Latest NewsKeralaNews

ദേശീയപാത പ്രവേശന അനുമതിയ്ക്ക് കേന്ദ്രം പുതിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു: ആക്സിസ് പെർമിറ്റിന് അപേക്ഷിക്കാം

തിരുവനന്തപുരം: ദേശീയ പാതയ്ക്ക് അഭിമുഖമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും പ്രവേശന പാത ഒരുക്കുന്നതിനും കേന്ദ്ര ഉപരിതല ഹൈവേ മന്ത്രാലയം മാർഗ്ഗ നിർദ്ദേശം പുതുക്കി പുറപ്പെടുവിച്ചു. ഇന്ധന ബങ്കുകൾ, വിശ്രമ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയ്ക്ക് പുതിയ നിബന്ധന ബാധകമാണ്. ദേശീയ പാതയിലെ സുഗമമായ വാഹന ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തിൽ ദേശീയ പാതയിലേക്ക് സർവ്വീസ് റോഡിൽ നിന്ന് വാഹനം പ്രവേശിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് നിർമ്മിച്ച കവാടങ്ങളിലൂടെ മാത്രമേ ഇനി പ്രവേശിക്കാനാകൂ.

Read Also: ഇത്ര തിരക്കുകൾക്കിടയിലും കേരളത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ തല അജിത്തിന് അഭിവാദ്യങ്ങൾ: പരിഹസിച്ച് വി.കെ പ്രശാന്ത്

ദേശീയ പാതയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നത് ദേശീയപാത പ്രഖ്യാപന ശേഷം അതെ രീതിയിൽ തുടരാൻ അനുവദിക്കില്ല. മീഡിയനുള്ള നാലുവരി ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും ദേശീയ പാതയിലെ വാഹന ഗതാഗതത്തിന്റെ ഒഴുക്കിന് തടസ്സം വരാത്തവിധത്തിലായിരിക്കണം. ഇതിന് നിശ്ചിത വഴികൾ മാത്രമായി പരിമിതപ്പെടുത്തും. വഴിയോരകച്ചവടത്തിലൂടെ ഉണ്ടാകുന്ന ദേശീയപാതയിലെ കൈയ്യേറ്റമാണ് അപകടമേഖലകൾ ഉണ്ടാകുന്നതിൽ പ്രധാന ഘടകം. ഇത് റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അപകടമേഖലയാകാൻ സാധ്യതയുള്ള സ്ഥലത്ത് പ്രവേശനം അനുവദിക്കില്ല. ഉപറോഡുകൾ വരുന്നതും വലിയ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കണം. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ഇന്ധന ബങ്ക്, വഴിയോര വിശ്രമ കേന്ദ്രം, ആശുപത്രികൾ എന്നിവയ്ക്ക് ദേശീയപാതയിൽ നിന്ന് പ്രവേശന കവാടം സ്ഥാപിച്ചുകിട്ടുന്നതിന് ഫീസ് ഒടുക്കി അപേക്ഷിക്കാം. ദേശീയപാത പ്രോജക്റ്റ് ഡയറക്ടർക്കോ ഡെ. ജനറൽ മാനേജർക്കോ ഓൺലാനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനകം അപേക്ഷകനെ ഹിയറിങിന് വിളിക്കും. ദേശീയപാത റീജിയണൽ ഓഫീസറോ എക്‌സിക്യൂട്ടീവ് ഡയറക്ടറോ അപേക്ഷകന്റെ വാദവും ഫീൽഡ് ഓഫീസർമാരുടെ റിപ്പോർട്ടും പരിശോധിച്ച ശേഷം താൽക്കാലിക അനുമതി നൽകും. ദേശീയപാത ഭരണവിഭാഗത്തിന്റെ താൽക്കാലിക ലൈസൻസ് ലഭിച്ചവർക്ക് നിബന്ധന പാലിച്ച് പ്രാരംഭ പ്രവർത്തനം ആരംഭിക്കാം. കൃത്യമായ ഇടവേളകളിൽ ദേശീയ പാത അധികൃതർ പരിശോധന നടത്തി തെറ്റുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെടും. സമയബന്ധിതമായി തിരുത്തിയില്ലെങ്കിൽ താൽക്കാലിക ലൈസൻസ് റദ്ദാക്കാനുള്ള അധികാരവും ദേശീയപാത ഭരണവിഭാഗത്തിനുണ്ട്.

ജില്ലയിൽ ദേശീയ പാത 66 കടന്നു പോകുന്ന ചാവക്കാട്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികൾ, എടത്തിരുത്തി, ഏങ്ങണ്ടിയൂർ, കടപ്പുറം, കൈപ്പമംഗലം, മതിലകം, നാട്ടിക, ഒരുമനയൂർ, പെരിഞ്ഞനം, പോർക്കുളം, പുന്നയൂർ, പുന്നയൂർക്കുളം, ശ്രീനാരായണപുരം, തളിക്കുളം, വാടാനപ്പള്ളി, വലപ്പാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് ദേശീയ പാത പ്രവേശന കവാട അനുമതി (ആക്സിസ് പെർമിറ്റ്) ആവശ്യമായി വരുന്നത്. കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേസിന്റെ വെബ്‌സൈറ്റിൽ ആർഡബ്ല്യു-എൻഎച്ച്-33032/01/2017എസ്&ആർ(ആർ) പേജ് സന്ദർശിച്ചാൽ ഇതുസംബന്ധിച്ച വിശദ വിവരം ലഭിക്കും.

Read Also: ഇത്ര തിരക്കുകൾക്കിടയിലും കേരളത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ തല അജിത്തിന് അഭിവാദ്യങ്ങൾ: പരിഹസിച്ച് വി.കെ പ്രശാന്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button