Latest NewsCricketIndia

ഡ്രെസ്സിങ് റൂമിലെത്തി ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ പൊരുതിത്തോറ്റ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ തോൽവിക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയെന്നാണ് ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്. കരയുന്ന ഷമിയെ പ്രധാനമന്ത്രി മോദി നെഞ്ചിലേക്ക് ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്നതാണ് ചിത്രം. ടീമിലെ എല്ലാ കളിക്കാരുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയെന്നാണ് സൂചന. സെമിയിലെ ഷമിയുടെ ഉജ്ജ്വല പ്രകടനത്തെ പ്രകീർത്തിച്ച് മോദി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു.

ലോകകപ്പിൽ മികച്ച ഫോമിലായിരുന്നു ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. 24 വിക്കറ്റുമായി ടൂർണമെന്റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനാണ് ഷമി. സെമിയിൽ ന്യൂസീലൻഡിനെതിരെ 7 വിക്കറ്റു നേടി കളിയിലെ താരമാകാനും ഷമിക്ക് കഴിഞ്ഞു. ഈ പ്രകടനം ഫൈനലിൽ ആവർത്തിക്കാനായില്ല. ഏഴു കളികളിൽ നിന്നാണ് ഷമിയുടെ 24 വിക്കറ്റ് നേട്ടം. ലോകകപ്പിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യാക്കാരനും ആയി. അപ്പോഴും ഇന്ത്യയുടെ തോൽവി ഷമിയെ തളർത്തി. പ്രധാനമന്ത്രിയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു.

ഉടൻ തോളിൽ തട്ടി ആശ്വാസം. തോൽവിയിലും ഇന്ത്യൻ ടീമിനെ ചേർത്തു പിടിച്ചു പ്രധാനമന്ത്രി. ആ വികാരമാണ് എക്‌സിൽ ഷമി പ്രകടിപ്പിക്കുന്നതും. ഈ ലോകകപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പവർഹൗസാണ് താനെന്നു ഷമി വീണ്ടും തെളിയിച്ചു. എത്ര വലിയ തിരിച്ചടികളുണ്ടായാലും കൂടുതൽ കരുത്തോടെ കുതിക്കുന്ന പ്രതിഭാസം. കരിയർ അവസാനിപ്പിച്ചേക്കാവുന്ന പ്രതിസന്ധികളാണ് ഷമിയുടെ കുതിപ്പിന് എക്കാലവും ഊർജമായത്. ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ രംഗത്തെത്തിയതും തുടർന്ന് ബിസിസിഐ കരാർ മരവിപ്പിച്ചതും 4 വർഷം മുൻപാണ്.

വാഹനാപകടം, തുടർ പരുക്കുകൾ, ശസ്ത്രക്രിയ, കോവിഡ് എന്നിങ്ങനെ അതിനുശേഷവും തിരിച്ചടികൾ ഒന്നൊന്നായി ഷമിയെ വേട്ടയാടിക്കൊണ്ടിരുന്നു. കരിയറിലെ മികച്ച ഫോമിലായിരുന്നിട്ടും ആദ്യ 4 മത്സരങ്ങളിൽ ടീമിനു പുറത്തിരിക്കേണ്ടിവന്നതായിരുന്നു ഈ ലോകകപ്പിൽ കണ്ടത്. ഒടുവിൽ ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതിനെത്തുടർന്നാണ് ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലൂടെ ടീമിൽ ഇടംനേടുന്നത്. പകരക്കാരനായി വന്ന് വിജയനായകനാകുന്ന പതിവ് ആവർത്തിച്ച മുഹമ്മദ് ഷമി 7 മത്സരങ്ങളിൽ നിന്നു വീഴ്‌ത്തിയത് 24 വിക്കറ്റുകളാണ്.

കൂടുതൽ വിക്കറ്റ്, മികച്ച ബോളിങ് ശരാശരി, സ്‌ട്രൈക്ക് റേറ്റ്, മികച്ച ബോളിങ് പ്രകടനം തുടങ്ങി ഈ ലോകകപ്പിലെ ഭൂരിഭാഗം വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും ഒന്നാംസ്ഥാനത്ത് ഷമിയുടെ പേരാണ്. അപ്പോഴും ഫൈനലിലെ തോൽവി ഷമിയെ വേദനിപ്പിച്ചു.ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽവച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കണ്ണീരണിഞ്ഞിരുന്നു. നിരാശയോടെ കണ്ണുനിറഞ്ഞ് ഗ്രൗണ്ടിൽനിന്നു നടന്നുപോകുന്ന രോഹിത് ശർമയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിജയിക്കാനുള്ള എല്ലാ ശ്രമവും ടീമിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും എന്നാൽ തോറ്റുപോയെന്നും രോഹിത് ശർമ മത്സര ശേഷം പ്രതികരിച്ചു. ”20 – 30 റൺസ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഞങ്ങൾ 270- 280 റൺസിലേക്കെത്താനാണു ശ്രമിച്ചത് എന്നാൽ വിക്കറ്റുകൾ വീണു.” രോഹിത് ശർമ പ്രതികരിച്ചു.

മത്സരത്തിനു ശേഷം സങ്കടം സഹിക്കാനാകാതെ വിരാട് കോലിയുടേയും കണ്ണുകൾ നിറഞ്ഞു. തോൽവിക്കു പിന്നാലെ തൊപ്പികൊണ്ടു മുഖം മറച്ച് സങ്കടം ഒളിപ്പിക്കുന്ന കോലിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭാര്യ അനുഷ്‌ക ശർമ വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. മത്സരത്തിനു ശേഷം ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച വിരാട് കോലി ഒന്നും സംസാരിക്കാൻ നിൽക്കാതെയാണു മടങ്ങിയത്. ഏകദിന ലോകകപ്പിലെ മൂന്നാം കിരീടം നേടാമെന്ന ടീം ഇന്ത്യയുടെ സ്വപ്നമാണ് ഓസ്ട്രേലിയ ഫൈനലിൽ തല്ലിക്കെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button