KeralaLatest NewsNews

‘സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്’; വിനായകന് ജാമ്യം നൽകിയതിനെതിരെ ഉമ തോമസ്

തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച സംഭവത്തിൽ പോലീസ് കേസെടുത്ത നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നുവെന്നും വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

‘പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നത്. ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നത്. പാർട്ടി ബന്ധമുണ്ടെങ്കിൽ പൊലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നൽകിയത്’, എംഎല്‍എ വിമര്‍ശിച്ചു.

ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനും അസഭ്യം പറഞ്ഞതിനും അറസ്റ്റ് ചെയ്ത നടന്‍ വിനായകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെയായിരുന്നു ഉമ തോമസിന്റെ വിമര്‍ശനം. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തതിന് ശേഷം താരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിനായകന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button