Latest NewsKeralaNews

വിദ്യാരംഭം ചടങ്ങില്‍ കുറിയ്‌ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

മാതാപിതാക്കളുടെ വിശ്വാസത്തിന് എതിരായ പ്രാര്‍ത്ഥന എഴുതിക്കരുത്

കൊച്ചി: വിദ്യാരംഭം ചടങ്ങില്‍ കുറിയ്‌ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാമെന്ന ഉത്തരവുമായി കേരള ഹൈക്കോടതി.
രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന ആദ്യാക്ഷര മന്ത്ര പ്രകാരമേ വിദ്യാരംഭം നടത്താവൂ എന്നും മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി അധികൃതര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Read Also: 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം: ആവശ്യവുമായി സൗദി കിരീടാവകാശി

വിദ്യാരംഭ ചടങ്ങുമായി ബന്ധപ്പെട്ട് പലതരം മന്ത്രങ്ങള്‍ ചേര്‍ത്ത് മട്ടന്നൂര്‍ നഗര സഭാ ലൈബ്രറി കമ്മിറ്റി നോട്ടീസ് ഇറക്കിയിരുന്നു.ഇങ്ങിനെ വിദ്യാരംഭം സംഘടിപ്പിക്കുന്നതിന് രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി നല്‍കിയ നോട്ടീസിനെക്കുറിച്ചായിരുന്നു കേസ്.

ഇംഗ്ലീഷ്, മലയാളം അക്ഷരമാലകള്‍ക്ക് പുറമെ ‘ഹരി ശ്രീ ഗണപതയേ നമഃ’, ‘അല്ലാഹു അക്ബര്‍’, ‘യേശുവിനെ സ്തുതിക്കുക’, ‘അമ്മ, അച്ചന്‍’ എന്നീ വാക്കുകള്‍ പ്രസ്തുത വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിരുന്നതാണ് ഹര്‍ജിക്കാരന്റെ പരാതിക്കാധാരം . കുട്ടികളെ അവരുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി മേല്‍പ്പറഞ്ഞ പ്രാര്‍ത്ഥനകള്‍ ചൊല്ലാനും എഴുതാനും നിര്‍ബന്ധിക്കുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

വിദ്യാരംഭം ചടങ്ങില്‍ കുട്ടികള്‍ ആദ്യം എഴുതുകയോ ചൊല്ലുകയോ ചെയ്യേണ്ട പദങ്ങള്‍ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

തങ്ങളുടെ മതവിശ്വാസത്തെയോ തത്ത്വചിന്തയെയോ അവഹേളിക്കുന്ന തരത്തില്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനയും ചൊല്ലാനോ എഴുതാനോ ഏതെങ്കിലും കുട്ടിയെ നിര്‍ബന്ധിക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.പരിപാടിയില്‍ പങ്കെടുക്കുന്ന ഒരു കുട്ടിയെയും അവരുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും പ്രാര്‍ത്ഥന ചൊല്ലുന്നതിനോ എഴുതുന്നതിനോ നിര്‍ബന്ധിക്കില്ലെന്ന പ്രതികളുടെ മൊഴികള്‍ കോടതി രേഖപ്പെടുത്തി.

പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് അറിവിന്റെ തുടക്കത്തിനാണെന്നും മാതാപിതാക്കളുടെ തിരഞ്ഞെടുപ്പിന് വിരുദ്ധമായി ഏതെങ്കിലും പ്രാര്‍ത്ഥന എഴുതാനോ വായിക്കാനോ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button