വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അമ്മയ്ക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ വിധി. അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് ഡല്‍ഹി ഹൈക്കോടതി അനുമതി നൽകി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനായി നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
പ്രേമകുമാരിയുടെ യാത്രയ്ക്കായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കി. മകളുടെ ജീവന്‍ രക്ഷിക്കാനായി ശ്രമിക്കുന്ന അമ്മ അതിനായി യെമനിലേക്ക് പോകുന്നതിന് ശ്രമിക്കുമ്പോള്‍ എന്തിനാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു. യമനിലേക്കുള്ള യാത്ര അനുമതി തേടിയാണ് അമ്മ പ്രേമകുമാരി ഹൈക്കോടതിയെ സമീപിച്ചത്. യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒപ്പം അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.
നിമിഷ പ്രിയക്കൊപ്പം താമസിച്ചിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ ഇവര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ പ്രിയ നിലവിലുള്ളത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ ആ രാജ്യത്തെ നിയമപ്രകാരം പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ ദയാധനം ആണ് കുടുംബം ആവശ്യപ്പെടുന്നതെന്നും യെമന്‍ ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.
Post Your Comments