മംഗളൂരു: എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രകൃതി ഷെട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ബെലഗാവി ജില്ലയിലെ അത്താനി സ്വദേശിനി ആയിരുന്ന പ്രകൃതി, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ചാടിയത്.
അമിത വണ്ണത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷവും നിരാശയുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അമിത വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതാണ് പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തിലകപ്പെടാന്‍ കാരണമെന്നും പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.
എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തന്റെ അമിത വണ്ണം എല്ലാ കാര്യങ്ങള്‍ക്കും വിലങ്ങുതടിയായി. തടി കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ഇതേ തുടര്‍ന്നുള്ള ദുഃഖമാണ് തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments