Latest NewsKerala

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും: ഇന്നത്തെ അവധി അറിയിപ്പുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ക്വാറി, മൈനിംഗ് പ്രവർത്തനങ്ങൾ നിരോധിച്ചതായും കളക്ടർ അറിയിച്ചു. ബീച്ചുകളിൽ വിനോദ സഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.9 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 16-10-2023 രാത്രി 11.30 വരെ 0.9 മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button