Latest NewsKeralaIndia

ബിജെപിയുമായി ബന്ധം പറ്റില്ല, ദേവഗൗഡയോട് അതൃപ്തി അറിയിച്ച് കേരള നേതാക്കൾ

ബെംഗളൂരു: ബിജെപിയുമായി യോജിച്ചുപോകാനാവില്ലെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്. ദേശീയ അധ്യക്ഷൻ ദേവഗൗഡയെ ബിജെപി സഖ്യത്തിലുള്ള അതൃപ്തി നേരിട്ടറിയിച്ചിരിക്കുകയാണ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും. ഗൗഡ തങ്ങളുടെ നിലപാട് ഉൾക്കൊണ്ടിട്ടുണ്ടെന്നും മാത്യു ടി.തോമസ് പറഞ്ഞു.

എൻഡിഎ സഖ്യത്തിൽ ചേരാൻ കർണാടകയിലെ സാഹചര്യം മാത്രമാണു പരിഗണിച്ചത്. കേരള ഘടകത്തിന്റെ ഭാവി 7ന് ചേരുന്ന നിർവാഹക സമിതിയിൽ തീരുമാനിക്കും. 2006ൽ ബിജെപിയുമായി ദൾ സഖ്യമുണ്ടാക്കിയപ്പോഴും തങ്ങൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതും ഓർമിപ്പിച്ചു. കേരള ഘടകത്തിനു സ്വതന്ത്രമായി നിലപാടെടുക്കാമെന്ന് ഗൗഡ നേരത്തെ വിശദീകരിച്ചിരുന്നു.

ഇതിനിടെ, കോൺഗ്രസ്, എൻസിപി, ജനതാദൾ (യുണൈറ്റഡ്) പാർട്ടികളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ദേവഗൗഡ, നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി എന്നിവരെ അറിയിക്കാതെ മറ്റു പാർട്ടികളിൽ ചേരില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം പറ‍ഞ്ഞു.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എന്നിവർ ഫോണിൽ വിളിച്ചു സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സഖ്യത്തെ എതിർക്കുന്ന ഇബ്രാഹിം പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് സൂചനകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button