KeralaLatest NewsNews

‘രജനീകാന്തിനൊപ്പം ഇരിക്കാൻ കഴിയുന്ന വിനായകന് കേരളത്തിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ കസേര ലഭിച്ചില്ല!’: വൈറൽ കുറിപ്പ്

കൊച്ചി: പൊലീസുകാരെ ഭീഷണിപ്പെടുത്തി, മദ്യപിച്ച് ബഹളമുണ്ടാക്കി എന്നീ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. രജനികാന്തിനൊപ്പം സ്‌ക്രീൻ പങ്കിട്ട, വിനായകന് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ഇരിക്കാൻ സീറ്റ് ലഭിച്ചില്ലെന്ന് സന്ദീപ് ദാസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. കേരളത്തിൽ ജാതിവിവേചനമില്ല എന്ന് തള്ളിമറിക്കരുത് എന്നും വിനായകനെതിരെ ഉയരുന്ന മുറവിളികളിൽ ജാതിയുടെ സ്വാധീനം ഉറപ്പായിട്ടും ഉണ്ട്‌ എന്നും അദ്ദേഹം പറയുന്നു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

”ഞാൻ നാറിയാണ്. ഞാൻ തീട്ടത്തിൽ നിന്ന് ജനിച്ചവനാണ്. ഞാൻ തീട്ടം തിന്നുന്ന പട്ടിയാണ്…!”
നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ വെച്ച് പറഞ്ഞ വാക്കുകളാണിത്. ഒരു മനുഷ്യൻ ഇങ്ങനെയൊക്കെ സംസാരിക്കണമെങ്കിൽ അയാളുടെ ആത്മാഭിമാനത്തിന് എത്രത്തോളം മുറിവേറ്റിട്ടുണ്ടാവണം!
”ഐഡി കാർഡ് കാണിക്കാൻ മാത്രം നീ ആരാടാ” എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിനായകനോട് ആക്രോശിച്ചത്.
സാക്ഷാൽ രജനീകാന്ത് വിനായകനെ പ്രശംസിച്ച് സംസാരിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ‘ജയിലർ’ എന്ന സിനിമയിലെ വിനായകൻ്റെ പ്രകടനം ഷോലെയിലെ അംജദ് ഖാനെ ഓർമ്മിപ്പിക്കുന്നതാണ് എന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. അങ്ങനെയുള്ള വിനായകനാണ് ”നീ ആരാടാ” എന്ന ചോദ്യം നേരിട്ടത്!
ആ ചോദ്യത്തിന് മറുപടിയായി എന്തെല്ലൊം പൊങ്ങച്ചങ്ങൾ വിനായകന് തട്ടിവിടാമായിരുന്നു. പക്ഷേ അയാൾ ഉച്ചരിച്ചത് ”താൻ ഒരു ഇന്ത്യൻ പൗരനാണ്” എന്ന വാചകം മാത്രമാണ്. അടിമുടി രാഷ്ട്രീയജീവി ആയ ഒരാൾക്ക് മാത്രമേ അത്തരമൊരു മറുപടി നൽകാനാകൂ.
സിനിമാതാരങ്ങൾ സകല സ്ഥലങ്ങളിലും സെലിബ്രിറ്റി പ്രിവിലേജ് നല്ലതുപോലെ ഉപയോഗിക്കാറുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ക്യൂ പാലിക്കാതെ വോട്ട് ചെയ്യാൻ ശ്രമിക്കുന്ന നടീനടൻമാരെ കണ്ടിട്ടില്ലേ? അവരുടെ രാഷ്ട്രീയവും ജനാധിപത്യബോധവും അത്രമേൽ സങ്കുചിതമാണ്. അവിടെയാണ് പൗരത്വത്തെപ്പറ്റി വാചാലനായ വിനായകനെ തിരിച്ചറിയേണ്ടത്.
വിനായകൻ സ്റ്റേഷനിൽവെച്ച് തെറിയോ അസഭ്യമോ പറയുന്നില്ല. അയാൾ പൊലീസുകാരെ ”സാർ” എന്ന് മാത്രമാണ് വിളിക്കുന്നത്.
പിന്നെ എന്തുകൊണ്ടാണ് പൊലീസുകാർ ഇത്രമാത്രം ക്ഷോഭിച്ചത്? അതിന് ഒരേയൊരു കാരണമേയുള്ളൂ. വിനായകൻ നട്ടെല്ല് വളയ്ക്കാതെ നിവർന്ന് നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
ജനങ്ങൾ വിനീതവിധേയരായി മാത്രമേ തങ്ങളോട് സംസാരിക്കാവൂ എന്നാണ് ചില പൊലീസുകാർ ധരിച്ചുവെച്ചിരിക്കുന്നത്. അത്തരക്കാർക്ക് വിനായകൻ്റെ ശരീരഭാഷ ഒട്ടും ദഹിക്കില്ല.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ഓരോ സർക്കാർ ഉദ്യോഗസ്ഥനും ജനങ്ങളുടെ സേവകർ തന്നെയാണ്. അതിനെക്കുറിച്ച് ബോദ്ധ്യമുള്ള ഓഫീസർമാർ അകാരണമായി ഒരാളോട് തട്ടിക്കയറില്ല.
ഞാനൊരു ഇന്ത്യൻ പൗരനാണ് എന്ന് ആണയിടുകയും ഭരണഘടനയെക്കുറിച്ചും രാഷ്ട്രീയത്തെപ്പറ്റിയും നിരന്തരം സംസാരിക്കുകയും ചെയ്യുന്ന വിനായകൻ ഒരുവശത്ത്. വിനായകനോട് ”നീ ആരാടാ” എന്ന് അലറുകയും നെഞ്ചിൽ പിടിച്ച് തള്ളുന്നതിൻ്റെ വക്ക് വരെ എത്തുകയും ചെയ്ത ഓഫീസർ മറുവശത്ത്. ജനാധിപത്യബോധമുള്ളവർക്ക് ഇവിടെ വിനായകൻ്റെ പക്ഷം ചേരാനേ കഴിയൂ.
വിനായകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള നിയമനടപടികൾ അയാൾ നേരിടുക തന്നെ വേണം. പക്ഷേ അതിനിടയിൽ കേരളത്തിൽ ജാതിവിവേചനമില്ല എന്ന് തള്ളിമറിക്കരുത്. വിനായകനെതിരെ ഉയരുന്ന മുറവിളികളിൽ ജാതിയുടെ സ്വാധീനം ഉറപ്പായിട്ടും ഉണ്ട്‌.
രജനീകാന്തിനൊപ്പം ഇരിക്കാൻ കഴിയുന്ന വിനായകന് കേരളത്തിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ കസേര ലഭിച്ചില്ല. ചില സമയങ്ങളിൽ വിവേചനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ വമ്പൻ പുസ്തകങ്ങൾ വായിക്കണമെന്നില്ല. അതിന് ഒരു കസേര മാത്രം മതി.
ഒരുപാട് കാര്യങ്ങൾ നിശബ്ദമായി വിളിച്ചുപറയുന്ന ഒഴിഞ്ഞ ഒരു കസേര!

shortlink

Related Articles

Post Your Comments

Related Articles


Back to top button