Latest NewsKeralaNews

അരുന്ധതി റോയിയെ വിചാരണ ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയ്യേറ്റം: എം എ ബേബി

തിരുവനന്തപുരം: അരുന്ധതി റോയിയെ വിചാരണ ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയ്യേറ്റമെന്ന് സിപിഎം നേതാവ് എം എ ബേബി. 2010 ഒക്ടോബർ 28ന് ഡൽഹിയിലെ എൽടിജി ഓഡിറ്റോറിയത്തിൽ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള സമിതി നടത്തിയ ഒരു യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അരുന്ധതി റോയിയെയും കാശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ക്ക് ഷൌക്കത്ത് ഹുസൈനെയും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി എന്ന പേരിൽ വിചാരണ ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇസ്രയേൽ തുടക്കം മാത്രം, ഈ ലോകം മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും: ഭീഷണിയുമായി ഹമാസ് കമാൻഡർ

വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കൽ, പൊതുശല്യം ഉണ്ടാക്കൽ എന്നിവയെക്കുറിച്ചുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും യുഎപിഎ പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസെടുക്കുക. ഈ കേസിലെ മറ്റു പ്രതികളായിരുന്ന കാശ്മീർ വിഘടനവാദി നേതാവായ സെയ്ദ് അലി ഷാ ഗീലാനിയും ഡെൽഹി സർവകലാശാല ലെക്ചററായിരുന്ന സെയ്ദ് അബ്ദുൾ റഹ്മാൻ ഗീലാനിയും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ പ്രസംഗം കുപ്രസിദ്ധമായ രാജ്യദ്രോഹച്ചട്ടപ്രകാരമുള്ള (124 എ) കേസിന് വകയുള്ളതാണെങ്കിലും ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത് 2022 ൽ സുപ്രീംകോടതി വിലക്കിയിരിക്കുന്നതിനാൽ അത് ചാർത്തേണ്ടതില്ല എന്നാണ് ഗവർണർ സക്‌സേന തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

ഒരു വ്യാഴവട്ടം മുമ്പുണ്ടായ സംഭവത്തിന്റെ പേരിൽ ഇപ്പോൾ പെട്ടെന്ന് വിചാരണാനുമതി നൽകുന്നത് അർത്ഥഗർഭമാണ്. മോദി സർക്കാരിന്റെ അർദ്ധ ഫാഷിസ്റ്റ് നടപടികളുടെ അതിനിശിതവിമർശകയാണ് അരുന്ധതി റോയി. ഒരു മാസം മുമ്പ്, സെപ്തംബർ 12ന് യൂറോപ്യൻ എസ്സേ അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ, ‘ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നാശം ലോകത്തെയാകെ ബാധിക്കും’ എന്ന പ്രസംഗം മോദി ഭക്തരെ വിറളി പിടിപ്പിച്ചിരിക്കും എന്നതുറപ്പാണ്. അത്രയേറെ ഭയരഹിതവും ശക്തമായ വാദങ്ങൾ നിറഞ്ഞതുമായിരുന്നു മനോഹരമായ ആ പ്രസംഗം. മോദി സർക്കാരിനോട് പറയാനുള്ളത് ഒന്നു മാത്രമാണ്, എല്ലാ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരെയും നിങ്ങൾക്ക് എന്നും ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ നിർത്താം എന്നു കരുതരുതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Read Also: ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button