്തു. ഉത്തരേന്ത്യ മുഴുവൻ ഇളക്കിമറിച്ചു പോലീസും സൈന്യവും തിരഞ്ഞ ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗ് ഈ ബ്രെയിൻ വാഷിങ്ങിന്റെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും അവസാനത്തെ ഇരയാണ്.

ദൽജീത് സിംഗ് കൽസിയെന്നയാളായിരുന്നു അമൃത്പാൽ സിംഗിന്റെ സ്പോൺസർ. അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പാക്കിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ ദൂതന്മാരിൽ ഒരാളാണ് താനെന്നും, ഇരുകൂട്ടരുടെയും ഇടനിലക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നുവെന്നും കൽസി മൊഴി നൽകി. സ്റ്റെർലിംഗ് ഇന്ത്യ ഏജൻസിയെന്ന കൽസിയുടെ കമ്പനിയിലൂടെ കഴിഞ്ഞവർഷം 35 കോടി രൂപയാണ് അമൃത്പാൽ സിംഗിനു വേണ്ടി വിദേശത്തു നിന്നും ഒഴുകിയെത്തിയത്. പപ്പാൽപ്രീത് സിംഗ് എന്ന ഐ.എസ്.ഐയുടെ ഏജന്റായിരുന്നു രാജ്യം മുഴുവൻ വല വിരിച്ചിട്ടും 35 ദിവസം ഇന്റലിജൻസ് ഏജൻസികളുടെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയാനുള്ള സർവസന്നാഹങ്ങളും അമൃത്പാൽ സിംഗിനു നൽകിയത്.! പാക് സഹായത്തോടെ ഖാലിസ്ഥാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി രാജ്യത്തിനെതിരെ ആയുധമെടുക്കാൻ തയ്യാറുള്ള എത്രപേർ ഇന്ത്യയിലുണ്ടെന്ന് കാലത്തിനു മാത്രമേ പറയാൻ സാധിക്കൂ.

പഞ്ചാബിനെ വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ ഖഡ്ഗഹസ്തം എന്നാണ്. ഈ മഹാരാഷ്ട്രത്തിന്റെ പ്രതിരോധത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് താരതമ്യേന ചെറുതാണെങ്കിലും സിഖ് സമൂഹമാണ്. ജനസംഖ്യയുടെ 1.8 ശതമാനം മാത്രമേയുള്ളൂവെങ്കിലും, ഇന്ത്യൻ സൈന്യത്തിന്റെ 8 ശതമാനത്തിലധികം അവരാണ്. സമ്പൂർണ്ണ സായുധസേനകളിലെ കണക്കെടുത്താൽ അത് പിന്നെയുമെത്രയോ മടങ്ങ് അധികം വരും. ഇത്രയധികം അപവാദങ്ങളുണ്ടായിട്ടും സിഖ് മതവിശ്വാസികളിലുള്ള രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാൻ ഇന്നോളമാരും തയ്യാറായിട്ടില്ലെന്നത് അവരിലുള്ള അകമഴിഞ്ഞ വിശ്വാസത്തെയും അവരുടെ അർപ്പണബോധത്തെയും ചൂണ്ടിക്കാട്ടുന്നു. രാജ്യസ്നേഹം അവരുടെ രക്തത്തിലുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും പ്രശസ്ത റെജിമെന്റുകളിൽ ഒന്നായ സിഖ് റെജിമെന്റ് ധീരതയുടെ പര്യായമായി നിലകൊള്ളുന്നു. 10 വിക്ടോറിയ ക്രോസ്, 2 പരംവീർ ചക്ര, 68 വീർചക്ര, 14 മഹാവീർ ചക്ര എന്ന സിഖ് റെജിമെന്റിന്റെ റെക്കോർഡ് ഇന്നും തകർക്കാനാവാത്തതായി നിലകൊള്ളുന്നു.

തെറ്റിദ്ധരിപ്പിക്കപ്പെട്ട ചെറിയൊരു കൂട്ടം സിഖ് സമൂഹം ഇപ്പോഴും ഖാലിസ്ഥാനികളെ പണം നൽകി സഹായിക്കാൻ തയ്യാറാണ്. ഈ ഫണ്ടിംഗ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്നത്തെ ഖാലിസ്ഥാനി നേതൃത്വത്തിന് തീവ്രവാദ പ്രവർത്തനങ്ങൾ പണം കൊയ്യാനും ഇന്ത്യയെ നശിപ്പിക്കാനും വേണ്ടിയുള്ള ഉപാധി മാത്രമായിത്തീർന്നിരിക്കുന്നു. പുകൾപെറ്റ ഒരു ജനതയുടെ വിശ്വാസ്യത തകർക്കുന്ന, രക്തം ഊറ്റിക്കുടിക്കുന്ന ഈ കപട വിശ്വാസികളെ എന്ന് സിഖ് സമൂഹം തിരിച്ചറിയുന്നുവോ, അന്ന് ഖാലിസ്ഥാൻ വിഘടനവാദികളെ അവർ തന്നെ ഇല്ലായ്മ ചെയ്യും. അതിനിനി അധികം നാളില്ല.

പദ്മസംഭവ

shortlink

Related Articles

Post Your Comments

Related Articles


Back to top button