Latest NewsIndia

‘ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്നത് ലക്ഷ്യം’- മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ ഗാന്ധി. പ്രാർത്ഥനകളിൽ പങ്കെടുക്കുക മാത്രമല്ല ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കെടുത്തു. ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ്ണ ക്ഷേത്ര സന്ദർശനം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം. 1984 ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകൽച്ചയ്ക്ക് ഇടയാക്കിയിരുന്നു. തീവ്രവാദികളെ നേരിടാൻ സ്വീകരിച്ച നടപടി ആയിരുന്നെങ്കിലും സിഖ് മത വിശ്വാസികളിൽ ഇത് വലിയ മുറിവുണ്ടാക്കി.

പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങുന്നത്. സ്ഥലം എംപി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുൽ സുവർണ്ണ ക്ഷേത്രത്തിൽ സേവനത്തിന് എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മാത്രമാണ് രാഹുലിന് ഒപ്പമുള്ളത്.

ഞായറാഴ്ച സുവർണ്ണ ക്ഷേത്രത്തിലെത്തിയ രാഹുൽ സമൂഹഭക്ഷണം ഒരുക്കുന്ന ഹാളിലും അടുക്കളയിലും സേവനത്തിന് വിശ്വാസികൾക്കൊപ്പം ചേർന്നു. തികച്ചും വ്യക്തിപരമാണ് സന്ദർശനമെന്നാണ് പഞ്ചാബ് കോൺഗ്രസ് ഘടകത്തിന്റെ വിശദീകരണം. ഭാരത് ജോഡോ യാത്രയ്ക്കു രാഹുൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്കിറങ്ങി ചെല്ലാൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണിത്. രാഹുലിന്റെ സന്ദർശനത്തെ ബിജെപി പരിഹസിച്ചു. മുത്തശ്ശി വെടിയുണ്ടകൾ ഉതിർക്കാൻ ഉത്തരവിട്ടപ്പോൾ കൊച്ചുമകൻ സേവ ചെയ്യുന്നുവെന്നും ഇതാണോ സ്നേഹത്തിന്റെ കടയെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button