KozhikodeLatest NewsKeralaNattuvarthaNews

തനിക്കെതിരെ പോലീസ് ബാനര്‍ കെട്ടിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം’: ബാനര്‍ കെട്ടിയ സംഭവം ഗൗരവതരമെന്ന് ഗവർണർ

കോഴിക്കോട്: തനിക്കെതിരെ കാലിക്കറ്റ് സർവ്വകലാശാലയിൽ ബാനര്‍ കെട്ടിയ സംഭവം ഗൗരവമായി കാണുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ആണ് കറുത്ത ബാനര്‍ കെട്ടിയതെന്നും ​ഗവർണർ ആരോപിച്ചു.

‘മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അപകീർത്തികരമായ ബാനര്‍ സ്ഥാപിച്ചത്. ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണ്,’ രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം: എംഎ ബേബി

ഞായറാഴ്ച ഉച്ചക്കാണ് സര്‍വകലാശാല ക്യാമ്പസിൽ തനിക്കെതിരെയുള്ള ബാനറില്‍ ഗവര്‍ണര്‍ ആദ്യം അതൃപ്തി പ്രകടിപ്പിച്ചത്. എന്നിട്ടും ബാനര്‍ നീക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും കയര്‍ക്കുകയായിരുന്നു. വൈകുന്നേരം ഗവര്‍ണര്‍ നേരിട്ട് വന്ന് പൊലീസുകാരോട് ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയാണ് വന്നിരുന്നതെങ്കില്‍ നിങ്ങള്‍ ഇത് ചെയ്യുമായിരുന്നോ എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല വിസിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍ ശകാരിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഗവർണർക്കെതിരായി എസ്എഫ്ഐ കറുത്ത നിറത്തിലുള്ള ബാനറുകൾ ഉയര്‍ത്തിയത്. ‘ചാന്‍സലര്‍ ഗോ ബാക്ക്’ എന്ന് ഇംഗ്ലീഷിലും ‘സംഘി ചാന്‍സര്‍ വാപസ് ജാവോ’ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയത്. ‘മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’ എന്ന എഴുതിയ മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button