News

വണ്ണം കുറയ്ക്കാൻ ഡയറ്റ് പ്ലാൻ ചെയ്യുന്നുണ്ടോ? ഈ ടിപ്സ് പരീക്ഷിക്കൂ…

വണ്ണം കുറയ്ക്കുകയെന്നത് നിസാരമായ സംഗതിയല്ല. ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനും ശരീരഭാരത്തിനും അനുസരിച്ച് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. എന്ന് മാത്രമല്ല ഓരോ വ്യക്തിക്കും ഓരോ രീതിയിലുള്ള തയ്യാറെടുപ്പുകളായിരിക്കും വണ്ണം കുറയ്ക്കാനായി ആവശ്യമായി വരിക.

എന്തായാലും പൊതുവില്‍ ചില കാര്യങ്ങള്‍ വണ്ണം കുറയ്ക്കാനായി ഡയറ്റിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി വരാറുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട- കരുതലെടുക്കേണ്ട ചിലത്- അഥവാ ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഓര്‍ക്കുക, ഇത് വണ്ണം കുറയ്ക്കാനായി ഡയറ്റിലേക്ക് പോകുന്ന ആര്‍ക്കും ബാധകമാണ്. എന്നാലോ ഡയറ്റിലേക്ക് പോകും മുമ്പ് ഇവയെക്കുറിച്ച് ഒരു ഡോക്ടറുമായി സംസാരിക്കുന്നതാണ് എപ്പോഴും സുരക്ഷ. കാരണം ആദ്യമേ സൂചിപ്പിച്ചത് പോലെ ചിലര്‍ക്ക് ഡയറ്റ് ശരിയാകണമെന്നില്ല, അതുപോലെ നമ്മളറിയാത്ത ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടെങ്കില്‍ അതും തിരിച്ചടിയായി വരാം. ഇനി ടിപ്സിലേക്ക്…

കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം. നിങ്ങള്‍ വര്‍ക്കൗട്ടിലൂടെയോ വ്യായാമത്തിലൂടെയോ എരിച്ചുകളയുന്ന കലോറിയെക്കാള്‍ കുറവായിരിക്കണം നിങ്ങള്‍ കഴിക്കേണ്ടത്. ഇതിന് അനുസരിച്ച് കലോറി കുറഞ്ഞ വിഭവങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റ് പ്ലാൻ ചെയ്യുക. അതേസമയം കലോറി തീരെ കുറയ്ക്കുകയും അരുത്. ഇത് ആരോഗ്യത്തെ ബാധിക്കാം.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ബാലൻസ്ഡ് ആയിരിക്കണം. അതായത് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിങ്ങനെ എല്ലാ ഘടകങ്ങളും ലഭിച്ചിരിക്കണം. ആവശ്യമായ പോഷകങ്ങളെല്ലാം നമുക്ക് ഭക്ഷണത്തിലൂടെ കിട്ടണം. ഇക്കാര്യത്തില്‍ ശ്രദ്ധ നിര്‍ബന്ധമായും നല്‍കുക.

പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റ് എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. അപ്പോള്‍ തന്നെ ഭക്ഷണം ഏറെക്കുറെ ബാലൻസ്ഡ് ആകും.

എന്ത് ഭക്ഷണം കഴിക്കുമ്പോഴും അതിന്‍റെ അളവ് നിയന്ത്രിക്കണം. ഇത് ഡയറ്റിലേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രിയപ്പെട്ട വിഭവമാണ്, അല്ലെങ്കില്‍ ആരോഗ്യകരമായ വിഭവമാണ്, രുചിയുണ്ട് എന്നുള്ള കാരണങ്ങള്‍ കൊണ്ടൊന്നും അളവില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

അതുപോലെ നമ്മള്‍ സാധാരണഗതിയില്‍ കഴിക്കുന്നത് പോലെ നാലുനേരം എന്നുള്ളത് മാറ്റി ആറ് നേരവും ഏഴ് നേരവുമെല്ലാം ആക്കാവുന്നതാണ്. അളവ് നിയന്ത്രിക്കുമ്പോള്‍ ഇടയ്ക്കിടെ വിശപ്പനുഭവപ്പെടാം. ഇതിന് ശമനമാകാനും ഈ രീതി സഹായിക്കും. എന്നാല്‍ ആരോഗ്യകരമായ സ്നാക്സ് വിഭവങ്ങള്‍ മാത്രമേ ഈ സമയത്തും കഴിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button