Latest NewsIndia

മുതിർന്ന നേതാക്കള്‍ യാഥാർത്ഥ്യം മറച്ചു വെച്ച് തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി, തിരിച്ചു പറഞ്ഞ് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ യാഥാര്‍ത്ഥ്യം മറച്ച് വച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഘട്ടിലെയും പ്രമുഖ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. എന്നാൽ എഐസിസി നേതൃത്വത്തിനും തോല്‍വിയില്‍ പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു. രണ്ടാം ഭാരത് ജോഡോ യാത്ര ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള‍െ ബാധിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടിക്ക് കനത്ത ആഘാതമായെന്ന് രാഹുല്‍ ഗാന്ധി. അശോക് ഗലോട്ട്, കമല്‍നാഥ്, ദിഗ് വിജയ് സിംഗ്, ഭൂപേഷ് ബാഗേല്‍ എന്നീ നേതാക്കള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയ ഉറപ്പില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണ്ണമായും അവര്‍ക്ക് വിട്ടു നല്‍കി. എന്നാല്‍ യഥാര്‍ത്ഥ സാഹചര്യം മനസിലാക്കാതെ ഊതി പെരുപ്പിച്ച വിവരങ്ങള്‍ നേതൃത്വത്തെ ധരിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു.

സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ജനറല്‍സെക്രട്ടറിമാരെയും നിര്‍ത്തിപ്പൊരിച്ചു. എന്നാല്‍ ദിഗ് വിജയ് സിംഗ് രാഹുലിനോട് എതിര്‍ത്ത് നിന്നു. സഖ്യത്തിനുള്ള സമാജ് വാദി പാര്‍ട്ടിയുടേതടക്കം ആഹ്വാനം തള്ളിയതില്‍ കമല്‍നാഥിനും എഐസിസി നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു. നേതൃത്വങ്ങളെ തിരുത്താന്‍ ശ്രമിച്ച കാര്യവും ദിഗ് വിജയ് സിംഗ് ഓര്‍മ്മപ്പെടുത്തി. തിരിച്ചടികള്‍ തിരിച്ചറിഞ്ഞ് ലോക് സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ കെ സി വേണുഗോപാല്‍ പറഞ്ഞു.

ലോക് സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി രണ്ടാം ഭാരത് ജോഡോയാത്രയുമായി രാഹുല്‍ ഗാന്ധി ഇറങ്ങുകയാണ്. ജനുവരി രണ്ടാം വാരം മുതല്‍ തുടങ്ങാനാണ് ആലോചന. എന്നാല്‍ തൊട്ടുമുന്‍പിലുള്ള ലോക് സഭ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് വേണം യാത്രയെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെ തീയതിയില്‍ അന്തിമ തീരുമാനമായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button