Latest NewsIndia

‘ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാഞ്ഞത് ഇതേ കോൺഗ്രസ്, ഇപ്പോഴത്തെ നടപടി അത്ഭുതമുണ്ടാക്കുന്നു’- അഖിലേഷ് യാദവ്

ന്യൂഡൽഹി: മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സഖ്യത്തിലുണ്ടായ തര്‍ക്കത്തിന്‌ പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്‌. ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

‘ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാത്തത് ഇതേ കോൺഗ്രസ് പാർട്ടിയായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന്. ഇപ്പോൾ ജാതി സെൻസസ് വേണം എന്ന കോൺഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവർ തിരഞ്ഞുകൊണ്ടിരിക്കുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നു – അഖിലേഷ് യാദവ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് സീറ്റുധാരണയ്ക്ക് ശ്രമിക്കേണ്ടതില്ലെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം തന്നെ തുറന്നടിച്ചിരുന്നു. തങ്ങൾ ‘ഇന്ത്യ’ യോഗത്തിൽ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.മധ്യപ്രദേശിൽ, ഉത്തർപ്രദേശിനോട് ചേർന്ന സീറ്റുകളിൽ എസ്.പി.ക്ക് സ്വാധീനമുണ്ട്. 2018-ലെ തിരഞ്ഞെടുപ്പിൽ എസ്.പി. ഛത്തർപുരിലെ ബിജാവർ സീറ്റിൽ ജയിച്ചു. ഒപ്പം ആറുസീറ്റുകളിൽ രണ്ടാംസ്ഥാനത്തുമെത്തി.

2003-ലെ തിരഞ്ഞെടുപ്പിൽ ഏഴുസീറ്റ് പാർട്ടി നേടിയിരുന്നു. അതിനുമുമ്പും സീറ്റുകൾ ലഭിച്ചു. പാർട്ടിയുടെ കഴിഞ്ഞകാല പ്രകടനങ്ങളുടെയെല്ലാം വിവരണങ്ങളടങ്ങിയ ഫയലുകളുമായാണ് എസ്.പി. നേതാക്കൾ കമൽനാഥും ദിഗ്വിജയ് സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്. രാത്രി ഒരുമണിവരെ സീറ്റുവിഭജനചർച്ചകൾ നീണ്ടു. ഇതെല്ലാം നിഷ്പ്രഭമാക്കി തങ്ങളുടെ സിറ്റിങ് സീറ്റായ ബിജാവറിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് എസ്.പി.ക്ക് നിയന്ത്രണംവിട്ടത്.എല്ലാ സീറ്റിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണിപ്പോൾ എസ്.പി. നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button