News

ദാവൂദ് ഇബ്രാഹിം മരിച്ചോ? എന്ന ചോദ്യത്തിന് ‘ഭായ്’ ‘1000% ഫിറ്റ് ആണെന്ന്’ സഹായി ഛോട്ടാ ഷക്കീല്‍

പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സുരക്ഷാ വലയമുള്ളപ്പോള്‍ വിഷം കലര്‍ത്താനുള്ള സാധ്യതയില്ലെന്ന് ഛോട്ടാ ഷക്കീല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതും, ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു.

Read Also: രാജ്യത്തെ കൊവിഡ് കേസുകളില്‍ 89 ശതമാനവും കേരളത്തില്‍ നിന്ന്, കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പുതുക്കി കേന്ദ്രം

കറാച്ചിയില്‍ വെച്ച് വിഷബാധയേറ്റ 65കാരനായ ദാവൂദ് ഇബ്രാഹിന്റെ ആരോഗ്യനില ഗുരുതരമാണെന്നും കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ദാവൂദ് ഇബ്രാഹിം മരിച്ചുവെന്നും, അജ്ഞാതര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നും വാര്‍ത്ത പരന്നു. പാക് ഇടക്കാല പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ ഐഡിയില്‍ നിന്നായിരുന്നു പ്രചാരണത്തിന് തുടക്കം. ഇത് പിന്നീട് സമൂഹ  മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനിടെ പാകിസ്ഥാനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് കട്ടായതും, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങി സമൂഹ മാധ്യമങ്ങള്‍ നിശ്ചലമായതും വാര്‍ത്തയ്ക്ക് ആക്കം കൂട്ടി.

എന്നാല്‍  പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും, ഭായ് 1000% ഫിറ്റ് ആണെന്നുമുള്ള ദാവൂദിന്റെ അടുത്ത സഹായി ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

അണ്ടര്‍ വേള്‍ഡ് ഡോണ്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞു. മരണം സംബന്ധിച്ച കിംവദന്തികള്‍ അടിസ്ഥാനരഹിതമാണെന്നും ഈയടുത്ത് പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ദാവൂദിനെ കണ്ടതായും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി. ദാവൂദ് ‘1000 ശതമാനം’ ഫിറ്റാണെന്ന് ഷക്കീല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ സുരക്ഷാ വലയമുള്ളപ്പോള്‍ വിഷം കലര്‍ത്താനുള്ള സാധ്യതയില്ലെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഏജന്‍സികള്‍ തേടുന്ന കൊടും കുറ്റവാളികളിലൊരാളായ ദാവൂദ്, വര്‍ഷങ്ങളായി കറാച്ചിയിലാണ് കഴിയുന്നത്. ഇന്ത്യയില്‍ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജന്‍സികള്‍ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാല്‍, ദാവൂദ് കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു.

കറാച്ചിയിലെ ഡിഫന്‍സ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ആദ്യ ഭാര്യ മെഹ്ജബീന്‍ ശൈഖുമായുള്ള ബന്ധം നിലനില്‍ക്കെ പാകിസ്ഥാനില്‍ നിന്നും പഠാന്‍ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

1993ലെ മുംബൈ സ്‌ഫോടനത്തോടെയാണ് അധോലോക നായകനായി വളര്‍ന്ന ദാവൂദ് ഇബ്രാഹിം കൊടും കുറ്റവാളി പട്ടികയിലായത്. മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അല്‍ഖ്വയ്ദ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button