Latest NewsKeralaNews

പിണറായിയെ സ്തുതിക്കാൻ പൊടിച്ച 28 കോടി ഉണ്ടായിരുന്നെങ്കിൽ….: കെ സുധാകരൻ

തിരുവനന്തപുരം: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് സുധാകരന്‍ ചോദിച്ചു. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.

പ്രസാദിന്റെ ആത്മഹത്യ കുറിപ്പും ഫോൺ സംഭാഷണവും പുറത്തു വന്നതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും പ്രസാദ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. പ്രസാദിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ ആണെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ആത്മഹത്യ ചെയ്ത പ്രസാദിന്റെ മൃതദേഹം കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവല്ലയിലെ ആശുപത്രിയിലെത്തി. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും, കർഷകർ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഗവർണർ പറഞ്ഞു. അവർക്കായി എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കുമെന്നും ഗവർണർ പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ ബന്ധുക്കളെയും ഗവർണർ സന്ദർശിച്ചു.

കാർഷിക മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നേരത്തെ ഉയർത്തി കൊണ്ട് വന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പണം നൽകുന്നില്ലെന്നും സതീശൻ ആരോപിച്ചു. ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button