Latest NewsKeralaNews

‘അപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദൈവമുണ്ടോ?’; വാസവന്റെ പിണറായി പുകഴ്ത്തൽ ട്രോളുകളിൽ നിറയുമ്പോൾ

വർക്കല: ദൈവം കേരളത്തിന് നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞത് ഏറ്റെടുത്ത് ട്രോളർമാർ. വാസവന്റെ പിണറായി പുകഴ്ത്തൽ പരിഹാസങ്ങൾക്ക് കാരണമായിരിക്കുകയാണ്. ദൈവ പരാമര്‍ശവുമായി ബന്ധപ്പെട്ട വീഡിയോയ്ക്കു പിന്നാലെ കമന്റുകളും ട്രോളുകളും നിറയുകയാണ്. അപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദൈവമുണ്ടോയെന്നതാണ് പ്രധാന ചോദ്യം. അപ്പോള്‍ കേരളത്തിന്റെ വരദാനമല്ലേയെന്ന മറുചോദ്യവും ഉയരുന്നുണ്ട്.

കാലം കാത്തുവെച്ച കർമ്മയോഗിയാണ് മുഖ്യമന്ത്രി എന്നായിരുന്നു വാസവൻ പറഞ്ഞത്. കോവിഡിൽ നിന്നും പ്രളയത്തിൽ നിന്നും കേരളത്തെ രക്ഷിച്ചത് പിണറായി വിജയനാണെന്നും മന്ത്രി പറഞ്ഞു. നാലു ലക്ഷത്തിൽപരം വീടുകൾ വെച്ചുകൊടുത്തിട്ട് ഒരിടത്തു പോലും മുഖ്യമന്ത്രിയുടെ പടം വെയ്ക്കണമെന്ന് ഇടതുപക്ഷം പറഞ്ഞില്ലെന്നും വി എൻ വാസവൻ ചൂണ്ടിക്കാട്ടി. ദൈവം കേരളത്തിനു നല്‍കിയ വരദാനമാണ് പിണറായി വിജയന്‍ എന്നും അങ്ങനെയുള്ള ഈ മുഖ്യമന്ത്രിയെ തൊടാന്‍ സതീശനല്ല, സുധാകരനല്ല, നിങ്ങളൊന്നാകെ കലി തുള്ളി വന്നാലും കേരളജനത സമ്മതിക്കില്ലെന്നായിരുന്നു വാസവൻ പറഞ്ഞത്.

‘ക്രിസ്മസ് കരോൾ സംഘങ്ങൾക്ക് ഭയപ്പെടാതെ നടക്കാൻ പറ്റുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് അഭിമാനത്തോടെ പറയും. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരിൽ മനുഷ്യൻ അന്യോനം അങ്കക്കോഴികളെ പോലെ ആഞ്ഞടുക്കുന്ന സാമൂഹികാന്തരീക്ഷം ഇല്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാൽ അതിന്റെ പേരാണ് ഈ കൊച്ചു കേരളം. എന്താണ് കേരളത്തിന് അങ്ങനെ സംഭവിക്കാൻ കാരണം? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എടുത്തുവരുന്ന നയസമീപനങ്ങൾ എടുക്കുമ്പോൾ അത് മതനിരപേക്ഷതയുടെ ഉള്ളടക്കമാണ്. മതനിരപേക്ഷതയുടെ സംസ്‌കാരം പിണറായി സർക്കാർ ഉയർത്തി പിടിക്കുന്നു. അത് മന്ത്രമോ തന്ത്രമോയല്ല നയപരമായ സമീപനമാണ്’, വാസവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button