Latest NewsKeralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ സ്വര്‍ണം റിസര്‍വ് ബാങ്കിലേക്ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തീരുമാനമായി. ഇതിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്.

Read Also: ബാഗിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരൻ: മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി

ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണ ഉരുപ്പടികള്‍ നിക്ഷേപിക്കുന്നതിനുള്ള പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ദൈനംദിന ചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഒഴികെയുള്ള സ്വര്‍ണ ശേഖരമാണ് നിക്ഷേപിക്കുക.

ആദ്യഘട്ടത്തില്‍ 500 കിലോ സ്വര്‍ണം അഞ്ചു വര്‍ഷത്തേക്ക് ആര്‍.ബി.ഐയില്‍ നിക്ഷേപിക്കും. സ്വര്‍ണ വിലയ്ക്ക് ആനുപാതികമായി രണ്ടേകാല്‍ ശതമാനം പലിശ നിരക്കില്‍ വര്‍ഷം ആറു കോടി രൂപ വരുമാനം കിട്ടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എസ്ബിഐയുടെ മുംബൈ ബ്രാഞ്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്ന ഏജന്റ്. അതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുമ്പോഴെല്ലാം ഈ നിക്ഷേപം സ്വര്‍ണക്കട്ടികളായോ പണമായോ തിരികെ നല്‍കുന്നതായിരിക്കും.

ആഭരണങ്ങള്‍ ദൈനംദിന ഉപയോഗത്തിനുള്ളവ, പൗരാണിക ആഭരണങ്ങള്‍, ആട്ട വിശേഷത്തിന് ഉപയോഗിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇവയൊഴികെ സ്‌ട്രോംഗ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങളാണ് നിക്ഷേപിക്കുന്നത്.
സ്വര്‍ണത്തിന്റെ തൂക്കം ഉറപ്പുവരുത്തുന്നതിന് ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, വിജിലന്‍സ് എസ്.പി, സ്റ്റേറ്റ് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചുമതലപ്പെടുത്തി.

കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളുമായി ദേവസ്വം ബോര്‍ഡ് കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ശബരിമല ഉള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് ഓപ്ഷനുകള്‍, ക്യുആര്‍ കോഡ് തുടങ്ങിയ സൗകര്യങ്ങളും ഭക്തജനങ്ങള്‍ക്ക് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button