Latest NewsKeralaNews

ചക്ക സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി

തിരുവനന്തപുരം: ചക്ക ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നമ്മുടെ നാട്ടിലെ ചക്കയ്ക്കും ചക്ക ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. നമ്മുടെ കാലാവസ്ഥയും, മണ്ണും, ഭൂപ്രകൃതിയും അതിന് കൂടുതൽ സാധ്യത നൽകുന്നു. കൂടുതൽ ഇടങ്ങളിൽ പഴവർഗ്ഗ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുകയാണെന്നും മന്ത്രി പറഞ്ഞു. ചക്ക സംരംഭകർക്കായി തിരുവനന്തപുരം സമേതിയിൽ എസ്. എഫ്. എ. സി കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read Also: നവരാത്രി പൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! വരുന്ന ആഴ്ചയിലെ ബാങ്ക് അവധി ദിനങ്ങൾ അറിയൂ

കാർഷിക ഉത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി കൃഷിവകുപ്പ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായി ഉൽപ്പന്നങ്ങളുടെ പാക്കേജിങ്ങുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ കർഷകർക്കായി കേരളത്തിലൊട്ടുക്കും സംഘടിപ്പിക്കുന്നുണ്ട്. ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഷെൽഫ് ലൈഫ് ലഭിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകൾ ഈ പരിശീലനത്തിലൂടെ കർഷകർക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളെ ഒരു പൊതു ബ്രാന്റിൽ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് കേരളാഗ്രോ എന്ന ബ്രാൻഡ് തയ്യാറാക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെയും കർഷകരുടെയും ഉൾപ്പെടെ 205 ഉത്പന്നങ്ങൾ ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കുവാൻ സാധിച്ചു. കർഷകരുടെ കൂടുതൽ ഉൽപ്പന്നങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തി കേരളാഗ്രോ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ചക്കയുടെ മൂല്യ വർദ്ധനവുമായി ബന്ധപ്പെട്ട ഒരു ഇൻകുബേഷൻ സെന്റർ സ്ഥാപിക്കും. ചക്കയുടെ ഉത്പാദനം, മൂല്യ വർദ്ധനവ്, വിപണനം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനം നടത്തും. വൈഗയുടെ ഭാഗമായി ചക്കയുടെ ഒരു പവലിയൻ തയ്യാറാക്കും. ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ കേരളത്തിന്റെ ചക്ക ഉൽപ്പന്നങ്ങൾ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകാഹാരം ലഭിക്കാത്തതിനാൽ തന്നെ നിരവധിയായ ജീവിതശൈലി രോഗങ്ങൾ കൂടിവരുന്നെന്ന് ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നു. കേരളത്തിലെ ജനതയ്ക്ക് ആവശ്യമായ പോഷകാഹാരം ഒരുക്കുന്നതിനായി കൃഷിവകുപ്പ് പോഷക സമൃദ്ധി മിഷൻ ആരംഭിച്ചു. 25 ലക്ഷം കുടുംബങ്ങളെ പോഷക സമൃദ്ധി മിഷന്റെ ഭാഗമാക്കും. കേരളത്തിന്റെ കാർഷിക പാരിസ്ഥിതിക മേഖലയെ അടിസ്ഥാനമാക്കിയുള്ള കാർഷിക ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ദേശീയതലത്തിലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ന്യൂട്രീഷൻ പ്ലേറ്റുകൾ തയ്യാറാക്കും.

ബാങ്കുകൾക്ക് അംഗീകരിക്കുവാൻ കഴിയുന്ന പ്രോജക്ടുകൾ ചക്ക സംരംഭകർക്കായി സൗജന്യമായി തയ്യാറാക്കി നൽകുന്നതിന് ഒരു ഡി പി ആർ ക്ലിനിക്ക് സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വകുപ്പിൽ ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു അധ്യക്ഷയായ ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ മാർക്കറ്റിംഗ് ലൂയിസ് മാത്യു, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, സംരംഭകർ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ശേഷം ചക്കയുടെ മൂല്യ വർദ്ധനവും വിപണനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറും പാനൽ ചർച്ചയും നടന്നു.

Read Also: തോക്കിന് മുന്നിൽ പതറിയില്ല, ഹമാസ് ഭീകരരെ കബളിപ്പിച്ചത് 20 മണിക്കൂർ; ഇസ്രായേൽ വനിതയുടെ അതിജീവന കഥ – അഭിനന്ദിച്ച് ബൈഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button