Latest NewsNewsEntertainment

രഞ്ജിത്ത് മാനസികനില പരിശോധിക്കുന്നത് നല്ലതായിരിക്കും: വിനയൻ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ രംഗത്ത്. രഞ്ജിത്ത് മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതാണെന്നും മന്ത്രി സജി ചെറിയാൻ കയറൂരിവിട്ടതുകൊണ്ടാണ് രഞ്ജിത്ത് ഇങ്ങനെയൊക്കെ പറയുന്നത് എന്നുമാണ് വിനയൻ പറയുന്നത്. രഞ്ജിത്തിനെ സംരക്ഷിക്കുന്നത് സജി ചെറിയാൻ ആണെന്നും അദ്ദേഹം പറയുന്നു.

‘എന്റെ ആരോപണം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടാണ് കയറൂരിവിട്ടത് പോലെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഡോ. ബിജു ആള് കേറാത്ത സിനിമയുടെ സംവിധായകനാണെന്ന് രഞ്ജിത്ത് പറയുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് സാംസ്കാരിക വകുപ്പ് മന്ത്രിയോടാണ്. രഞ്ജിത്തിനോട് ഞാൻ ചോദിക്കാനില്ല. അയാൾ മറുപടി പറയില്ല. ബഹുമാനപ്പെട്ട മന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത്, അരവിന്ദനെ പോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ ഷാജി എൻ കരുണിനെ പോലെ 100 ദിവസമൊന്നും ഓടാത്ത പടമെടുക്കുന്നവർ ഇങ്ങനെ പരിഹസിക്കപ്പെടേണ്ടവരാണോ? മന്ത്രി മറുപടി പറയണം.

ഈ രാഷ്ട്രീയക്കാർ പരസ്പരം പറയുന്ന ഒരു വലിയ ഡയലോഗുണ്ട്, മാനസിക നില പരിശോധിക്കണമെന്ന്. ഇദ്ദേഹത്തോട് പറയുകയാണ് ഒന്ന് മാനസിക നില പരിശോധിക്കുന്നത് നല്ലതാണ്. പുള്ളിക്ക് വിദ്വേഷമുള്ള, ഇഷ്ടപ്പെടാത്ത വ്യക്തികളെ അധിക്ഷേപിക്കാനാണോ ഈ സ്ഥാനം ഉപയോഗിക്കേണ്ടത്? ഒരു മന്ത്രി ഇതിന് ഉത്തരം പറയണം. അവാർഡിൽ ഇടപെട്ടു എന്ന വ്യക്തമായ തെളിവ് നൽകിയിട്ട് അങ്ങനെയൊന്നും അദ്ദേഹം ചെയ്യില്ല, ഇതിഹാസമാണ് അയാൾ എന്ന് പറഞ്ഞ മന്ത്രി സജി ചെറിയാൻ ആണ് ഇപ്പോഴത്തെ ഈ സ്ഥിതിക്ക് ഉത്തരവദി എന്നാണ് എന്റെ അഭിപ്രായം’, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയൻ.

പതിനഞ്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒമ്പത് പേരാണ് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം നടക്കുന്ന സമയത്ത് തന്നെ രഞ്ജിത്തിനെതിരെ സമാന്തര യോഗം ചേര്‍ന്നത്. കുക്കുപരമേശ്വരന്‍, നടന്‍ ജോബി, നിര്‍മാതാവ് മമ്മി സെഞ്ച്വറി എന്നിവരുള്‍പ്പെടെയുള്ളവരാണ് സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇനി നിലനിര്‍ത്തരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുകയാണ് രഞ്ജിത്ത്. ആരെയും വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യ രീതിയിലാണ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button