KeralaLatest NewsNews

കോട്ടയ്ക്കകത്ത് നടക്കുന്ന നവരാത്രി പൂജ, പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് 12ന്

തിരുവനന്തപുരം: കോട്ടയ്ക്കകത്ത് നടക്കുന്ന നവരാത്രി പൂജയ്ക്കായി പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് 12-ന് ആരംഭിക്കും. ഘോഷയാത്രയില്‍ കൊണ്ടു വരാനായി ശുചീന്ദ്രത്തുനിന്നുള്ള മുന്നൂറ്റിനങ്ക വിഗ്രഹത്തെ 11ന് രാവിലെ പദ്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. മൂന്നു ദിവസത്തെ യാത്രയ്ക്കുശേഷം 14ന് വൈകീട്ട് വിഗ്രഹഘോഷയാത്ര തലസ്ഥാനത്തെത്തും. പദ്മതീര്‍ത്ഥക്കരയിലെ നവരാത്രി മണ്ഡപത്തില്‍ 15ന് രാവിലെ സരസ്വതീ ദേവിക്ക് പൂജവയ്ക്കും.

Read Also: 92 ലക്ഷത്തിന്റെ സ്വര്‍ണ്ണക്കടത്ത്, രണ്ട് സ്ത്രീകള്‍ പിടിയില്‍: സ്വര്‍ണ്ണം കടത്തിയത് മലദ്വാരത്തിനകത്ത് വെച്ച്

പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതീദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയ്ക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് കൊണ്ട് വരുന്നത്. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ സൂക്ഷിക്കുന്ന ഉടവാള്‍ ഘോഷയാത്രയില്‍ അകമ്പടിയായി കൊണ്ടുവരും. എഴുന്നള്ളത്തിനു മുന്നോടിയായി 12ന് രാവിലെ കൊട്ടാരത്തില്‍ ഉടവാള്‍ കൈമാറ്റം നടക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

12ന് പുറപ്പെടുന്ന വിഗ്രഹഘോഷയാത്രയ്ക്ക് അന്ന് രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും 13ന് രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഇറക്കിപ്പൂജ നടത്തും. 14ന് വൈകീട്ട് കരമനയില്‍ നിന്നും ആഘോഷമായ എഴുന്നള്ളത്ത് കിഴക്കേക്കോട്ടയിലേക്കും പുറപ്പെടും. കവടിയാര്‍ രാജകുടുംബാംഗങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് രാജോചിതമായ വരവേല്‍പ്പ് നല്‍കും. സരസ്വതീദേവിയെ കോട്ടയ്ക്കകം പടക്കശാലയിലും കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഘോഷയാത്രയ്ക്ക് കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും പോലീസ്, റവന്യൂ, ദേവസ്വം വകുപ്പുകളാണ് നേതൃത്വം നല്‍കുന്നത്.

15 മുതല്‍ 24 വരെയാണ് നവരാത്രി ഉത്സവം. ഈ ദിവസങ്ങളില്‍ നവരാത്രി മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന നവരാത്രി സംഗീതോത്സവം അരങ്ങേറും. 22ന് ദുര്‍ഗാഷ്ടമിയും 23ന് മഹാനവമിയും. 24ന് രാവിലെ പൂജയെടുപ്പിനെത്തുടര്‍ന്ന് വിദ്യാരംഭവും ഉണ്ടായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button