Latest NewsKeralaNews

മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി നിർദ്ദേശിച്ചിരിക്കുന്നതിനെന്നും ഈ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ശിക്ഷാനടപടികൾ ഏറ്റെടുക്കുവാനും നടപ്പിലാക്കാനുമുള്ള സെക്രട്ടറിയുടെ അധികാരങ്ങൾ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

Read Also: ഗൂഗിൾ ക്രോം ഇനിയും അപ്ഡേറ്റ് ചെയ്തില്ലേ? പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സെർട്ട്-ഇൻ

മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം ഭൂമിയോ, അല്ലെങ്കിൽ സ്വകാര്യ ഭൂമിയോ കണ്ടെത്തുന്നതിന് മുൻഗണന നൽകണമെന്നു വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. വേണമെങ്കിൽ നിലവിലുള്ള നിയമത്തിന് അനുസരിച്ച് സ്വകാര്യ ഭൂമിയും ഏറ്റെടുക്കാം. ഏതെങ്കിലും മാലിന്യ ഉത്പാദകൻ യൂസർ ഫീ നൽകുന്ന കാര്യത്തിൽ വീഴ്ച വരുത്തിയാൽ, അത് പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കാവുന്നതാണെന്നും ഭേദഗതിയിൽ ഉണ്ട്. 90 ദിവസത്തിനു ശേഷവും യൂസർ ഫീ നൽകാത്ത പക്ഷം മാത്രമായിരിക്കും ഇത്തരമൊരു നടപടിയിലേക്ക് കടക്കുകയെന്നും മന്ത്രി പറഞ്ഞു. ദരിദ്ര കുടുംബങ്ങൾക്ക് യൂസർ ഫീയിൽ ഇളവ് നൽകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നൂറിലധികം ആളുകൾ ഒത്തുചേർന്ന പരിപാടികൾക്ക് മൂന്ന് ദിവസം മുൻപെങ്കിലും പ്രസ്തുത തദ്ദേശ സ്ഥാപനത്തെ അറിയിക്കുകയും നിശ്ചയിച്ചിരിക്കുന്ന ഫീസ് നൽകി ചുമതലപ്പെടുത്തിയിട്ടുള്ള മാലിനും ശേഖരിക്കുന്നവർക്കോ ഏജൻസികൾക്കോ കൈമാറേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മുഴുവൻ വാർഡുകളിലും ചെറു മാലിന്യ സംഭരണ കേന്ദ്രങ്ങൾ (മിനി എംസിഎഫ്) നവംബർ മാസം ഒടുവിലോടെ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വാർഡുകളിലും ചുരുങ്ങിയത് ഒരു മിനി എംസിഎഫ് എങ്കിലും സ്ഥാപിക്കണം. അംഗൻവാടികൾ ഒഴികെയുള്ള എല്ലാ ഘടക സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വലിയ മാലിന്യ ഉല്പാദകരുടെ നിയമ ലംഘനം പിടികൂടുന്നതിനുള്ള പ്രത്യേക ഡ്രൈവ് ഈ മാസം നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ചെറുക്കുന്നതിന് വ്യാപകമായ ക്യാമറ നിരീക്ഷണം ഡിസംബർ മാസത്തോടെ ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പൊതു ഇടങ്ങളിൽ മാല്യനങ്ങൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒറ്റ വാട്സ് ആപ്പ് നമ്പർ ലഭ്യമാക്കും. ഇതിലൂടെ കേന്ദ്രീകൃത മോണിറ്ററിങ്ങ് സാധ്യമാകും. ആളുകൾ വലിയ തോതിൽ സമ്മേളിക്കുന്ന നഗര വീഥികളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തുകളിൽ പ്രധാന ജംഗ്ഷൻ കേന്ദ്രീകരിച്ച് ബിന്നുകൾ സ്ഥാപിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

‘മാലിന്യത്തിൽ നിന്നും സമ്പത്ത്’ എന്ന കാഴ്ചപ്പാട് മുൻനിർത്തി സ്വകാര്യ സംരംഭകരുടെ അടക്കം പങ്കാളിത്തത്തോടെ വ്യവസായ വകുപ്പുമായി സഹകരിച്ച് പ്രത്യേക പരിപാടി തയ്യാറാക്കും. ആയിരത്തോളം കോടി രൂപ ഒരു വർഷം കേരളത്തിനകത്ത് ഇത് വഴി സൃഷ്ടിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ആദ്യഘട്ടത്തിൽ 422 തദ്ദേശ സ്ഥാപനങ്ങളിൽ 90 ശതമാനത്തിന് കൂടുതൽ വാതിൽപ്പടി ശേഖരണം സാധ്യമായി. 298 തദ്ദേശ സ്ഥാപനങ്ങളിലെ ഈ കണക്ക് 75നും 90 ശതമാനത്തിനും ഇടയിലാണ്. 2958 ഹരിത കർമ്മ സേന അംഗങ്ങളെ പുതിയതായി നിയമിച്ചതായും മന്ത്രി പറഞ്ഞു. ക്യാമ്പയിൻ തുടങ്ങിയത് മുതൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ആകെ 4226 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 2.48 കോടി പിഴ ചുമത്തി. ഇതുവരെ 50 ലക്ഷത്തോളം പിഴ ഈടാക്കിയിട്ടുണ്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കാർഷിക സർവകലാശാല വൈസ് ചാൻസിലറിന്റെ സൂം മീറ്റിംഗ് പ്രസംഗം ചോർന്നു: ഇടത് സംഘടന നേതാവിനെതിരെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button