KeralaLatest NewsNews

ഒരു യുദ്ധ മുന്നണിയിലെന്ന പോലെ കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടി, മരണ നിരക്ക് കുറയ്ക്കാൻ സഹായിച്ചു; കെ.കെ ശൈലജ

സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തില്‍ നടന്ന കേരളീയം സെമിനാര്‍ അഭിപ്രായപ്പെട്ടു. ഒരു യുദ്ധ മുന്നണിയിലെന്ന പോലെ ഒറ്റക്കെട്ടായി കോവിഡിനോട് പോരാടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ അഭിപ്രായപ്പെട്ടു. മികച്ച ആസൂത്രണത്തോടെയുള്ള ഇടപെടല്‍ മരണ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചതായും ശൈലജ ടീച്ചര്‍ പറഞ്ഞു.

കോവിഡ് വെല്ലുവിളിയെ മികച്ച രീതിയില്‍ അതിജീവിക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശാസ്ത്രീയമായ രീതിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ സര്‍ക്കാറിനായെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന ബോധ്യവും ആരോഗ്യ സംവിധാനത്തില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും കോവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചു. നിപ വൈറസ് ബാധയും പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, പൊതുജനാരോഗ്യ അടിയന്തര പ്രതികരണ സംവിധാനം സജീവമാക്കിയതും ഇക്കാര്യത്തില്‍ സഹായകമായതായും മാസ്‌ക്കറ്റ് പൂള്‍സൈഡ് ഹാളില്‍ സെമിനാര്‍ വിലയിരുത്തി.

കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവും സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമായതായി ആരോഗ്യ ഗവേഷകനും ഹാവഡ് സര്‍വ്വകലാശാലയിലെ ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സീനിയര്‍ ലക്ചററുമായ ഡോ. റിച്ചാര്‍ഡ് എ കാഷ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭൂപ്രകൃതിയും മറ്റു സവിശേഷതകളും രോഗവ്യാപനത്തിന് അനുകൂലമായിരുന്നിട്ടും അതിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാനായത് വലിയ നേട്ടമാണെന്ന് ചെന്നൈ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. ണ്. ജീവിതശൈലി രോഗങ്ങളും മഹാമാരികളും അടക്കമുള്ളവയെ നേരിടാനായി ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷണ രംഗത്ത് സംസ്ഥാനം കൂടുതലായി ശ്രദ്ധ ചെലുത്തണമെന്നും അവര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെയോ മറ്റു സംസ്ഥാനങ്ങളുടെയോ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് മാതൃകാപരമായിരുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. ജേക്കബ് ടി ജോണ്‍ പറഞ്ഞു. സര്‍ക്കാര്‍- സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണം കോവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക ജനാധിപത്യത്തിലൂടെ കേരളം നേടിയ പുരോഗതി മഹാമാരിയെ നേരിടുന്നതില്‍ അനുകൂലഘടകമായിരുന്നുവെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ക്ലിനിക്കല്‍ വൈറോളജി വിഭാഗത്തിലെ സീനിയര്‍ പ്രൊഫസര്‍ ഡോ. പ്രിയ എബ്രഹാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതിദിന കോവിഡ് വാര്‍ത്താസമ്മേളനങ്ങള്‍ ജനങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചതായും ഇത് രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ ഒരു മാതൃക സൃഷ്ടിച്ചതായും സംസ്ഥാന കോവിഡ് വിദഗ്ധ സമിതി ചെയര്‍മാനും പ്ലാനിങ് ബോര്‍ഡ് അംഗവുമായിരുന്ന ഡോ. ബി. ഇക്ബാല്‍ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തെ സാമൂഹ്യ സന്നദ്ധ സേനയുടെ ഇടപെടലുകള്‍, അതിഥി തൊഴിലാളികള്‍ക്ക് നാം നല്‍കിയ പിന്തുണ തുടങ്ങിയവ മാതൃകാപരമായിരുന്നു. 95 ശതമാനം കോവിഡ് ബാധിതകള്‍ക്കും സൗജന്യമായി ചികിത്സ നല്‍കാനായത് സംസ്ഥാനത്തിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ പകര്‍ച്ചാവ്യാധികള്‍ തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും ആരോഗ്യം, മൃഗസംരക്ഷണം, വനം വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവിലും അതിനുശേഷവും എല്ലാ പൗരന്മാര്‍ക്കും മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കിയും കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം എത്തിച്ചു നല്‍കുന്നതിനുമായി കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചും കേരളം മാതൃകയായതായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ കോബ്രഗടെ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button